മനം തൊടാതെ പോയ തൊട്ടപ്പൻ : റിവ്യൂ വായിക്കാം.

0

തൊട്ടപ്പൻ റിവ്യൂ: പ്രിയ തെക്കേടത്

 

ഷാനവാസ് ബാവുകുട്ടി എന്ന സംവിധായകൻ തന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ ഉള്ളിൽ സ്ഥാനം പിടിച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായി മൂന്ന് വർഷം കാത്തിരിക്കേണ്ടി വന്നു. ‘കിസ്മത്ത്’ പോലെ ആരും പറയാൻ മടിക്കുന്ന രാഷ്ട്രീയം പറഞ്ഞ ഷാനവാസിന്റെ “തൊട്ടപ്പൻ” പ്രേക്ഷകരെ ആഴത്തിൽ തൊടാൻ സാധിച്ചില്ലെന്നത് ഏറെ നിരാശ തരുന്ന സംഗതിയാണ്.

 

എന്ത് കൊണ്ട് തൊട്ടപ്പൻ ? എന്ന ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങളുണ്ട് . വിനായകൻ , സംവിധായകൻ , ഫ്രാൻസിസ് നൊറോണയുടെ തൊട്ടപ്പൻ കൊച്ചിയിലെ ആരും കാണാത്ത ആ തുരത്തു എല്ലാം പ്രതീക്ഷകളാണ്. വിനായകൻ എന്ന നടൻ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. മലയാള സിനിമയിലെ നായക സങ്കല്പ്പങ്ങളെ തച്ചൂടച്ച നായകൻ. ജാതി-വർണ്ണ അവഹേളനങ്ങളുടെ ഇരയും, പച്ചയായ തുറന്നുപറച്ചിലുകളിലൂടെയും, പച്ചയായ അഭിനയത്തിലൂടെയും ശ്രദ്ധേയനായ വിനായക മുഴുനീള ചിത്രം തൊട്ടപ്പനിൽ വിനായകൻ മാത്രമായി പോയി. ഇന്നത്തെ കാലവുമായി ഏറെ അടുത്ത് നിൽക്കുന്ന ചിത്രം അതിന്റെ പൂർണതയിലേക്ക് എത്തിക്കാൻ സംവിധായകന് സാധിച്ചില്ല .

 

ഇത്താക്കും ജോണപ്പനും സുഹൃത്തുക്കളും കള്ളന്മാരുമാണ്. ജോണപ്പന്‍റെ മകളായ‌ സാറയുടെ മാമോദീസയുടെ തലേന്ന് അയാളെ കാണാതെ പോകുന്നു. ശേഷം 16 വർഷത്തിന് ശേഷം സാറയുടെയും അവളുടെ തൊട്ടപ്പനായ‌ ഇത്താക്കിലൂടെയും കഥ മുന്നേറുകയാണ്. ഇത്താക്കായി വേഷമിടുന്ന വിനായകൻ കമ്മട്ടിപ്പാടത്തിന് ശേഷം മറ്റൊരു മികച്ച കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

 

 

ചെറുപ്പക്കാരനായും, മദ്ധ്യവയസ്കനായും തൊട്ടപ്പനിൽ ഗംഭീര വേഷപകർച്ചകളോടെ‌ പ്രേക്ഷകരെ അമ്പരിപ്പിക്കുന്നു. ചിത്രത്തിൽ സാറയായി എത്തുന്ന പുതുമുഖം പ്രിയംവദയും, ഉസ്മാനെന്ന വേഷത്തിലെത്തുന്ന റോഷനും മികച്ച പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്നു.‌ തൊട്ടപ്പനിൽ ഒരുപാട് കഥകളുണ്ട്. പ്രണയം, വിരഹം, അച്ഛൻ-മകൾ ബന്ധത്തിന്‍റെ ആഴം, സൗഹൃദം, കാമം, പ്രതികാരം എന്നിങ്ങനെ ജീവിത യാഥാർത്ഥ്യങ്ങളുടെ‌ പച്ചയായ തുരുത്തുകളിലേക്കാണ് തൊട്ടപ്പന്റെ യാത്ര.

 

 

മനോഹരമായ ക്യാമറ കാഴ്ചകളിലൂടെയും, ഇമ്പമാർന്ന സംഗീതത്തിന്റെ അകമ്പടിയോടെയും അവ കാഴ്ചക്കാരനു‌ മുമ്പിൽ എത്തിച്ചിരിക്കുന്നു. കഥയുടെ ഒഴുക്കും, ഒടുക്കവും മന്ദതാളത്തിൽ തന്നെ. ഒരുപാട് കോലാഹലങ്ങൾ ഒന്നുമില്ലെങ്കിൽ പോലും, വളരെ സുന്ദരമായ് പറഞ്ഞ് പോകുന്ന ഒരു രീതിയാണ് സിനിമയിലുടനീളം. മനോജ് കെ. ജയൻ അവതരിപ്പിച്ച പള്ളീലച്ചൻ വേഷം ഏച്ചുക്കെട്ടലായ് തോന്നി. ദീലീഷ് പോത്തൻ, ലാൽ, മഞ്ജു, സുനിൽ‌ സുഖദ തുടങ്ങിയവർ ചെയ്ത വേഷങ്ങളും മികച്ച് നിന്നു. ചിത്രത്തിൽ അഭിനയിച്ച മറ്റ് പുതുമുഖ താരങ്ങളെല്ലാവരും സ്വഭാവികമായ് സിനിമയിൽ തിളങ്ങിയിട്ടുണ്ട്. കൊച്ചിക്കായലിനരികിലെ അരികു ജീവിതങ്ങളെ പച്ചയായി ചിത്രീകരിക്കുന്നു എന്ന നിലയിലും ഷാനവാസ് കെ ബാവക്കുട്ടിയുടെ തൊട്ടപ്പൻ പ്രസക്തമാണ്. മൂലകഥയുടെ ആത്മാവ് ചോർന്നുപോയി എന്നതാണ് പ്രധാന പ്രതിസന്ധിയായി കാണുന്നത്.

 

 

 

 

You might also like