ത്രില്ലടിപ്പിച്ച് തടം.

0

തടം റിവ്യൂ: വൈഷ്ണവി മേനോൻ

 

 

ഹോളിവുഡ് ത്രില്ലർ സിനിമയോളം തമിഴ് സിനിമ വളർന്നില്ല എന്ന് പറയുന്നവർ മഗിഴ് തിരുമേനിയുടെ “തടം” ഒന്ന് കാണണം. മനോഹരമായ പ്രണയക്കഥയിലൂടെ തുടങ്ങുന്ന ചിത്രം ഏത് വഴിയിലൂടെയൊക്കെയാണ് സഞ്ചരിക്കുന്നത് എന്നോർത്ത് ആകാംഷാരായി അക്ഷമരായി തിയേറ്ററിൽ രണ്ടര മണിക്കൂർ ഇരിക്കാം.

 

 

 

 

 

 

ത്രില്ലർ സിനിമയുടെ എല്ലാ സവിശേഷതയും നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ഗൗതം മേനോന്റെ ശിഷ്യൻ ആയിരുന്ന മഗിഴ് തിരുമേനി സ്‌ക്രിപ്റ്റെഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘തടം’. യുവനടന്മാരിൽ ശ്രദ്ധിക്കപ്പെട്ട നടൻ അരുൺ വിജയ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇത്. ഒരു യഥാർത്ഥ കഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തിൽ ആർക്കിടെക്‌ടായ എഴിൽ, വടക്കൻ മദ്രാസുകാരനായ കെവിൻ എന്നീ കഥാപാത്രങ്ങളെ അനായാസം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ അരുൺ വിജയ്ക്ക് സാധിച്ചു. കേട്ടുപരിചയമുള്ള ഐഡന്റിക്കൽ ട്വിൻസിന്റെ കഥ തന്നെയാണ് തടത്തിലൂടെ മഗിഴ് പറയുന്നതെങ്കിലും മനുഷ്യനെ ത്രില്ലടിപ്പിച്ച് നഖം കടിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതിന്റെ സ്ക്രിപ്റ്റിനു സാധിച്ചുവെന്നതാണ് ചിത്രത്തിന്റെ വിജയം.

 

 

 

 

 

 

പലഭാഗങ്ങളിലും പാളി പോകാമെങ്കിലും അതിനെ കൃത്യമായി എല്ലാ പഴുതുകളും അടച്ചാണ് സ്ക്രിപ്റ്റ് റെഡിയാക്കിയിരിക്കുന്നത്. മേക്കിങ്ങിന്റെ കാര്യത്തിലും അസാധ്യമായ വർക്കാണ് ചിത്രത്തിന്റെ പിന്നണിയിൽ ഉള്ളവർ നടത്തിയിരിക്കുന്നത്. മഗിഴ് തിരുമേനി അവസാന അരമണിക്കൂർ പ്രേക്ഷകനെ മുൾമുനയിൽ നിർത്തി തലചൊറിയുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. മുൻപും ഐഡന്റിക്കൽ ട്വിൻസിന്റെ കഥകൾ കേട്ടിട്ടുണ്ടെകിലും ഇത്തരത്തിൽ വരച്ചുകാണിക്കുന്നത് ആദ്യമായാണ്. ഒരു യഥാർത്ഥ കഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണ് ഇതെന്നുള്ളത് മറ്റൊരു സവിശേഷത കൂടിയാണ് തടത്തിന്റെ.

