ദി ഗാംബ്ലർ.. ഒരു സൂപ്പർ ഹീറോ അപരാധം !!

0

ദി ഗാംബ്ലർ റിവ്യൂ: വൈഷ്ണവി മേനോൻ 

 

ഒരു മെക്സിക്കൻ അപാരത എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടോം ഇമ്മട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമയാണ് “ദി ഗാംബ്ലർ”. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ സിനിമ എന്ന പരസ്യ വാചകത്തിലൂടെയാണ് അണിയറ പ്രവർത്തകർ ചിത്രത്തെ ആദ്യ പ്രചാരണം നടത്തിയത്. എന്നാൽ ചിത്രം ഇറങ്ങുന്നതിനു രണ്ടു ദിവസം മുൻപേ ഇതൊരു കുടുംബ ചിത്രമാണ് എന്ന ലേബലിലാക്കി. നായകൻ ആന്‍സണ്‍ പോള്‍ സൂപ്പർ ഹീറോ വേഷത്തിൽ നിൽക്കുന്ന പോസ്റ്ററുകളും പ്രോമോകളും പുറത്തിറങ്ങിയോടെ പ്രേക്ഷകന് പ്രതീക്ഷ നൽകിയെന്നതും സാരം .

 

 

എന്നാൽ ‘ദി ഗാംബ്ലർ’ ഒരു സൂപ്പർ ഹീറോ ചിത്രമാണോ എന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷനോട് ചോദിച്ചാൽ ഉത്തരം മുട്ടി നിൽക്കുന്ന അവസ്ഥയാണ്. ആൻസൺ പോളിന്റെ കഥാപാത്രമായ ആൻസണിന് നല്ലൊരു ബിസിനസ്ക്കാരനാകുക , നല്ലൊരു അച്ഛനാകുക എന്നൊക്കെയാണ് ആഗ്രഹം. എന്നാൽ ബിസിനസ് ആകെ തകിടം മറിഞ്ഞു സാമ്പത്തികമായി തകർന്നു നിൽക്കുന്ന നായകന്റെ ജീവിതത്തിൽ നിന്നും ഭാര്യയായ ഡയാന മകൻ ഫ്രാൻസിനെ അച്ഛന്റെ കൈകളിൽ ഏൽപിച്ചു പോകുന്നു. ആൻസണിന്റെ ജീവിതം കൂടുതൽ പരിതാപകരമായി മാറുന്നു. എന്നാലും ജീവിതത്തിൽ ഒരു നല്ല സമയം വരുമെന്ന് ഉറപ്പോടെ പൊരുതുന്ന നായകനെയും സിനിമയിൽ കാണാം.

 

 

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മകനും ബിസിനസിലും ജീവിതത്തിലും തകർന്നു നിൽക്കുന്ന അച്ഛനും തുടർന്നുള്ള സംഭവബഹുലമായ ക്ളീഷേ കാഴ്ചകളിലൂടെയാണ് ‘ദി ഗാംബ്ലർ’ എന്ന സിനിമയുടെ സഞ്ചാരം. നായകന്റെ ജീവിതമെന്ന ജീവിതം എന്ന ചൂതാട്ടം അല്ലാതെ ഒരു സൂപ്പർ ഹീറോ ചിത്രം ഒരുക്കുന്നതിൽ സംവിധായകൻ തികച്ചും ഒരു പരാജയമായി മാറി എന്ന് പറയാം. രണ്ടു മണിക്കൂർ പ്രേക്ഷകനെ രസിപ്പിക്കുന്നതോ ആകർഷിപ്പിക്കുന്നതോതായ ഘടങ്ങളൊന്നും ചിത്രത്തിൽ ഇല്ല. ആദ്യ പകുതിയിൽ ചിത്രം
തികച്ചും ഒരു കുടുംബ സിനിമയായി മുന്നേറിയപ്പോൾ രണ്ടാം പകുതിയിൽ പൊട്ടിയ പട്ടം പോലെ എങ്ങോ പറന്നുലഞ്ഞു.

 

 

ചിത്രത്തിലെ നായക കഥാപാത്രത്തെ ആൻസൺ പോൾ മോശമില്ലാത്ത അവതരിപ്പിച്ചു; എന്നാലും ചിലയിടങ്ങളിൽ സംഭാഷങ്ങൾ കല്ലുകടിയായി മാറി. നായികയായി എത്തിയ ഡയാന ഹമീദ് ചുരുക്കം രംഗങ്ങളിൽ ഒതുങ്ങി. ആൻസണിന്റെ മകൻ ഫ്രാൻസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകൻ ടോം ഇമ്മട്ടിയുടെ മകൻ ജോർജ്‌ജാണ്. സിനിമയിൽ പ്രേക്ഷകന് സംതൃപ്തി നൽകുന്ന പ്രകടനം കാഴ്ച വച്ചതും ബാലതാരമായാണ്. വിനോദ് നാരായൺ , ഇന്നസെന്റ്, സിജോയ് വർഗീസ്, സലിം കുമാർ, രൂപേഷ് പീതാംബരൻ, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു താരങ്ങൾ.

 

 

സാങ്കേതിക തലങ്ങൾ ചിത്രത്തിന്റെ ഇഴച്ചിലിനു കൂട്ടായി ശരാശരിയായി ഒതുങ്ങി. പ്രകാശ് വേലായുധൻ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ഷമീർ മുഹമ്മദാണ്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്.

 

 

സൂപ്പർ ഹീറോ ചിത്രം പ്രതീക്ഷിച്ചു തിയേറ്ററുകളിൽ വരുന്ന പ്രേക്ഷകനോട് അണിയറപ്രവർത്തകർ കാണിച്ച ചതി തന്നെയാണ് ‘ദി ഗാംബ്ലർ’. മെക്‌സിക്കന്‍ അപാരതയും സൂപ്പർ ഹീറോ ചിത്രവും പ്രതീക്ഷിച്ചു വരുന്ന പ്രേക്ഷകനോട് വേണമായിരുന്നോ സംവിധായകാ.. ഈ അപരാധം..!!

 

 

 

You might also like