സ്ത്രീപക്ഷ അതിജീവനത്തിന്റെ സ്റ്റാന്‍ഡ് അപ്പ് ; റിവ്യൂ വായിക്കാം.

0

സ്റ്റാന്‍ഡ് അപ്പ് റിവ്യൂ: മീര ജോൺ

സംസ്ഥാന അവാര്‍ഡ് നേടിയ വിധു വിന്‍സന്റെ “സ്റ്റാന്‍ഡ് അപ്പ്” ചർച്ച ചെയ്യുന്നത് സമകാലിക പ്രസക്തിയുള്ള ഒരു വിഷയമാണ്. കോമഡിയില്‍ തുടങ്ങി ജീവിത യാഥാര്‍ഥ്യങ്ങളിലൂടെ സഞ്ചരിച്ച് പ്രേക്ഷകരുടെ മനസ്സു നിറയ്ക്കുന്ന കഥാഗതിയാണ് സ്റ്റാന്‍ഡ് അപ് എന്ന് ഒറ്റ വാചകത്തില്‍ പറയാം.

 

 

 

 

കീര്‍ത്തി, ദിയ എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ കീര്‍ത്തിയായി നിമിഷ സജയനും ദിയയായി രജിഷ വിജയനുമാണ് എത്തുന്നത്. കീര്‍ത്തി ഒരു സ്റ്റാന്‍ഡ് അപ് കോമഡി ആര്‍ട്ടിസ്റ്റാണ്. തന്റെ ജീവിത സാഹചര്യങ്ങളെ കോര്‍ത്തിണക്കിയാണ് അവള്‍ സമൂഹം നേരിടുന്ന വലിയൊരു പ്രതിസന്ധിയെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത പ്രയോഗമാണ് സ്റ്റാന്‍ഡ് അപ്. ലൈംഗികമായും കായികമായും ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിക്ക് ഒരാള്‍ എത്രത്തോളം പിന്തുണ നല്‍കണമെന്നാണ് സ്റ്റാന്‍ഡ് അപ്പിലൂടെ തുറന്നു കാട്ടുന്നത്.

 

 

 

 

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മത്സരത്തിലൂടെയാണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. തന്റെ ജീവിതം തന്നെ പറയുന്ന കീര്‍ത്തിയുടെ കഥ കോമഡി അല്ല, മറിച്ച് വളരെ ഗൗരവമേറിയ വിഷയമാണ്. വിഷയം തമാശ അല്ലെങ്കിലും തമാശയാക്കാന്‍ ശ്രമിക്കുന്നത് തന്റെ മുന്നിലിരുന്ന് ഈ കഥകളെല്ലാം കേള്‍ക്കുന്ന കൂട്ടുകാരിയുടെ ജീവിതാനുഭവം മറ്റുള്ളവര്‍ക്കും ഒരു പാഠമാകാന്‍ വേണ്ടിയാണ്. കീര്‍ത്തിയുടെ സുഹൃത്തിന്റെ കഥയാണ് ചിത്രം. കീര്‍ത്തിയുടെ സഹോദരനായ അമലും ദിയയും തമ്മില്‍ അടുക്കുന്നതും പ്രണയത്തിലാകുന്നതും ഇത് സൗഹൃദ വലയത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. ഇരയാക്കപ്പെടുന്ന പെണ്‍കുട്ടിക്ക് എതിര്‍ഭാഗത്തുള്ളത് സ്വന്തം സഹോദരനാണെങ്കിലും ഒരു പെണ്ണായ തനിക്കു ബാധ്യതയുണ്ടെന്ന് വിശ്വസിക്കുകയാണ് കീര്‍ത്തി. പെണ്ണിനെ തിരിച്ചറിയാന്‍ ഒരു പെണ്ണിനു കഴിയുന്നതിന്റെ കാരണങ്ങളും അവള്‍ വിശദീകരിക്കുന്നു. ഇതു തന്നെയാണവള്‍ നര്‍മം കലര്‍ത്തി തുടക്കത്തില്‍ തന്നെ പറഞ്ഞു തുടങ്ങുന്നതും. ഒടുവില്‍ സ്വന്തം വീട്ടുകാരെ പിണക്കി വീടുവിട്ടിറങ്ങി സത്യത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്യേണ്ടി വരുന്നു അവള്‍ക്ക്.

