തട്ടുംപുറത്ത് അച്യുതൻ അഥവാ തട്ടിക്കൂട്ട് അച്യുതൻ.

0

തട്ടുംപുറത്ത് അച്യുതൻ റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

“തട്ടുംപുറത്ത് അച്യുതൻ” അഥവാ തട്ടിക്കൂട്ട് അച്യുതൻ. ലാൽ ജോസ് എന്ന കഴിവുള്ള സംവിധായകന്റെ ഏറ്റവും പുതിയ ചിത്രത്തെ അങ്ങനെ വിശേഷിപ്പിക്കേണ്ടിവരുന്നതിൽ ചിത്രത്തിന്റെ അവസ്ഥ എത്രത്തോളം ദയനീയമായിരിക്കുമെന്ന് ഊഹിക്കുക.

 

 

 

 

നാട്ടിൻ പുറത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണയും സിന്ധുരാജ്; ലാൽജോസിന് വേണ്ടി കഥയൊരുക്കിയിരിക്കുന്നത്. ഇതിന് മുൻപ് സിന്ധുരാജ് ലാൽ ജോസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എല്ലാ സിനിമകളും സാമ്പത്തികമായും പ്രേക്ഷക പ്രീതിയും നേടി വിജയ്ച്ച ചിത്രങ്ങൾ ആയതു കൊണ്ട് ഈ ചിത്രത്തെക്കുറിച്ച് പ്രതീക്ഷയുണ്ടാവുക സ്വാഭാവികം. ഈ കൂട്ടുകെട്ടിൽ ഉണ്ടായ ചിത്രങ്ങളിൽ ഏറെയും കുഞ്ചാക്കോബോബനായിരുന്നു നായകനെന്നതും ഈ ചിത്രം രസകരമാകും എന്ന പ്രേക്ഷകരുടെ പ്രതീക്ഷയാണ് തെറ്റിച്ചത്.

 

 

 

ഹൃദയസ്പർശിയായ കഥയെ കാഴ്ച്ചകാരന് ഇഷ്ട്ടപ്പെടുന്ന വിധം തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നതിൽ പരാജയപ്പെടുകയാണ് തട്ടുംപുറത്ത് അച്യുതൻ. ഇടയ്ക്കിടെ വിചിത്രമായ സ്വപ്നങ്ങൾ കാണുകയും അവയെല്ലാം ഫലിക്കുന്നതിന് സാക്ഷിയാവുകയും ചെയ്യേണ്ടി വരുന്ന കുഞ്ഞൂട്ടനെന്ന കുട്ടിയുടെ സ്വപ്നത്തിൽ നിന്നുമാണ് കഥ തുടങ്ങുന്നത്. നേരിട്ട് ഇതുവരെ കാണുക പോലും ചെയ്യാത്ത ഒരു ചെറുപ്പക്കാരന്റെ വിവാഹം മുടങ്ങുന്ന സ്വപ്നമാണ് ഒരുദിവസം കുഞ്ഞൂട്ടനെന്ന കുട്ടിയെ ഞെട്ടിയുണർത്തുന്നത്.

 

 

 

 

ചേലക്കര ഗ്രാമത്തിലെ പ്രളയത്തിനിടെയുള്ള രക്ഷാപ്രവർത്തനത്തിലാണ് കുഞ്ഞൂട്ടന്റെ അച്ഛൻ മരിക്കുന്നത്. അച്ഛന്റെ മരണത്തെ തുടർന്ന് കുഞ്ഞൂട്ടൻ അമ്മയുടെ നാട്ടിലേക്ക് താമസത്തിനെത്തുകയാണ് അവനും അമ്മയും. തൻ കണ്ട സ്വപ്നം വെറുതെയാവില്ലെന്നു വിശ്വസിക്കുന്ന കുഞ്ഞൂട്ടനെ ആ സ്വപ്നം ഉണർന്നിട്ടും വേട്ടയാടാൻ തുടങ്ങുന്നു. കുഞ്ഞൂട്ടൻ സ്വപ്നത്തിൽ കാണുന്ന യുവാവിനെ അതേ നാട്ടിൻപുറത്തു തന്നെ കാണുകയും ചെയ്യുന്നു. സ്വപ്നത്തിൽ കാണുന്ന ആ ചെറുപ്പക്കാരനാണ് അച്യുതൻ.

 

 

 

 

അച്യുതൻ വലിയ കൃഷ്ണഭക്തനാണ് പലചരക്കുകടയിലെ ജോലിയും അമ്പലക്കമ്മറ്റിയുടെ ചുമതലയും ഒക്കെയായി നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവനും കൂടിയാണ് കക്ഷി. കുഞ്ഞൂട്ടന്റെ സ്വപ്നത്തിന്റെ കഥയറിയുന്ന അച്യുതനെ അത് പതിയെ പതിയെ അലോസരപ്പെടുത്തി തുടങ്ങുന്നു. ചിത്രത്തിന്റെ സഞ്ചാരവഴിയിൽ പതിയെ പതിയെ കുഞ്ഞൂട്ടന്റെ സ്വപ്നം സത്യമായി തുടങ്ങുകയാണ്. ഇടയ്ക്കിടെ കുഞ്ഞൂട്ടൻ അച്യുതനെ കുറിച്ചുള്ള പുതിയ പുതിയ സ്വപ്നങ്ങൾ കാണുവാൻ തുടങ്ങുന്നു. അതിന് തുടർന്നങ്ങോട് അച്യുതന്റെ ജീവിതവും സംഭവബഹുലമായി തുടങ്ങുകയാണ്, സുഹൃത്തിനെ സഹായിക്കാൻ ഇറങ്ങി കള്ളനായി മാറേണ്ടി വരുന്നു.പിന്നെ പല തവണ ഏടാകൂടങ്ങളിൽ ചെന്നു കയറുമ്പോഴും കൃഷ്ണഭക്തി മാത്രമാണ് അച്യുതന് തുണയാകുന്നത്, ചിലപ്പോഴെല്ലാം അച്യുതൻ ‘കൃഷ്ണൻ’ തന്നെയായി മാറുന്നു. കൊച്ചൂട്ടന്റെ സ്വപ്നങ്ങളിലൂടെ അയാൾ തന്റെ വിധികളിലേക്ക് ചെന്നെത്തുകയാണ്.

