സത്യം പറഞ്ഞാൽ വിശ്വസിക്കാം ഇത് ബോറടിക്കില്ല…!!

0

സത്യം പറഞ്ഞാൽ വിശ്വസിക്കുവോ റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

‘ഒരു വടക്കൻ സെൽഫി’ എന്ന ആദ്യ ചിത്രത്തിന് ശേഷം സംവിധായകൻ പ്രജിത്ത് “സത്യം പറഞ്ഞാൽ വിശ്വസിക്കുവോ” എന്ന സിനിമയുമായി എത്തുമ്പോൾ സംവിധായകന്റെ സംവിധാനമികവിന്റെ പിൻബലത്തിൽ കണ്ടിരിക്കാം. ബിജുമേനോൻ, സംവൃത സുനിൽ തുടങ്ങി ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തിയവർ എല്ലാം തന്നെ അവരുടെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട്ടം നേടുന്നുണ്ട്.

 

 

 

ബിജുമേനോൻ അവതരിപ്പിക്കുന്ന സുനിൽ (സുനി) എന്ന കഥാപാത്രം നാട്ടിൻ പുറത്തെ സാധാരണക്കാരനായ വാർക്ക പണിക്കാരനാണ്. സംവൃതയുടെ കഥാപാത്രമായ ഗീതയെ അയാൾ പണിക്ക് ചെന്നിടത്ത് നിന്ന് പ്രണയിച്ച് വിളിച്ചിറക്കിക്കൊണ്ടു വന്നതാണ്.

 

 

 

പണി കഴിഞ്ഞുള്ള കള്ളുകുടി കമ്പനി നിമിത്തം അയാൾ ഏറെക്കുറെ സാമ്പത്തിക പ്രതിസന്ധിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷനേടാൻ എന്നോണം സുനിയുടെ മുന്നിൽ ഒരു മാർഗ്ഗം തെളിഞ്ഞു വരുന്നു. അതിൽ അയാൾ സുഹൃത്തുക്കളെക്കൂടി പങ്കാളികളാക്കുന്നു. തുടർന്ന് അങ്ങോട്ട് അവരുടെ ജീവിതത്തെ തന്നെ ബാധിക്കുന്ന പ്രശ്നമായി മാറുന്നതാണ് സിനിമയുടെ പ്രധാന പ്രമേയ പശ്ചാത്തലം.

 

 

 

നാട്ടിൻ പുറത്തെ കുഞ്ഞുകുഞ്ഞ് വൈരാഗ്യങ്ങളും തമാശകളും ഒക്കെയായി മുന്നേറുന്ന സിനിമ പ്രധാന കഥാവഴിയിലേക്ക് കയറുന്നത് ഇടവേളയ്ക്ക് ശേഷമാണ്. ലോജിക്കലി ചോദ്യം ചെയ്യാവുന്ന ചില മിസ്റ്റേക്കുകൾ സിനിമയിൽ ഉണ്ടെങ്കിലും അവയെല്ലാം സംവിധായകൻ അഭിനേതാക്കളുടെ പ്രകടനം കൊണ്ടും എഡിറ്റിംഗ് കൊണ്ടും മറികടന്നിരിക്കുന്നു എന്നത് എടുത്തു പറയേണ്ടകാര്യമാണ്. താമരയായുള്ള സുധികോപ്പയുടെ പ്രകടനം ചിത്രത്തിൽ വേറിട്ടുനിൽക്കുന്നുണ്ട്.

 

 

 

ബിജു മേനോൻ സുനി എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. സംവൃത സുനിൽ രണ്ടാം വരവ് നല്ലതാക്കി. അലൻസിയർ, സുധി കോപ്പ, ദിനേഷ് പണിക്കർ, മംഗൾ , ശ്രീലക്ഷ്മി, ശ്രീകാന്ത് മുരളി,ഭഗത് മാനുവൽ, ധർമജൻ ബോൾഗാട്ടി, ജാഫർ ഇടുക്കി, സൈജു കുറുപ്പ്, സുധീഷ്, വെട്ടുകിളി പ്രകാശ്, ശ്രുതി ജയൻ, സുരേഷ് കുമാർ, അരുൺ, ജോണി ആന്റണി എന്നിവരും അവരവരുടെ കഥാപാത്രങ്ങളെ ചിത്രത്തിൽ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു.

 

 

 

തിരക്കഥാകൃത്ത് ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ കഴിഞ്ഞ ചിത്രമായ തൊണ്ടിമുതലിന് മുകളിൽ എത്തി നിൽക്കുന്ന ചിത്രമാക്കാൻ സാധിച്ചേനെ ഈ സിനിമയെ. ഏറെക്കുറെ റിയലിസ്റ്റിക്കായ ആഖ്യാനരീതിയാണ് ചിത്രത്തിന്റേത്. എന്നാലും പ്രേക്ഷകന് ബോറടിക്കാതെ കണ്ടിറങ്ങാവുന്ന സിനിമ തന്നെയാണ് “സത്യം പറഞ്ഞാൽ വിശ്വസിക്കുവോ”.

 

 

 

You might also like