 

 

 

 

 

ഉയരെ എന്ന ചിത്രത്തിലെ ആസിഫ് അലി ചെയ്ത ഗോവിന്ദ് എന്ന കഥാപാത്രവുമായി ചിത്രത്തിലെ നായകന് സാമ്യമുള്ളതായി തോന്നാം. തന്റെ കാമുകി അവളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് നീങ്ങുമ്പോള്‍ അവളെ വിവാഹമെന്ന ചട്ടകൂട്ടിലേയ്ക്ക് വലിച്ചിടാന്‍ ശ്രമിക്കുന്നതോടു കൂടി അവരുടെ പ്രണയം ദിയയുടെ മേലുള്ള അമലിന്റ അധികാരം സ്ഥാപിക്കലായി മാറുന്നു. പ്രണയിക്കാന്‍ ഒരു കാരണമുണ്ടെങ്കില്‍ അത് വേണ്ടെന്നു വയ്ക്കാനും ഒരാള്‍ക്ക് കാരണമുണ്ടെന്നാണ് ദിയ എന്ന കഥാപാത്രത്തിന്റെ പ്രഖ്യാപനം.

 

 

 

 

 

അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു പെണ്‍കുട്ടിയെ രണ്ടു സുഹൃത്തുക്കള്‍ കാറില്‍ ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നിടത്താണ് കഥയുടെ തുടക്കം. പെണ്‍കുട്ടി ശാരീരികമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തിരിച്ചറിയുന്ന ഡോക്ടര്‍ വിവരം പൊലീസിനെ അറിയിക്കുകയും പൊലീസ് യുവാക്കളെ സംശയിക്കുകയും ചെയ്യുന്നു. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുന്ന പൊലീസ് മുറയെ പരിഹസിക്കാനും ചിത്രം മറന്നില്ല. പ്രണയമെന്നാല്‍ പുരുഷ സമൂഹത്തിന് മാത്രമുള്ളതല്ല, പെണ്‍കുട്ടികള്‍ക്കും അവരുടെ നിലപാടുകള്‍ക്ക് അംഗീകാരം വേണമെന്ന് പറയുന്ന ചിത്രം സ്ത്രീ പക്ഷത്ത് നിന്ന് പ്രേക്ഷകരെ ഏറെ ചിന്തിപ്പിക്കുന്നു. തന്നെ അതിക്രൂരമായി പീഡിപ്പിച്ച ആണിനെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന കുടുംബത്തിന്റെ ചിത്രം അസ്വസ്ഥമായി തോന്നാമെങ്കിലും പൊതുബോധത്തിന്റെ ഈ ശരിയെ നിശിതമായി വിമര്‍ശിക്കുകയാണ് ചിത്രം. പീഡനത്തിനും ബലാത്സംഗത്തിനും ഇരയായവര്‍ ഇരകളല്ല മറിച്ച് അതിജീവിച്ചവരാണെന്ന് വിരല്‍ ചൂണ്ടികൊണ്ടാണ് ചിത്രം അവസാനിക്കുന്നത്.

 

 

 

 

 

വ്യത്യസ്ഥമായ രീതിയില്‍ കഥപറയാനുള്ള ശ്രമവും മികച്ച രീതിയില്‍ പ്രേക്ഷക പ്രതീക്ഷയെ സംതൃപ്തമാക്കാന്‍ സംവിധായക വിധു വിന്‍സെന്റിന് കഴിഞ്ഞിട്ടുണ്ട്. നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പോസിറ്റീവ്. സീമ, സജിത മഠത്തില്‍, ജോളി ചിറയത്ത്, രേജേഷ് ശര്‍മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥ്, അര്‍ജുന്‍ അശോകന്‍, വെങ്കിടേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ ഉമേഷ് ഓമനക്കുട്ടനും ഛായാഗ്രഹണം താബിന്‍ തോമസുമാണ്. ഡബ്ബിങിനു പുറമെ ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് സയനോരയാണ്. ഗായിക സയനോരയാണ് നിമിഷ സജയന് ശബ്ദം നല്‍കിയിരിക്കുന്നത്.

 

 

 

സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ തരക്കേടില്ലാതെ ആവിഷ്‌കരിച്ച ഒരു സിനിമയാണ് സ്റ്റാൻഡ് ആപ്പ്. ഒരു എന്റെർറ്റൈനെറോ ത്രില്ലറോ അല്ലാതെ മുഴുനീള സ്ത്രീപക്ഷ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ സ്റ്റാൻഡ് ആപ്പിന് ടിക്കറ്റ് എടുക്കാം.

 

 

You might also like