ചിരിയുടെ കൂട്ടമണിയുമായി ഉറിയടി – റിവ്യൂ.

0

ഉറിയടി റിവ്യൂ: ധ്രുവൻ ദേവർമഠം

 

അടി കപ്യാരെ കൂട്ടമണി എന്ന ആദ്യ ചിത്രത്തിന് ശേഷം എ.ജെ വർഗ്ഗീസ് ഒരുക്കിയ ചിത്രമാണ് “ഉറിയടി”. ഹാസ്യത്തിന് പ്രാധാന്യം നൽകിയൊരുക്കിയ സിനിമ. സാധാരണക്കാരായ പ്രേക്ഷകരെ ഉദ്ദേശിച്ചാണ് ഒരുക്കിയിരിക്കുന്നത്. ആവോളം നിറഞ്ഞ് ചിരിക്കുവാനുള്ള രംഗങ്ങൾ ഉള്ള സിനിമ കാഴ്ച്ചക്കാരുടെ കുറവുകൊണ്ട് ഒരു വാരം തികയ്ക്കുമോ എന്ന സംശയവും ഉണ്ട്.

പോലീസുകാരുടെ ജീവിതത്തിലൂടെയാണ് രണ്ടാം ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നത്. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കെഷൻ. പോലീസ് റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടിയുടെ ഇടയിൽ പോലീസ് ക്വോട്ടേഴ്സിൽ നടക്കുന്ന ഒരു മോഷണവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.


ഏറെകാലികമായൊരു വിഷയം കൂടിയാണ് സംവിധായകനും സംഘവും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുവാൻ ശ്രമിച്ചിരിക്കുന്നത്. നിരന്തരം ബ്രഹ്മാണ്ഡങ്ങൾ എന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച് എത്തുന്ന ചിത്രങ്ങളിലൂടെ പറ്റിക്കപ്പെടുന്ന പ്രേക്ഷകർക്ക് ഈ ഉറിയടി എന്തായാലും നിരാശ സമ്മാനിക്കില്ല. മതിയാവോളം അറിഞ്ഞ് ചിരിക്കുവാനുള്ള വക സംവിധായകനും തിരക്കഥാകൃത്തും ചേർന്ന് ഒരുക്കിയിട്ടുണ്ട് ഈ സിനിമയിൽ. എന്നാൽ മാർക്കറ്റിങ്ങിലുള്ള പൂർണ്ണ പരാജയമാണ് ചിത്രത്തിന് കാഴ്ച്ചക്കാരെ ഇല്ലാതാക്കിയതെന്ന് തീയറ്ററുകളിലെ ഒഴിഞ്ഞ കസേരകൾ വ്യക്തമാക്കുന്നു.

രാത്രിയിൽ ബൈക്ക് യാത്രികനായ മോഷ്ട്ടാവിനെ ചെയ്സ് ചെയ്ത് പിടികൂടുന്ന രംഗത്തോടെയാണ് ചിത്രത്തിന്റെ ആരംഭം തുടർന്ന് അങ്ങോട്ട് ടൈറ്റിലുകൾക്ക് ഒപ്പം പോലീസുകാരുടെ ദിനജീവിതത്തെ പാട്ടിനൊപ്പം മൊണ്ടാഷുകളിലൂടെ അവതരിപ്പിക്കുകയാണ് ഒപ്പം ചിത്രങ്ങളിലേകഥാപാത്രങ്ങളെയും. തുടർന്ന് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും ഡീറ്റേലായി തന്നെ സംവിധായകൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നു. പോലീസ് ക്വോട്ടേഴ്സിന്റെ അസ്സോസിയേഷൻ സെക്രട്ടറിയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്ന പഞ്ചവരാക്ഷൻ പിള്ള അതുപോലെ തന്നെ ജോലിയിലെ കൃത്യവിലോപത്തിന് സസ്പെൻഷൻവാങ്ങി വീട്ടിലിരിക്കുന്ന മത്തായി സുനിൽ എന്ന മത്തായി ആയി ബൈജു സന്തോഷും സ്ക്രീനിൽ നിറഞ്ഞാടുമ്പോൾ ചിരിയുടെ പൊടിപൂരമാണ് ഉള്ള കാഴ്ചക്കാരുടെ ഇടയിൽ കാണാൻ കഴിഞ്ഞത്.

ശ്രീനിവാസന്റെ പപ്പേട്ടൻ എന്ന സീനിയർ പോലീസുദ്യോഗസ്ഥന്റെയും ലൈറ്റ് & സൗണ്ട് ജോലിക്കാരനായി എത്തുന്ന അജുവിന്റെ അമ്പിളിക്കുട്ടന്റെയും ജീവിതം കൂടിയാണ് ഉറിയടിഎന്ന ചിത്രം പറയുന്നത്.നിയമം അനീതി കാട്ടുമ്പോൾ നിസഹായരാകുന്ന സാധാരണക്കാരന്റെ അവസ്ഥയെക്കൂടിയാണ് ചിത്രം തുറന്നു കാട്ടുന്നത്. കൂടാതെ ഇരകൾ ഉണ്ടാക്കപ്പെടുന്നത് എങ്ങനെയെന്നും ചിത്രം കാട്ടിതരുന്നുണ്ട്. തിരുവനന്തപുരത്തെ പോലീസുകാരുടെ ക്വോട്ടേഴ്സിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികൾക്കിടയിൽ സിദ്ദീഖ് അവതരിപ്പിക്കുന്ന എസ്ഐ രവികുമാറിന്റെ വീട്ടിൽ മോഷണം നടക്കുന്നു. മകളുടെ വിവാഹത്തിനായി കരുതി വച്ച നൂറ് പവന്റെ സ്വർണ്ണമാണ് മോഷണം പോയത്.തീകട്ടയിൽ ഉറുമ്പരിക്കുക എന്ന അവസ്ഥ പോലീസുകാരെ ഞെട്ടിക്കുന്നു.


