തമാശയല്ലാത്ത തമാശ; റിവ്യൂ വായിക്കാം..

0

തമാശ റിവ്യൂ: പ്രിയ തെക്കേടത്

 

കറുത്തല്ലോ , മെലിഞ്ഞല്ലോ , മുടി പോയല്ലോ , തടിച്ചല്ലോ ….അങ്ങനെ തുടങ്ങുന്ന എത്രയേറെ ബോഡിഷെയിമിങ് വാക്കുകളാണ് നമ്മൾ സ്ഥിരം കേൾക്കുന്നത്. പറയുന്നവർക്ക് അത് വെറും തമാശയവും എന്നാൽ ഇതിന് ഇരയാകുന്നവർക്ക് അതത്ര തമാശയായി തോന്നാറില്ല. എന്തിന് പറയണം ഫേസ്ബുക്കിൽ നമ്മൾ ഇടുന്ന ഹഹ റിയാക്ഷൻ പോലും ഒരുതരത്തിൽ ബോഡിഷെയിമിങ് തന്നെയാണ്. ബോഡിഷെയിമിങ് തമാശയായി കാണുന്നവർക്കുള്ള ചെകിട്ടത്തടിക്കുന്ന മറുപടിയാണ് അഷ്റഫ് ഹംസ ഒരുക്കിയ “തമാശ”. സുഡാനി ഫ്രം നൈജീരിയ എന്ന പക്കാ ഫീൽ ഗുഡ് ചിത്രം സമ്മാനിച്ച ഹാപ്പി അവേഴ്‌സ് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് തമാശ നിർമിച്ചിരിക്കുന്നത്.

 

 

 

പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ (വിനയ് ഫോർട്ട് ) കോളജ് അധ്യാപകനാണ്. നിഷ്കളങ്കനും തന്റേതായ ലോകത്ത് ഒതുങ്ങി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാധാരണക്കാരൻ. തലയിൽ മുടിയില്ല എന്ന അപകർഷതാബോധം അയാളിൽ എപ്പോഴും ഉണ്ട്. മുടിയുടെ മാത്രം കുറവുകൊണ്ട് പല കല്യാണങ്ങളും മുടങ്ങുന്നു. ചുറ്റുമുള്ളവർക്കും പ്രേക്ഷകർക്കും ശ്രീനിയൊരു തമാശ കഥാപാത്രമായി തോന്നുമെങ്കിലും ചിത്രം മുന്നോട്ടു പോകുന്തോറും അയാൾ നമ്മളിലൊരാളാകുന്നു.പേര് ലളിതമാണെങ്കിലും പ്രമേയത്തിന്റെ മൂല്യം കൊണ്ടും അവതരണത്തിലെ കയ്യൊതുക്കം കൊണ്ടും മനോഹരമായ സൃഷ്ടിയാണ് തമാശ. മുഴുനീള തമാശ നിറഞ്ഞ ചിത്രം എന്ന നിലയിലല്ല സംവിധായകൻ ചിത്രത്തിന് ഇങ്ങനെയൊരു പേരിട്ടത്. പറഞ്ഞു പഴകിയ തമാശകളെ പൊളിച്ചടുക്കുന്ന ‘തമാശ’ മാറുന്ന കാലത്തിന്റെ മുഖചിത്രം കൂടിയാണിത്.മൂന്ന് നായികമാരാണ് ചിത്രത്തിൽ ശ്രീനി മാഷിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്.

 

 

 

ഒരാൾക്ക്‌ തന്നോടുള്ളത്‌ സ്‌നേഹമാണോ സഹതാപമാണോ എന്ന്‌ മനസ്സിലാക്കാതെ നിഷ്‌ക്കളങ്കമായി ആളുകളെ ഇഷ്‌ടപ്പെടുന്നയാളാണ്‌ ശ്രീനിവാസൻ. അയാൾക്ക്‌ മനസ്സിൽ തോന്നുന്നത്‌ മനസ്സിലാക്കി അവസാനം വരെ കണ്ടുപോയാലേ ബോഡി ഷെയ്‌മിങ്‌ ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന വേദന എത്രത്തോളമാണെന്ന്‌ വായിക്കാൻ കഴിയൂ. പെണ്ണുകാണാൻ പോകുന്നിടത്തും പ്രണയത്തിലുമെല്ലാം മുടി അയാളുടെ വ്യക്തിത്വത്തെക്കാളും മറ്റെന്തിനെക്കാളും മുഴച്ച്‌ നിൽക്കുന്നത്‌ ശ്രീനിക്ക്‌ തിരിച്ചറിയാൻ കഴിയുന്നുണ്ട്‌. അതിൽനിന്ന്‌ കരകയറാനുള്ള ഓരോ ശ്രമവും പരാജയപ്പെടുന്നു.

 

 

 

ചിന്നു(ചാന്ദിനി നായർ )വുമായി അടുത്തപ്പോൾ മുതലാണ്‌ അതിലൊരു മാറ്റം ഉണ്ടാകുന്നത്‌.ചിരിയിലും, നിരാശയിലുമെല്ലാം മികവാർന്ന അഭിനയം. മെലിഞ്ഞ ശരീരവും, പതിഞ്ഞ ശബ്‌ദത്തെയുമെല്ലാം യഥാർത്ഥ നായികയുടെ ലക്ഷണങ്ങളായി കാണുന്നിടത്ത്‌ അതിനെയെല്ലാം പൊളിച്ച്‌ അഭിനയമാണ്‌ എല്ലാം എന്ന്‌ ചിന്നു ഉറപ്പിക്കുന്നു. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ബോഡി ഷെയ്‌മിങ്ങുകൾക്ക്‌, യഥാർത്ഥത്തിൽ അത്‌ ചെയ്‌ത്‌ മാനസിക ഉല്ലാസം കണ്ടെത്തുന്നവർക്ക്‌ കണക്കിന്‌ കൊടുക്കുന്നുണ്ട്‌ ചിന്നു.

 

 

 

 

ഓരോ അഭിനേതാക്കളും അവരുടേതായ ഭാഗങ്ങളെ മനോഹരമാക്കാൻ മത്സരിച്ചു തന്നെ മുന്നിട്ട് നിന്നപ്പോൾ മനോഹരമായ ഗാനങ്ങളും മികച്ച ക്യാമറ വർക്കുകളും തമാശയെ കൂടുതൽ ഹൃദ്യമാക്കി. അറിയാതെ ആണെങ്കിൽ പോലും മറ്റൊരുവനെ അവന്റെ നിറത്തിന്റെ പേരിലോ ഉയരത്തിന്റെ പേരിലോ മറ്റേതെങ്കിലും കാരണത്താലോ കളിയാക്കിയിട്ടുള്ളവരാണ് നാമെല്ലാവരും. ചിലപ്പോൾ അത്തരത്തിൽ പരിഹാസിതനാകേണ്ടി വന്നവനോ വന്നവളോ ആകാം നാം. അതു കൊണ്ടു തന്നെ കാര്യമായി എടുക്കേണ്ട ഈ തമാശ നമ്മുടെ ജീവിത കഥ കൂടി തന്നെയാണ്.

 

 

 

You might also like