 

 

 

 

 

 

വളരെ ഡീസെന്റും കൺസ്ട്രക്ഷൻ കമ്പനിയി ഉദ്യോഗസ്ഥനുമായ ഏഴിൽ എന്ന ആദ്യ കഥാപാത്രത്തിന്റെ പ്രണയത്തിലൂടെയാണ് തടം ആരംഭിക്കുന്നത്. ദീപിക (തനിയാ ഹോപ്പ്) എന്ന നായികാ കഥാപാത്രം സിനിമ നിരൂപകയാണ്. ഏഴിലും ദീപികയും തമ്മിൽ പ്രണയത്തിലാകുന്നു. അവിടെന്നു ചിത്രം നേരെ കവിൻ എന്ന ഇരട്ട കഥാപാത്രത്തിലേക്ക് സഞ്ചരിക്കുന്നു. കള്ളക്കടത്തും ചൂതാട്ടവുമാണ് കവിന്റെ തൊഴിൽ. യോഗി ബാബു അവതരിപ്പിക്കുന്ന സുരുളി പതിവുപോലെ കൂട്ടുകാരനായി കൂടെയുണ്ട്.

 

 

 

 

 

 

 

 

ചിത്രത്തിന്റെ ഇടവേളയോട് അടുത്ത് ഒരു മർഡർ നടക്കുകയും തെളിവുകൾ നായകന് എതിരായതിനാൽ രണ്ടുപേരും പോലീസ് കസ്റ്റഡിയിലാവുകയും ചെയ്തതോടെ പടത്തിന്റെ താളം മാറുന്നു. ഒരേപോലെയുള്ള രണ്ടു പേർ, രണ്ടു സ്വഭാവങ്ങൾ , ഒരു കൊലക്കേസ് ; ചിത്രത്തിൽ പോലീസ് ഉത്തരമുട്ടി നിൽക്കുപോലെ തന്നെ പ്രേക്ഷകനും ആകാംഷയുടെ മുൾമുനയിൽ നിൽക്കുന്നതും സംവിധായകന്റെ വിജയമാണ്. ഇരട്ടകഥാപാത്രങ്ങളിൽ പ്രേക്ഷകന് ആദ്യം സംശയം തോന്നുമെങ്കിലും രണ്ടാം പകുതിയിൽ ചിത്രത്തിനൊപ്പം പ്രേക്ഷക മനസ്സ് സഞ്ചരിക്കും.

 

 

 

 

 

 

എഴിലിന്റെ കാമുകിയായി എത്തുന്ന കഥാപാത്രം ചിത്രത്തിലെ പ്രധാന വഴിത്തിരിവാണ്. ദീപികയായി എത്തിയ തനിയാ ഹോപ്പ് കാമുകിയുടെ വേഷം തന്റെ കൈകളിൽ സുരക്ഷിതമാക്കി. കെവിന്റെ കട്ട ലോക്കൽ കൂട്ടുകാരനായ സുരളി എന്ന കഥാപത്രത്തെ യോഗി ബാബു നന്നായി കൈകാര്യം ചെയ്തു. മലർ എന്ന പോലീസ് വേഷത്തിൽ എത്തിയ മലയാളിയായ വിദ്യ പ്രദീപ് തന്റെ കഥാപാത്രത്തെ നന്നായി ചെയ്തു. വിജയൻ , ആനന്ദി , സോണിയ അഗർവാൾ , മീര കൃഷ്ണൻ , ജോർജ് മരിയൻ എന്നിവരാണ് മറ്റു താരങ്ങൾ.

 

 

 

 

 

 

 

ഗോപിനാഥിന്റെ ഛായാഗ്രഹണവും ശ്രീകാന്തിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ മാറ്റ് കൂട്ടി. 2012ൽ ഇറങ്ങിയ ‘തടയറ താക്ക’ എന്ന സിനിമയിലൂടെ തമിഴിന് ഒരു സൂപ്പർ ഹിറ്റ് സമ്മാനിച്ച ജോഡിയാണ് അരുൺ വിജയും മഗിഴും. ഇമൈക്കാ നൊടികൾ എന്ന ഹിറ്റ് സിനിമയിൽ അനുരാഗ് കശ്യപിന്നു ശബ്ദം കൊടുത്തത് മഗിഴാണ്. രാക്ഷസനു ശേഷം തമിഴിൽ ഇറങ്ങിയ അടിപൊളി ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് “തടം” എന്ന് നിസ്സംശയം പറയാം.

 

 

 

 

 

 

You might also like