ആക്ഷനുണ്ട് എന്നാൽ മാസ്സ് ആകാൻ കഴിയാതെ “തൃശൂർ പൂരം” -റിവ്യൂ.

0

തൃശൂർ പൂരം റിവ്യൂ: മീര ജോൺ

 

 

പ്രണയവും ത്രില്ലറും മാസ് ഡയലോഗുകളും ഒക്കെയായി ആക്ഷന്റെ കൊടിയേറ്റത്തില്‍ തുടങ്ങി പൂരത്തില്‍ അവസാനിച്ച ഗുണ്ടാപകയുടെ ചിത്രമെന്ന് വേണേല്‍ തൃശൂര്‍ പുരത്തെ ഒറ്റ വാചകത്തില്‍ പറയാം. ആട് 2 ന് ശേഷം ജയസൂര്യ – വിജയ് ബാബു കൂട്ടുകെട്ടിലൊരുങ്ങിയ “തൃശൂര്‍ പൂരം” ആടിനെ പോലൊരു കോമഡി ആക്ഷന്‍ ത്രില്ലറല്ല, പകരം ഒരു മാസ് ആക്ഷന്‍ ത്രില്ലർ എന്ന ലേബലിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. പൂരങ്ങളുടെ നാട്ടില്‍ നടക്കുന്ന ഗുണ്ടാപകയുടെ കഥയാണ് “തൃശൂര്‍ പൂരം” പറയുന്നത്. പകയുടെ കഥ പറയുന്ന ചിത്രം ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മാസ് ഡയലോഗുകള്‍ കൊണ്ടും സമ്പന്നമാണ്.

 

 

 

 

 

ഗിരി (ജയസൂര്യ) എന്ന കൊച്ചു പയ്യന്‍ പുള്ള് ഗിരി ആകുന്നിടത്ത് നിന്നാണ് തൃശൂര്‍പൂരത്തിന് കൊടിയേറുന്നത്. കുട്ടിക്കാലത്ത് ചില പ്രത്യേക സാഹചര്യങ്ങളില്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ഗിരി പിന്നീട് പുള്ള് ഗിരി എന്ന ഗുണ്ടയായി മാറുന്നതില്‍ തുടങ്ങി സ്വസ്ഥ ജീവിതം നയിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. ജയസൂര്യയുടെ പ്രകടനം മുന്നിട്ടു നിൽക്കുമ്പോൾ പ്രേക്ഷനെ ബോറടിപ്പിക്കുന്ന കഥാഗതിയാണ് ചിത്രത്തിന് വിനയാകുന്നത്.

 

 

 

 

 

ചിത്രത്തില്‍ ജയസൂര്യയെ പോലെ മാസ് ആക്ഷന്‍ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ട് വില്ലന്‍ കഥാപാത്രങ്ങളാണ് സാബുമോന്‍ അബ്ദുസമദും സുദേവും. ഇതില്‍ സാബുമോന്റെ വേഷപകര്‍ച്ചയാണ് ചിത്രത്തിലെ ഹൈലൈറ്റ്. ഒരിടവേളയ്ക്ക് ശേഷം മല്ലികാ സുകുമാരന്‍ ശക്തതമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. രാജലക്ഷമി എന്ന വക്കീലായാണ് ചിത്രത്തില്‍ മല്ലിക പ്രത്യക്ഷപ്പെടുന്നത്. സിറ്റി കമ്മീഷണറായി വിജയ് ബാബുവും പൊലീസുകാരനായി ശ്രീജിത്ത് രവിയുമെല്ലാം അവരുടെ റോള്‍ ഗംഭീരമാക്കിയിട്ടുണ്ട്. അതുപോലെ നായികമാരായി എത്തിയ സ്വാതി റെഡ്ഡിയ്ക്ക് അധികം പെർഫോം ചെയ്യാനൊന്നുമില്ലെന്നും സാരം. സംഘട്ടന രംഗങ്ങളിലെത്തുന്ന ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും ചിത്രത്തില്‍ മികച്ച ഡീറ്റെയ്‌ലിംഗ് നൽകുന്നുണ്ട് എന്നാൽ കഥാസഞ്ചാരം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ ക്ലിഷേയാകുന്നുണ്ട് .

 

 

 

 

പശ്ചാത്തല സംഗീതം ആക്ഷന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ തമിഴിലെ പ്രശസ്ത ക്യാമറാമാനായ ആര്‍.ഡി രാജശേഖറും തന്റെ ജോലി ഗംഭീരമാക്കി. ഫ്രൈഡേ ഫിലിം ഹൗസന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം രാജേഷ് മോഹനാണ്. സംഗീത സംവിധായകന്‍ രതീഷ് വേഗ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് രതീഷ് വേഗ തന്നെയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

 

 

 

 

ആക്ഷൻ സിനിമകളുടെ ആരാധകർക്കോ കുടുംബ പ്രേക്ഷകർക്കോ ‘തൃശൂര്‍ പൂരം’ ഒരു വിരുന്നല്ല. എന്നാൽ ജയസൂര്യയുടെ മിന്നും പ്രകടനത്തിനായി ഒറ്റ തവണ കണ്ടിരിക്കാം.

 

 

 

You might also like