 

 

 

സ്വപ്നവും യാഥാർത്ഥ്യവും യാദൃശ്ചികതകളുമൊക്കെ കൂടിക്കലരുന്ന പരീക്ഷണ രീതിയിയാണ് ഏറെക്കുറെ ചിത്രത്തിന് ബാധ്യതയായി മാറുന്നത് . ചിത്രത്തിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും ഏറെക്കുറെ സിന്ധുരാജിന്റെ മുൻ ചിത്രങ്ങളെ ഓർമ്മപ്പെടുത്തുന്നവയാണ് അതു തന്നെയാണ് മടുപ്പുളവാക്കുന്ന അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നതിനുള്ള മറ്റൊരു കാരണം.

 

 

 

 

ഒരു നാട്ടിൻപ്പുറ അന്തരീക്ഷത്തിന് വേണ്ടുവോളം സൃഷ്ട്ടിച്ചു കൊണ്ട് തന്നെയാണ് ചിത്രം ചലിക്കുന്നത്. നെടുമുടി വേണു, കൊച്ചുപ്രേമൻ, വിജയരാഘവൻ, സംവിധായകൻ ജോണി ആന്റണി, ഇർഷാദ്, ഹരീഷ് കണാരൻ, സേതുലക്ഷിയമ്മ, കലാഭവൻ ഷാജോൺ, താരകല്യാൺ, ബിന്ദുപണിക്കർ,​ ബിജു സോപാനം, സന്തോഷ് കീഴാറ്റൂർ, മാസ്റ്റര്‍ അദിഷ്, അനില്‍ മുരളി, സുബീഷ്, എന്നു തുടങ്ങി നിരവധിയേറെ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇതിൽ നായകന്റെ സുഹൃത്തായ ഹരീഷ് കണാരൻ , നായികയുടെ അമ്മയായ ബിന്ദു പണിക്കർ എന്നിവരാണ് തമ്മിൽ ഭേദം എന്നു പറയേണ്ട കഥാപാത്രങ്ങൾ. ഷാജോണിന്റെ സ്ഥിരം പോലീസ് വേഷം ഇതിലും കാണാം. കുഞ്ഞൂട്ടനായി എത്തിയ മാസ്റ്റർ അദിഷ് ചിത്രത്തിൽ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.

 

 

 

 

വീണ്ടും സുമുഖനായ നായകൻ എന്ന നിലയ്ക്ക് കുഞ്ചാക്കോ ബോബന്റെ കയ്യിൽ അച്യുതൻ ഭദ്രം. എന്നാൽ മുൻപ് കണ്ട അദ്ദേഹത്തിന്റെ തന്നെ പല കഥാപാത്രങ്ങളുടെയും ഛായാരൂപം ഇതിലും കാണാം. പുതുമുഖ നായികയായ ശ്രാവണ ലാൽ ജോസ് മലയാളത്തിന് നൽകിയതിൽ വച്ച് ഏറ്റവും മോശം അഭിനേത്രിയായാണ് തോന്നിയത്. എപ്പോഴും ദയനീയ ഭാവത്തോടെ , ധൈര്യമില്ലാത്ത പാവം പിടിച്ച കുട്ടിയുടെ മുഖവുമായി കഥയിൽ പലയിടത്തും വന്നുപോകുക എന്നതിനപ്പുറം യാതൊരു മുൻതൂക്കവും നായികയുടെ ജയലക്ഷ്മി എന്ന കഥാപാത്രത്തിനില്ല. ഇതുവരെയുള്ള ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബനൊപ്പം കെമിസ്ട്രി തോന്നിക്കാത്ത നായിക എന്നും വിശേഷിപ്പിക്കാം.

 

 

 

 

ദൃശ്യങ്ങൾ നന്നായെങ്കിലും ചിത്രത്തിലെ ആറ് ഗാനങ്ങൾ അസഹനീയമായി. ദീപാങ്കുരനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇതൊരു മ്യൂസിക് ആൽബം ആണോ അതോ മഴവിൽ മനോരമ ചാനലിലെ നായിക നായകൻ എന്ന പരിപാടിയുടെ പ്രചരണമാണോ എന്ന് സംശയം തോന്നുംവിധമാണ് ചിത്രത്തിന്റെ സഞ്ചാരം. റോബി വർഗീസ് രാജിന്റെ ഛായാഗ്രഹണം മികച്ചു നിന്നു. തട്ടിക്കൂട്ട് സിനിമകൾ ഒരുക്കി ജനങ്ങളെ പറ്റിക്കുവനാണ് ലാൽജോസിന്റെ ഇനിയുള്ള വരവെങ്കിൽ ഇഷ്ട സംവിധായകൻ എന്ന കുപ്പായം നഷ്ട്ടപ്പെടാൻ ഇടയാക്കും എന്നു പറയട്ടെ. ലാൽ ജോസിൽ നിന്നോ കുഞ്ചാക്കോ ബോബനിൽ നിന്നോ പുതുമ പ്രതീക്ഷിച്ചു തട്ടുംപുറത്ത് കേറിയാൽ നിരാശ തന്നെ ഫലം.

 

 

 

 

 

You might also like