“ട്രാൻസ്” അമിത പ്രതീക്ഷ വേണ്ട ; ഫഹദിന്റെ വൺമാൻ ഷോ – റിവ്യൂ.

0

ട്രാൻസ് റിവ്യൂ: ധ്രുവൻ ദേവർമഠം

അൻവർ റഷീദ് എന്ന മലയാളത്തിലെ എന്റെർറ്റൈനെർ ബ്രാൻഡ് സംവിധായകൻ വലിയൊരു ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഏറുക സ്വാഭാവികം. എന്നാൽ ആ പ്രതീക്ഷകൾ അത്രമേൽ കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞോ എന്നത് “ട്രാൻസ്” എന്ന ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് തോന്നിയാൽ തെറ്റുണ്ടാവില്ല. കാരണം രണ്ടരവർഷം ചിലവലഴിച്ച് ഷൂട്ട് ചെയ്ത ചിത്രം അത്രകണ്ട് ഉയരുന്നില്ലെന്ന് ചുരുക്കം. എന്നാൽ സിനിമ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തി ഉള്ളതാണ് എന്നത് വ്യക്തം. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ മറ്റെല്ലാ പോരായ്മകളും മറന്ന് ചിത്രത്തെ കാഴ്ച്ചയ്ക്കായി തിരഞ്ഞെടുക്കാവുന്നതാണ്. തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് ഏറെ വേറിട്ട് തന്നെയാണ് സംവിധായകൻ എന്ന നിലയിൽ ‘ട്രാൻസ്’ എന്ന ചിത്രത്തിലൂടെ സഞ്ചരിക്കുന്നത്.

എന്നാൽ എല്ലാത്തരത്തിലുള്ള കാഴ്ച്ചക്കാരെയും കൂടെക്കൂട്ടുന്നതിൽ ഈ ചിത്രത്തിൽ സംവിധായകന് സാധിച്ചില്ല എന്നതാണ് പോരായ്മ. ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിൽ ഒന്നാണ് ഫഹദ് ഫാസിൽ എന്ന താരത്തിന്റെ പ്രകടനം. സിനിമയിലെ മറ്റ് താരങ്ങളുടെ ഒക്കെ പ്രകടനത്തെ നിഷ്പ്രഭമാക്കുന്ന അഭിനയമികവാണ് താരം ചിത്രത്തിൽ കാഴ്ച്ച വച്ചിരിക്കുന്നത്. ബിജു പ്രസാദ് സാധാരണക്കാരനിൽ നിന്ന് ജോഷ്വാ കാൾട്ടൻ എന്ന മത കച്ചവടക്കാരാനായുള്ള പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിൽ ഒന്ന്.

അമൽ നീരധിന്റെ ഛായാഗ്രാഹണം സിനിമയുടെ ഏറെ ഫ്രെയിമുകൾക്കും ഒരു ലാറ്റിനമേരിക്കൻ സിനിമകളുടെ ലുക്ക് കൊടുക്കുന്നുണ്ട്. ചെമ്പൻ വിനോദ്, ഗൗതം വാസുദേവ മേനോൻ എന്നിവർ അവതരിപ്പിച്ച നെഗറ്റീവ് കഥാപാത്രങ്ങൾക്ക് വേണ്ടത്ര വ്യക്തത ഇല്ലാതെ പോയതും ചിത്രത്തിന് ബാധ്യത ആകുന്നുണ്ട്. അതുപോലെ തന്നെ വിനായകന്റെ കഥാപാത്രസൃഷ്ടിയും അത്രതന്നെ സുഖകരമാകാതെ മുഴച്ചു നിൽക്കുകയാണ്.

എന്നാൽ ദിലീഷ് പോത്തൻ അവതരിപ്പിച്ച കഥാപാത്രം ചിത്രത്തെ രസകരമാക്കുന്നുണ്ടുതാനും. ശ്രിന്ദ, ശ്രീനാഥ് ഭാസി, അർജ്ജുൻ അശോകൻ, സൗബിൻ ഷാഹിർ, ഉണ്ണിമായ, ജോജു, കരിക്ക് വെബ് സീരീസിലെ താരങ്ങൾ ഇവരെല്ലാമാണ് ട്രാൻസിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.കൂടാതെ എസ്തർ എന്ന കഥാപാത്രമായി നസ്രിയയും ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്.

സിനിമയിൽ കൈയ്യടി അർഹിക്കുന്ന ഒരാൾ അതിന്റെ കലാസംവിധായകൻ അജയൻ ചാലിശ്ശേരിയാണ്. അത്ര മനോഹരമായാണ്.അദ്ദേഹവും അദ്ദേഹത്തിന്റെ ടീമും ചിത്രത്തിന്റെ ഓരോരംഗങ്ങൾക്കുമായി ജോലി ചെയ്തിരിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ ആംസ്റ്റർഡാം പോലും അദ്ദേഹം ഒരുക്കിയിരിക്കുന്നത് അത്ര മനോഹരമായാണ്.

ബിജു പ്രസാദ് എന്ന സാധാരണക്കാരനായ മോട്ടിവേഷൻ ട്രെയിനർ കോടികൾ ആസ്തിയുള്ള മത പ്രഭാഷകനായി മാറുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ മത കച്ചവടത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. അതു കൊണ്ട് തന്നെ ചിത്രം അത്രന്നെ സാമൂഹിക പ്രസക്തി ഉള്ളതാണെന്ന് പറയാം. മതം എന്നത് എത് തരത്തിലാണ് ഒരു സമൂഹത്തെ ആകമാനം ബാധിക്കുന്ന ഭ്രാന്താകുന്നത് എന്ന് ചിത്രം തുറന്നു കാട്ടുന്നുണ്ട്. ഇത്രയും വലിയൊരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം എന്നാൽ അവസാനമാകുമ്പോഴെക്കും പറഞ്ഞവസാനിപ്പിക്കുവാൻ പാടുപെടുന്ന കാഴ്ച്ചയാണ് തീയറ്ററിൽ കാണാൻ കഴിയുക. തിരക്കഥയിൽ വന്ന ചില പാളിച്ചകളാണ് ചിത്രത്തെ അത്തരം അവസ്ഥയിലേക്ക് എത്തിക്കുന്നത് എന്ന് ചുരുക്കം.

ഗാനങ്ങൾ ഒന്നും തന്നെ ചിത്രത്തിന് മുതൽക്കൂട്ട് ആവുന്നയായില്ല. പശ്ചാത്തല സംഗീതം സിനിമയോട് ചേർന്ന് നിൽക്കുന്നവയുമാണ്. എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും “ട്രാൻസ്” തീയറ്ററിൽ തന്നെ ആസ്വദിക്കേണ്ട ഒന്നാണ്.

You might also like