ശക്തമല്ല എന്നാൽ കൗതുകമാണ് ഈ വാര്‍ത്തകള്‍; “വാര്‍ത്തകള്‍ ഇതുവരെ” റിവ്യു.

0

വാര്‍ത്തകള്‍ ഇതുവരെ റിവ്യൂ: മീര ജോൺ

മലയാളികള്‍ക്കും മലയാള സിനിമയ്ക്കും കള്ളനും പൊലീസും എക്കാലത്തും സുപരിചിതമായ വിഷയമാണ്. പ്രേക്ഷകനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നിരവധി കള്ളന്‍ പൊലീസ് കഥകള്‍ മലയാള സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. ഒന്നുകില്‍ നായകനായി പൊലീസ് എത്തും അല്ലെങ്കില്‍ കള്ളന്‍. എന്നാല്‍ ഇതില്‍ നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നതാണ് ഈ കള്ളന്‍ പൊലീസ് ചിത്രം “വാര്‍ത്തകള്‍ ഇതുവരെ”. ഗൃഹാതുരത്വം നിറയുന്ന തൊണ്ണൂറുകളുടെ ആദ്യകാലത്ത് ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന കോമഡി ത്രില്ലര്‍ ചിത്രം കൂടിയാണിത്.

 

 

 

ഒരു കുഗ്രാമവും അവിടുത്തെ കുറച്ച് ജനങ്ങളും പൊലീസുകാരുമാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ഒരു നായകന്റെയോ നായികയുടേയോ മാത്രം ചിത്രമല്ലെങ്കിലും മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബിലൂടെ വെള്ളിത്തിരയിലെത്തിയ സിജു വില്‍സന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം കൂടിയാണിത്. ഒരു കുഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകരായ വിനയ ചന്ദ്രന്റെയും മാത്യൂസിന്റെയും കഥ കൂടിയാണ് ചിത്രം പറയുന്നത്. വിനയ് ചന്ദ്രനായി സിജുവും മാത്യൂസായി വിനയ് ഫോര്‍ട്ടുമാണ് വേഷമിടുന്നത്. പരസ്പരം സ്‌നേഹിച്ച് കൊണ്ട് പാര വെയ്ക്കുന്ന ഇരുവരുടെയും തമാശകളിലൂടെ സഞ്ചരിക്കുന്നതിനിടെ നാട്ടില്‍ അപ്രതീക്ഷിതമായി ഒരു മോഷണം നടക്കുകയും തുടര്‍ന്നുള്ള പൊലീസ് അന്വേഷണവും അതില്‍ നിന്നുണ്ടാകുന്ന സംഭവവികാസങ്ങളും നര്‍മ്മത്തിലൂടെ പറഞ്ഞു പോകുന്നതാണ് ചിത്രം.

 

 

 

മോഷണം നടത്തിയത് ഗ്രാമവാസികളോ അതോ മറുനാട്ടുകാരോ അതോ അധോലോക മോഷ്ടാക്കളോ… അങ്ങനെ പലവിധ സംശയങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്താന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൂട്ടിക്കൊണ്ട് പോവുന്നത്. ആദ്യാവസാനം വരെ പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരിയ്ക്കുള്ള വക നല്‍കുന്നതാണ് ചിത്രം. സ്ഥിരം കോമഡി നടന്മാരെ മാറ്റി പരീക്ഷിച്ചതും ഫലം കണ്ടു.

 

 

 

മുതിര്‍ന്ന താരങ്ങളെയും ഇളമുറക്കാരെയും ഒരുപോലെ സമന്വയിപ്പിക്കുന്ന രംഗങ്ങളാണ് ചിത്രത്തിന്റെ സവിശേഷതകളിലൊന്ന്. ഹമീദ്, ഇട്ടന്‍ പിള്ള, നാരായണ പിള്ള എന്നീ പൊലീസ് കഥാപാത്രങ്ങളായി സൈജു കുറുപ്പ്, നെടുമുടി വേണു, അലന്‍സിയര്‍ എന്നിവര്‍ മികച്ച നിലവാരം പുലര്‍ത്തിയപ്പോള്‍ മറ്റു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മാമുക്കോയ, ഇന്ദ്രന്‍സ്, ബാലചന്ദ്രന്‍, വിജയ രാഘവന്‍, നന്ദു, സുധീര്‍, കോട്ടയം പ്രദീപ്, നസീര്‍ സംക്രാന്തി, ശിവാജി ഗുരുവായൂര്‍ എന്നിവരും മോശമല്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു. പുതുമുഖ നായിക അഭിരാമി ഭാര്‍ഗവനും തന്റെ കഥാപാത്രം മികച്ചതാക്കാന്‍ ശ്രമിക്കുന്നുണ്ട്. പത്ര വാര്‍ത്തകളിലൂടെയും റേഡിയോ വാര്‍ത്തകളിലൂടെയുമാണ് കഥാസന്ദര്‍ഭങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റ്, പി.എസ്.ജി എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവയുടെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

 

 

നവാഗതനാണെങ്കിലും കൗതുകമുണര്‍ത്തുന്ന കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയും രസകരമായും ചിത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ മനോജ് നായര്‍ക്കായി. എല്‍ദോ ഐസകിന്റെ മികച്ച ദൃശ്യങ്ങളും മെജോ ജോസഫിന്റെ സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടി.

 

 

 

 

എന്നാല്‍ തൊണ്ണൂറുകളിൽ നടക്കുന്ന സംഭവം 29 വര്‍ഷങ്ങള്‍ക്ക് ശേഷം അവതരിപ്പിക്കുമ്പോള്‍ അത് പറഞ്ഞ് പ്രതിഫലിപ്പിക്കുന്നതില്‍ എത്രത്തോളം വിജയം കണ്ടു എന്നത് പരിശോധിക്കേണ്ടിവരും. രസകരമായ പല സന്ദര്‍ഭങ്ങള്‍ ഉണ്ടെങ്കിലും സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന അനേകം രംഗങ്ങളും ചിത്രത്തിലുണ്ട്. തിരക്കഥയിലുള്ള പാളിച്ചകൾ കാരണം ചില രംഗങ്ങൾ കുത്തിത്തിരുക്കിയതായും പ്രേക്ഷകന് തോന്നിയേക്കാം. “വാർത്തകൾ ഇതുവരെ” ഒരു പരീക്ഷണ ചിത്രമല്ല , ഒരു സാധാരണ ചിത്രം മാത്രം . പ്രേക്ഷകന് ഒറ്റ തവണ കാഴ്ചക്കായി ഈ വാർത്തകൾ കാണാം.

 

 

 

You might also like