മനുഷ്യ മനസ്സ് തുറക്കുന്ന “താക്കോൽ” : റിവ്യൂ

0

താക്കോൽ റിവ്യൂ: ധ്രുവൻ ദേവർമഠം

 

“താക്കോൽ” ആ പേരിന് വലിയ അർത്ഥ തലങ്ങളും മാനവുമുണ്ടെന്ന് മനസ്സിലാക്കി തരുന്ന ചിത്രമാണ് നവാഗതനായ കിരൺ പ്രഭാകർ രചനയും സംവിധാനവും നിർവ്വഹിച്ച താക്കോൽ എന്ന ചിത്രം. ക്രിസ്ത്യൻ പുരോഹിതൻമാരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് താക്കോൽ എന്ന ചിത്രത്തിന്റെ കഥാസഞ്ചാരം. മുരളിഗോപി, ഇന്ദ്രജിത്ത് സുകുമാരൻ, നെടുമുടി വേണു, രാജേഷ് ശർമ്മ, ലാൽ, സുദേവ് നായർ, രൺജി പണിക്കർ, ഇനിയ, ഡോക്ടർ റോണി, ഗോഗുലൻ, പി ബാലചന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

 

 

മാങ്കുന്നത്ത് പൈലി എന്ന വല്യച്ചനും അൾത്താരബാലനായ ആംബ്രോസ്വാസും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് ഒരു മനോഹരമായ നോവൽ വായിച്ച അനുഭവമാകും ചിത്രം നൽകുക.

 

 

 

മുരളി ഗോപി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് താക്കോൽ എന്ന ചിത്രത്തിലേത്. അത്രമേൽ വൈകാരികമായി തന്നെ മാങ്കുന്നത്ത് പൈലി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഉള്ളിൽ നിൽക്കും. അടുത്തവർഷത്തെ സംസ്ഥാന അവാർഡിൽ മികച്ച സഹനടനുള്ള അവാർഡിനായി പോലും പരിഗണിക്കത്തക്ക വിധത്തിലുള്ള പ്രകടനമാണ് താരം ചിത്രത്തിൽ നടത്തിയിരിക്കുന്നത്. ഇഷ്ട്ടമല്ലാഞ്ഞിട്ടും സെമിനാരിയിൽ വൈദിക വൃത്തിക്കായി ചേരേണ്ടി വരുന്ന ആംബ്രോസ് വാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച രീതിയിൽ തന്നെ ഇന്ദ്രജിത്ത് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആംബ്രോസിന്റെ കുട്ടിക്കാലം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഷാജി കൈലാസിന്റെ മകൻ റുഷിനാണ് . രസകരമായി തന്നെ കുട്ടി ആംബ്രേസിനെ അവതരിപ്പിച്ചിട്ടുണ്ട് റുഷിൻ. കുറച്ചു നേരം മാത്രമാണെങ്കിലും ക്ലമന്റ് എന്ന കഥാപാത്രമായി എത്തിയ രൺജി പണിക്കർ തന്റെ കഥാപാത്രത്തെ അവതരണത്തിന്റെ വ്യത്യസ്തത കൊണ്ട് വേറിട്ടു നിൽക്കുന്നതാക്കുന്നുണ്ട്.

 

 

 

 

ഗോവയും കോട്ടയവും പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആൽബിയാണ്. കഥ ആവശ്യപ്പെടുന്ന രീതിയിൽ കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളെയാണ് ആൽബി ക്യാമറയിൽ പകർത്തിയിരിക്കുന്നത്. ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിൽ ഒന്ന് അതിന്റെ ശബ്ദ നിർവ്വഹണമാണ് സിനിമയുടെ പ്രധാന ജീവനാഡിയായി അത് മാറുന്നുമുണ്ട്. റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തിയിരിക്കുന്നത്. ജയചന്ദ്രൻ ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമയോട് ചേർന്ന് നിൽക്കുന്നതാണ്.

 

 

 

 

 

കഥാപാത്രങ്ങളുടെ മാനസ്സിക സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ പതിഞ്ഞ താളത്തിലാണ് മുന്നേറുന്നത് അതിനാൽ തന്നെ സാധാരണ പ്രേക്ഷകർ സിനമയ്ക്ക് ഒപ്പം സഞ്ചരിക്കാൻ അൽപ്പം പ്രയാസപ്പെട്ടെക്കാം. മനുഷ്യ ജീവിതത്തിൽ നഷ്ട്ടപ്പെടുന്ന പല മൂല്യങ്ങളിലേക്കുമുള്ള തിരിഞ്ഞു നോട്ടവും തിരിച്ചറിവുകളുമാണ് താക്കോൽ എന്ന സിനിമ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്.

 

 

 

 

ഈ സിനിമയ്ക്ക് പശ്ചാത്തലമായി വന്ന വിഷയം ശരിക്കു പറഞ്ഞാൽ നോവലായി പുറത്തിറക്കിയിരുന്നെങ്കിൽ സാഹിത്യ അക്കാദമി അവാർഡ് നേടിയേനെ. കൂടാതെ മികച്ച രീതിയിൽ ഉള്ള സിനിമ ശ്രമം തന്നെയാണ് താക്കോൽ. സിനിമ പരീക്ഷണങ്ങൾ ഇഷ്ട്ടമുള്ള പ്രേക്ഷകർക്ക് ഷാജികൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകരൻ സംവിധാനം ചെയ്ത താക്കോൽ എന്ന ചിത്രത്തിനായി ടിക്കറ്റ് എടുക്കാം.

 

 

You might also like