വാ നമുക്കൊരു തണ്ണീർമത്തൻ ജ്യൂസ് കുടിക്കാം !!! റിവ്യൂ വായിക്കം.

0

തണ്ണീർമത്തൻ ദിനങ്ങൾ റിവ്യൂ: പ്രിയ തെക്കേടത്

 

അപൂർവം ചില സിനിമകൾ ഉണ്ട് ചുമ്മാ അങ്ങ് തിയേറ്ററിൽ വന്നു പൊളിച്ചടുക്കി പോവുന്ന ചിത്രങ്ങൾ. അങ്ങനെ അവസാനമായി ആഘോഷമാക്കിയ ചിത്രമാണ് അൽഫോൻസ് പുത്രന്റെ ‘പ്രേമം’. അതിനു ശേഷം ഇതാ ഒരു കിടിലോസ്ക്കി സിനിമ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് “തണ്ണീർമത്തൻ ദിനങ്ങൾ”.

 

 

 

നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്‌ത ചിത്രം പേര് പോലെ തണ്ണീർ മത്തൻ മധുരം തന്നെയാണ് . പൊരിവെയിലത്ത് ക്ഷീണിച്ച് ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്ന പ്രതീതിയാണ് ചിത്രം കാണാൻ എത്തിയ പ്രേക്ഷകരുടെ പുഞ്ചിരിയിൽ നിന്ന് മനസിലാക്കുന്നത്. തിയേറ്ററിൽ നിന്നിറങ്ങുന്ന പ്രേക്ഷകരുടെ ചുണ്ടിലെ പുഞ്ചിരി തന്നെയാണ് ഈ സിനിമയുടെ വിജയം.

 

 

 

പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടം വിഷയമാക്കി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയിലൊന്നും കാണാത്ത റിയലിസ്റ്റിക്ക് അവതരണമാണ് ഈ കൊച്ചു ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നത്. വിനീത് ശ്രീനിവാസന്‍, കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു, ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായി മാറിയ അനശ്വര എന്നിവരെ ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തി കയ്യടി നേടുന്നത്.

 

 

 

ജെയ്സനാണ് നമ്മുടെ ഹീറോ. സെന്‍റ്.സെബാസ്റ്റ്യൻ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ക്കാരന്റെ മൂന്ന് സങ്കടങ്ങളാണ് നമ്മളെ പൊട്ടിചിരിപ്പിക്കുന്നത്. പ്ലസ് ടുകാലത്തെ ജീവിതം, അവന്‍റെ സുഹൃത്തുക്കള്‍, പ്രണയം, ശത്രുക്കള്‍ ഇതിലൂടെയാണ് സിനിമ കടന്നുപോകുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലെ ഫ്രാങ്കിയെ ഇനി എല്ലാരും മറക്കും കാരണം മാത്യു ജെയ്സനായി ജീവിക്കുകയാണ്. കൂടാതെ മറ്റു പുതുമുഖങ്ങളും അസ്സലായി തന്നെ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് .

 

 

 

 

ജെയ്സന്‍റെ പ്രണയിനിയായ കീര്‍ത്തിയായി എത്തുന്നത് ‘ഉദാഹരണം സുജാത’ ഫെയിം അനശ്വര രാജനാണ്. ജെയ്സനും കീര്‍ത്തിയും തമ്മിലുള്ള പ്രണയമുഹൂര്‍ത്തങ്ങളുടെ പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്. കൗമാര പ്രണയത്തിനൊപ്പം സൗഹൃദവും ആകാംക്ഷാ മുൾമുനകളിൽ നിർത്താത്ത കുട്ടിപ്രതികാരങ്ങളും തമാശകളുമൊക്കെയായി ഓരോ പ്രേക്ഷകനെയും തിയേറ്ററിൽ പിടിച്ചിരുത്തുന്നുണ്ട് ചിത്രം. രവി പദ്മനാഭൻ എന്ന സ്കൂൾ അധ്യാപകനായി എത്തുന്ന വിനീത് ശ്രീനിവാസൻ കരിയറിൽ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. വില്ലൻ ആണോ ഹാസ്യ താരമാണോ എന്ന് തീരുമാനിക്കേണ്ടത് കണ്ടിറങ്ങുന്ന പ്രേക്ഷന് വിട്ടു കൊണ്ടിരിക്കുകയാണ് സംവിധായകൻ. ഇർഷാദ് , ശബരീഷ് വർമ്മ, സജിൻ എന്നിവരുടെയും തമാശ രംഗങ്ങൾ പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്.

 

 

 

 

ജെയ്‌സന് മൂന്ന് പ്രധാന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കാതല്‍. സ്‌കൂളില്‍ പുതിയതായി പഠിപ്പിക്കാന്‍ വന്ന മലയാളം അധ്യാപകന്‍ രവി പദ്മനാഭനാണ് അവന്റെ ആദ്യത്തെ പ്രശ്‌നം. ക്ലാസില്‍ ഒപ്പം പഠിക്കുന്ന കീര്‍ത്തി എന്ന പെണ്‍കുട്ടിയോട് ജെയ്‌സണ് തോന്നുന്ന പ്രണയമാണ് രണ്ടാമത്തേത്. ജൂനിയര്‍ ക്ലാസിലെ പയ്യനുമായി നിലനില്‍ക്കുന്ന വൈര്യമാണ് മൂന്നാമത്തേത്. ജെയ്‌സന്റെ ഈ മൂന്ന് പ്രശ്‌നങ്ങള്‍ക്കും എങ്ങനെയാണ് പരിഹാരം ഉണ്ടാകുന്നതെന്ന് വളരെ മനോഹരമായി തന്നെ ചിത്രം പറഞ്ഞിരിക്കുന്നു.

 

 

 

നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സംഭാഷണങ്ങളും നര്‍മ്മങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഗിരീഷും ഡിനോയ് പൗലോസും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ്-സുഹൈല്‍ കോയ ടീം ഒരുക്കിയ ഗാനങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ജോമോന്‍.ടി.ജോണ്‍, വിനോദ് ഇല്ലംപിള്ളി എന്നിവരുടെ ക്യാമറ ചിത്രത്തിലെ പ്രധാന ഘടകമാണ്. പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജോമോന്‍.ടി.ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

 

 

You might also like