എന്നാൽ എത്ര ശ്രമിച്ചിട്ടും അവർക്ക് ആരാണ് മോഷ്ട്ടിച്ചെതെന്ന് കണ്ടെത്താൻ കഴിയുന്നില്ല. പോലീസുകാർ എല്ലാം ചേർന്ന് അവിടെ നടക്കുന്ന മോഷണ വിവരം മൂടി വെയ്ക്കാൻ ശ്രമിക്കുന്നു. പക്ഷേ അസോസിയേഷൻ സെക്രട്ടറിയുടെ മകൻ ഫെയിസ്ബുക്ക് ലൈവിലൂടെ കാര്യങ്ങൾ വിളിച്ചു പറയുന്നത് മാധ്യമങ്ങൾ ആഘോഷമാക്കുന്നു.തുടർന്ന് കള്ളനെ കണ്ടു പിടിക്കുവാനുള്ള സമ്മർദ്ദം എസ് ഐ രവികുമാറിന്റെ മേലിൽ തന്നെ വന്ന് ഭവിക്കുന്നു. കള്ളനെ കണ്ടു പിടിക്കാൻ കഴിയാതതോടെ ഒരു നിരപരാധിയെ താൽക്കാലിക രക്ഷയ്ക്കായി പ്രതിയെന്ന വ്യാജേന മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം ഉണ്ടാക്കാൻ ധാരണയാകുന്നു.

ആ വ്യാജ പ്രതിയാകുന്നതാകട്ടെ അമ്പിളിക്കുട്ടനും രക്ഷപ്പെടുത്താം എന്ന വാക്കോടെ പോലീസുകാർ പ്രതിയാക്കിയ അമ്പിളിയെതന്നെ പ്രതിയാക്കി കേസ് ക്ലോസ് ചെയ്യാൻ ആഭ്യന്തരമന്ത്രി പറയുന്നതോടെ പോലീസുകാർ സമ്മർദ്ദത്തിൽ ആകുന്നു.തുടർന്ന് അയാൾ എങ്ങനെ കേസിൽ നിന്ന് രക്ഷപ്പെടും .ആരാകും സ്വർണ്ണം മോഷണം നടത്തിയിട്ടുണ്ടാവുക. എന്തിനാവും അത് ചെയ്തിട്ടുണ്ടാവുക തുടങ്ങിയകാര്യങ്ങളാണ് പ്രേക്ഷകരെ ആകാംഷയിലേക്ക് എത്തിക്കുന്നത്.

തിരക്കഥയിൽ കുറച്ചു കൂടി ശ്രദ്ധ നൽകിയിരുന്നെങ്കിൽ ചിത്രത്തിന്റെ ലെവൽ തന്നെ മാറിയേനെ എന്നും തോന്നി. പാട്ടുകൾ നല്ലതാണെങ്കിലും ഒന്നും ചിത്രത്തിന് ഗുണം നൽകുന്നവയായില്ല. സിദ്ധിഖ്, ശ്രീനിവാസൻ, മാനസ രാധാകൃഷ്ണൻ, അജു വർഗ്ഗീസ്, ബിജുക്കുട്ടൻ, ഇന്ദ്രൻസ്,ബൈജു സന്തോഷ്, ശ്രീജിത്ത് രവി, പ്രേംകുമാർ, അസീസ് , വിനീത് മോഹൻ, ആര്യ, സേതുലക്ഷ്മി, ശ്രീലക്ഷ്മി, കോട്ടയം പ്രദീപ്, സുധീകോപ്പ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.താരങ്ങൾ എല്ലാവരും അവരവരുടെ വേഷങ്ങൾ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ.

എന്തായാലും പ്രതീക്ഷയോടെ എത്തിയ വൻ ദുരന്തങ്ങൾക്കിടയിൽ അൽപ്പമെങ്കിലും ആശ്വാസമാകുന്നു ‘ഉറിയടി’. നല്ല മാർക്കറ്റിങ്ങ് കൂടി നടത്താൻ സാധിച്ചാൽ ഈ സിനിമയുടെ കാഴ്ച്ചയ്ക്കായി ഫാമിലി കൂടി എത്തുമെന്ന് ഉറപ്പാണ്. അല്ലെങ്കിൽ ടെലിവിഷൻ ചിരിക്കാഴ്ച്ചയിൽ ആഘോഷമായെക്കാം ഈ സിനിമ. എന്തായാലും ചിരിക്കാഴ്ച്ച ഇഷ്ട്ടമുള്ളവർക്ക് ടിക്കറ്റെടുക്കാം നഷ്ട്ടമാകില്ല.

“Uriyadi” movie directed by A.J.Varghese who had debut with superhit movie ‘Adi Kapyaare Koottamani’ has an interesting plot with the policemen’s life becoming the centre of attraction. ‘Uriyadi’ depicts about their worries and anxieties before entering into the major conflict. The movie starring Aju Varghese, Sreenivasan, Siddique, Indrans, Baiju Santosh, Sreejith Ravi, Manasa Radhakrishna, Arya, Sudhy Kopa, Vineeth Mohan, Sreelekshmi, Sreejith Ravi, Premkumar, BijuKuttan etc. Uriyadi produced by Naizam Salam, Sudheesh Sankar and Rajesh Narayanan.

You might also like