ഈ ‘ഉണ്ട’യിൽ പോലീസുണ്ടേ.. രാഷ്ട്രീയമുണ്ടേ.. റിയലിസ്റ്റിക്കുണ്ടേ..

0

 

ഉണ്ട റിവ്യൂ: ധ്രുവൻ ദേവർമഠം

 

കുറച്ചുനാളുകൾക്ക് ശേഷം മമ്മൂട്ടിയെന്ന താരത്തിന് അപ്പുറം മമ്മൂട്ടിയിലെ അഭിനേതാവിനെ മലയാള സിനിമയിൽ ഉപയോഗപ്പെടുത്തിയിരിക്കുന്ന ചിത്രമാണ് ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ ഒരുങ്ങിയ “ഉണ്ട”. ഇലക്ഷൻ ഡ്യുട്ടിക്കായി മാവോയിസ്റ്റ് മേഖലയായ ഛത്തീസ്ഗഡിലേക്ക് പേകേണ്ടിവരുന്ന ഒരു പറ്റം പോലീസുകാരുടെ ജീവിതത്തിലൂടെ മാവോയിസ്റ്റ് രാഷ്ട്രീയം ചർച്ച ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.

 

 

 

ഇതിൽ മണിയെന്ന പോലീസ് ക്യാമ്പിലെ എസ്ഐ ആയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. അദ്ദേഹം ഇതുവരെ അവതരിപ്പിച്ചിരിക്കുന്ന പോലീസ് കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തനാണ് മണി. മാസ് ആക്ഷൻ പോലീസ് വേഷങ്ങളിൽ ഏറെ തിളങ്ങിയിട്ടുള്ള അദ്ദേഹം ഈ ചിത്രത്തിൽ വെറും സാധാരണക്കാരനായ അതിഅമാനുഷികതകൾ ഒന്നും തന്നെ ഇല്ലാത്ത രൂപത്തിലും ഭാവത്തിലും മുൻ മാതൃകകൾ ഇല്ലാതെ അനായാസമായി തന്നെ മണിയായി മാറിയിരിക്കുന്നു.

 

 

 

തിരക്കഥയുടെയും, പശ്ചാത്തല സംഗീതത്തിന്റെയും ഛായഗ്രഹണത്തിന്റെയും ഒപ്പം അഭിനേതാക്കളുടെ അനായാസമായുള്ള കഥാപാത്രമാകലുകളുടെയും പിന്തുണയിൽ രസകരമായി ചിത്രീകരിച്ചിട്ടുണ്ട്. മറ്റൊരു എടുത്തു പറയേണ്ട പ്രത്യേകത ചിത്രത്തിന്റെ എഡിറ്റിങ്ങാണ് സംവിധായകനൊപ്പം നിന്ന് എഡിറ്റർ ഭംഗിയായി തന്നെ അത് നിർവ്വഹിച്ചിട്ടുണ്ട് സിനിമയിൽ.

 

 

 

ഏറെക്കുറെ ഡോക്യുമെന്ററി ആയിമാറ്റപ്പെടാമായിരുന്ന ഒരു സബ്ജെറ്റിനെ സിനിമയായി രൂപപ്പെടുത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഭാഷ കൈകാര്യം ചെയ്യാനുള്ള പോലിസുകാരുടെ അവസ്ഥ ശരിക്കു പറഞ്ഞാൽ കേരളത്തിൽ ജീവിക്കുന്ന മിഡിൽ ക്ലാസ് വിദ്യാസമ്പന്നരുടെ നേർചിത്രം തന്നെയായാണ് ഫീൽ ചെയ്തത്. ജനിച്ചു വളർന്ന മണ്ണിന്റെ അവകാശം ആർക്കെന്ന ചോദ്യവും ചിത്രം ഉയർത്തിക്കാട്ടുന്നുണ്ട്. കൂടാതെ വർണ്ണമേധാവിത്വം ഭരിക്കുന്ന ശരാശരി മലയാളിയെ ചോദ്യം ചെയ്യുന്നുമുണ്ട് ചിത്രം.

 

 

 

ദളിത് ആദിവാസി രാഷട്രീയം ചർച്ച ചെയ്യുന്ന ചില ഭാഗങ്ങളിൽ മുഴച്ചു നിൽക്കുന്നതായി ഫീൽ ചെയ്യുന്നുണ്ട് ചിത്രത്തിൽ. അതിഥി വേഷത്തിൽ ആസിഫ് അലിയും വിനയ് ഫോർട്ടും വന്നെങ്കിലും അവർക്ക് കാര്യമായി ഒന്നും തന്നെ ചിത്രത്തിൽ ചെയ്യാനില്ലാതെ പോയത് സുഖകരമായി തോന്നിയില്ല.

 

 

 

നേരത്തെ ഇതെ പശ്ചാത്തലത്തിൽ എത്തിയ ഹിന്ദി ചിത്രം ന്യൂട്ടനുമായി താരതമ്യം ചെയ്യുമ്പോൾ കഥാപരമായി സാമ്യമൊന്നുമില്ല. റോണി, അർജ്ജുൻ അശോക്, ഷൈൻ ടോം ചാക്കോ എന്നീ താരങ്ങൾ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവച്ചിരിക്കുന്നത്.

 

 

 

ജേക്കബ് ഗ്രിഗറി,​ ലുക്ക്‌മാൻ,​ സംവിധായകരായ രഞ‍്ജിത്ത്,​ ദിലീഷ് പോത്തൻ,​ കലാഭവൻ ഷാജോൺ, ഈശ്വരി റാവു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. പട്ടാള ഉദ്യോഗസ്ഥനായി ഭഗവാൻ തിവാരിയും സിനിമയിലെത്തുന്നുണ്ട്.

 

 

 

മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത പോലീസ് , രാഷ്ട്രീയ സിനിമ തന്നെയാണ് “ഉണ്ട” എന്ന് നിസ്സംശയം പറയാം. മാത്രമല്ല മലയാളത്തിൽ റിയലിസ്റ്റിക് സിനിമയുടെ ഒരു പുതിയ വാതിൽ ഉണ്ടയിലൂടെ തുറക്കുകയാണ് ഖാലിദ് റഹ്‌മാൻ.

 

 

 

You might also like