പ്രേക്ഷകർക്ക് വള്ളിക്കെട്ടായി വള്ളിക്കുടിലിലെ വെള്ളക്കാരൻ.

0

വള്ളിക്കുടിലിലെ വെള്ളക്കാരൻ റിവ്യൂ: ധ്രുവൻ ദേവർമഠം

കഥയും കഥ പറയുന്ന രീതിയുമാണ് ഒരു സിനിമയുടെ വിജയം നിശ്ചയിക്കുക എന്നത് എപ്പോഴാകും നമ്മുടെ സിനിമ പ്രവർത്തകർ പഠിക്കുക എന്നത് വീണ്ടും ചോദിക്കുവാനാണ് “വള്ളിക്കുടിലിലെ വെള്ളക്കാരൻ” എന്ന ചിത്രം കണ്ടിറങ്ങിയപ്പോൾ തോന്നിയത്. ശരിക്കു പറഞ്ഞാൽ ഒരു ചെറിയ കാറ്റിൽ പറന്നു പോകുന്ന വള്ളിക്കുടിൽ എന്ന് വിശേഷിപ്പിക്കാം.


നവാഗതനായ ഡഗ്ലസ് ആൽഫ്രഡ് ഒരുക്കിയ ‘വള്ളിക്കുടിലിലെ വെള്ളക്കാരൻ’ എന്ന ചിത്രത്തെ ദൃശ്യ ഭംഗികൊണ്ട് ഗംഭീരമായെങ്കിലും തീർത്തും ദുർബലമാകുന്ന കഥ പറച്ചിലാണ് ചിത്രത്തിന് വിനയായി തീരുന്നത്. വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറി ജീവിക്കുവാൻ ആഗ്രഹിക്കുന്നവരുടെ കഥ നേരത്തെയും ചലച്ചിത്ര വിഷയമായി വന്നിട്ടുണ്ടെങ്കിലും .അതിലും മികച്ചതായിരിക്കുമെന്ന ചെറിയൊരു പ്രതീക്ഷയോടെയാണ് ചിത്രത്തിന് ടിക്കറ്റ് എടുത്തത് എന്നാൽ ആ പ്രതീക്ഷ പാടെ തെറ്റിക്കുന്നതായി തീയറ്ററിലെ അവസ്ഥ.


യൂറോപ്പിലേക്ക് പോയി സെറ്റിൽ ആകണമെന്നതാണ് സഹോദരന്‍മാരായ സാമിന്റെയും ടോമിന്റെയും ആഗ്രഹം. എന്നാല്‍, ഇവരില്‍ ഒരാള്‍ക്ക് മാത്രമേ വീട്ടില്‍നിന്ന് മാറിനില്‍ക്കാനുള്ള അനുവദിലഭിക്കുന്നുള്ളു. അതിനായി ഇരുവരും നടത്തുന്ന ശ്രമങ്ങളിലൂടെയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് സിനിമ മുന്നേറുന്നത് . സാം എന്ന കഥാപാത്രത്തെ ഗണപതിയും ടോമായി ബാലുവർഗ്ഗീസുമാണ് എത്തുന്നത്. ഇരു കഥാപാത്രങ്ങളുടെയും പരസ്പരമുള്ള പാര വെപ്പുകളിലൂടെയാണ് സിനിമയുടെ ആദ്യ ഭാഗം മുന്നേറുന്നത്. തരം താണ നമ്പറുകളിലൂടെ കോമഡി ഉണ്ടാക്കുവാനുള്ള സിനിമ എഴുത്തുകാരുടെ തീവ്ര ശ്രമം ദുരന്തമായ് തീരുകയാണ്. ആദ്യ പകുതി പൂർത്തിയാക്കാൻ വേണ്ടി തിരുകി കയറ്റിയ രംഗങ്ങൾ കൊണ്ട് തീർത്തും കഷ്ടപ്പെടുകയാണ് സംവിധായകൻ.


സാമിന്റെയും ടോമിന്റെയും പരസ്പരമുള്ള പാരവെപ്പുകളിലൂടെയാണ് ചിത്രത്തിന്റെ ആദ്യപകുതി കടന്നുപോകുന്നത്. എന്നാല്‍, അതിലൂടെ നര്‍മം സൃഷ്ടിക്കാനുള്ള രചയിതാക്കളുടെ ശ്രമം ദയനീയമായി പരാജയപ്പെടുകയാണ്. എന്തിനെന്നുപോലുമറിയാതെ തിരുകിക്കയറ്റിയിരിക്കുന്ന പല രംഗങ്ങളും ആദ്യപകുതിയിലെ ഒരുമണിക്കൂര്‍ സമയം തികയ്ക്കാനല്ലാതെ മറ്റൊന്നിനും ഉപകരിക്കുന്നില്ല.


വളരെ മനോഹരമായി മലയാളത്തിൽ ഒത്തിരി സാമൂഹിക വിമർശനങ്ങൾ നടത്തിയ സിനിമകൾ പിറന്നിട്ടുണ്ട് അത്തരത്തിൽ ഉള്ള ചിത്രങ്ങൾ എങ്കിലും സംവിധായകൻ മാതൃകയായി എടുത്തിരുന്നെങ്കിൽ ഇത്രമേൽ ദുരന്തമാകില്ലായിരുന്നു . നല്ല രീതിയിൽ ഉള്ള പ്രചരണം ഉണ്ടായിരുന്നെങ്കിലും ആദ്യ ദിനങ്ങളിൽ ചിത്രത്തിന് അൽപ്പമെങ്കിലും പ്രേക്ഷക സാധ്യതയെങ്കിലും ഉണ്ടായെനെ എന്നും തോന്നി.


ചിത്രത്തിന്റെ രണ്ടാംപകുതിയാണ് അൽപ്പമെങ്കിലും നന്നായി തോന്നിയത്. ഒരു ഫീല്‍ ഗുഡ് സിനിമയെന്ന പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഊഹിക്കാൻ കഴിയുന്ന കഥയും തിരക്കഥയിലെ വൻ പാളിച്ചകളും ചിത്രത്തിന് ഒടുവിൽ വിനയായി മാറുന്നു എന്നു പറയേണ്ടി വരും.

ലാൽ , ബാലു വർഗീസ് , ഗണപതി , രാഹുൽ മാധവ്, രഞ്ജി പണിക്കർ , അജു വർഗീസ് , ജോണി , വിഷ്ണു ഗോവിന്ദ്, ആൽഫി , തനൂജ, മുത്തുമണി എന്ന് തുടങ്ങിയ താരനിര പ്രത്യേകിച്ച് ചലനമൊന്നും പ്രേക്ഷക മനസ്സിൽ സൃഷ്ടിക്കുന്നില്ല. ഗണപതിയുടെ അഭിനയം മാത്രമാണ് തമ്മിൽ ഭേദമെന്നു പറയേണ്ടത്. ഒട്ടും ബലമില്ലാത്ത തിരക്കഥ പരമാവധി ഭംഗിയാക്കി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തിന് ഛായാഗ്രഹകനും എഡിറ്ററും നൽകിയ പിന്തുണയാണ് അൽപ്പമെങ്കിലും ചിത്രത്തെ ആസ്വാധ്യമാക്കിയതെന്ന് തോന്നി. ദീപക് ദേവിന്റെ ഗാനങ്ങൾ നിരാശപ്പെടുത്തി.

You might also like