വിരസത നിറഞ്ഞ “ഉൾട്ട” – റിവ്യൂ.

0

ഉൾട്ട റിവ്യൂ: പ്രിയ തെക്കേടത്

 

 

ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്ത് സുരേഷ് പൊതുവാളിന്റെ ആദ്യ സംവിധാന സംരംഭമാണ് “ഉള്‍ട്ട”. നാടന്‍പെണ്ണും നാട്ടു പ്രമാണിയും, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളുടെ എഴുത്തുകാരൻ സംവിധായകനായപ്പോൾ മലയാള സിനിമയുടെ ട്രെൻഡ് മനസിലാകാതെ കുഴഞ്ഞു നിൽക്കുന്ന അവസ്ഥയാണ് ഉൾട്ടയിൽ കാണുന്നത്.

 

 

 

 

പൊന്നാപുരം എന്ന പ്രകൃതി മനോഹരമായ ഗ്രാമമാണ് ചിത്ര പശ്ചാത്തലം. ഗ്രാമത്തിന്റെ പേര് പൊന്നാപുരം എന്നാണെങ്കിലും പെണ്ണാപുരം എന്ന പേരാണ് ഈ ഗ്രാമത്തിന് കൂടുതല്‍ ചേരുന്നത്. ഈ ഗ്രാമത്തിന് ഇങ്ങനെയൊരു പേര് വരാന്‍ കാരണവും അവിടത്തെ പെണ്ണുങ്ങള്‍ തന്നെ. അവിടത്തെ പാടത്ത് പണിയെടുക്കുന്നവര്‍ മുതല്‍ പൊലീസുകാര്‍ വരെ പെണ്ണുങ്ങളാണ്. ഉശിരുള്ളതും ഉശിരുണ്ടെന്ന് നടിക്കുന്നതുമായ കുറേ പെണ്ണുങ്ങള്‍…. പെണ്ണുങ്ങള്‍ ചെയ്യുന്ന വീട്ടുജോലികള്‍ ഉള്‍പ്പെടെയുള്ള പണികള്‍ ആണുങ്ങളും, ആണുങ്ങള്‍ ചെയ്യുന്ന പണികള്‍ പെണ്ണുങ്ങളും ചെയ്യുന്നു. ഈ ഗ്രാമത്തിലെ സ്ത്രീ മുന്നേറ്റത്തിന് കാരണം ഇവിടത്തെ വനിതാ പ്രസിഡന്റാണ്. അങ്ങനെ ഈ പെണ്ണാപുരം ഗ്രാമത്തില്‍ സ്ത്രീകളെ ആയോധകല പഠിപ്പിക്കാന്‍ ഒരു യുവാവ് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഉള്‍ട്ട.

 

 

 

 

 

സിനിമയുടെ ആദ്യപകുതി പെണ്ണുങ്ങളെ പാടിപ്പുകഴ്ത്തുമ്പോള്‍ ആണ്‍കോയ്മയെ അതിശക്തമായി ചോദ്യം ചെയ്യപ്പെടുന്നു. ആദ്യപകുതിയില്‍ സ്ത്രീ വിപ്ലവമെങ്കില്‍ രണ്ടാം പകുതിയില്‍ പ്രേമവിപ്ലവമാണ് പ്രകടമാകുന്നത്. സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമിടുന്നതെങ്കിലും ചിത്രം അവസാനിക്കുന്നത് മറ്റൊരു തലത്തില്‍. കുടുംബ കഥയെ നര്‍മ്മരൂപത്തില്‍ അവതരിപ്പിച്ച സുരേഷ് പൊതുവാളിന്റെ ഈ ശ്രമം അത്ര ഫലം കണ്ടില്ലെന്നു സാരം.

 

 

 

 

അനുശ്രീയാണ് ചിത്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റായെത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്ക്കും മുന്നില്‍ ശക്തി ചോര്‍ന്നുപോയ ഭര്‍ത്താവും പഞ്ചായത്ത് പ്രതിപക്ഷ നേതാവുമാണ് പുരുഷോത്തമന്‍. രമേഷ് പിഷാരടിയാണ് പുരുഷോത്തമനായി എത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷം അനുശ്രീ ഭംഗിയായി അവതരിപ്പിച്ചു. രമേശ് പിഷാരടിയുടെ കഥാപാത്രവും മോശമല്ലാതെ നിന്നു. എന്നാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോകുല്‍ സുരേഷിനും ഗോകിലിന്റെ നായിക പ്രയാഗ മാര്‍ട്ടിനും അത്രയൊന്നും ചെയ്യാനില്ലാത്തതും ഉള്‍ട്ടയുടെ പോരായ്മകളാണ്. സിദ്ധിഖ്,​ ജാഫർ ഇടുക്കി, സലിംകുമാർ,​​ ബിനു അടിമാലി,​ സിനോജ് വർഗീസ്, കോട്ടയം പ്രദീപ്,​ ശാന്തികൃഷ്ണ, സുരഭി ലക്ഷ്മി,​ തെസ്നിഖാൻ,​ കെ.പി.എസ്.സി ലളിത,​ ആര്യ, അഞ്ജന അപ്പുക്കുട്ടൻ,​ പൗളി വിത്സൻ എന്നിവരും ഉൾട്ടയുടെ ഭാഗമാണ്.

 

 

 

 

കുടുംബകഥയെ നര്‍മ്മ രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച പൊതുവാളിന്റെ ശ്രമങ്ങള്‍ എവിടെയൊക്കെയൊ വീണുടഞ്ഞതായി കാണാം. എന്നിരുന്നാലും ഗ്രാമീണ ഭംഗി മികച്ച രീതിയിൽ പ്രകാശ് വേലായുധന്‍ തന്റെ ക്യാമറക്കണ്ണുകളില്‍ പകര്‍ത്തിയിട്ടുണ്ട്. ഗാനങ്ങൾ അത്ര നിലവാരം പുലർത്തിയില്ല. സ്ത്രീ ശാക്തീകരണം, സമത്വം, നന്മ നിറഞ്ഞ കുടുംബ ജീവിതമൊക്കെയാണ് ‘ഉൾട്ട’യിലെ സംഭവങ്ങളായി ഉദ്ദേശിച്ചതെങ്കിലും അതിൽ പ്രേക്ഷനെ രസിപ്പിക്കുന്ന ഒന്നും തന്നെയില്ലാതെ വെറും ക്ളിഷേയായി ഒതുങ്ങി പോയി എന്നതാണ് ഫലം.

 

 

 

You might also like