“വരനെ ആവശ്യമുണ്ട്” – ഒരു ജൂനിയർ അന്തിക്കാട് ചിത്രം. – റിവ്യൂ.

0

വരനെ ആവശ്യമുണ്ട് റിവ്യൂ: ധ്രുവൻ ദേവർമഠം

 

“വരനെ ആവശ്യമുണ്ട്” ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങുന്ന ആദ്യ സിനിമ എന്നതിനുമപ്പുറം സത്യൻ അന്തിക്കാടിന്റെ മക്കളിൽ ഒരാളായ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സിനിമ അങ്ങനെ നിരവധി പ്രത്യേകതകളുമായാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. എന്നാൽ ആ പ്രത്യേകതകൾ ഒക്കെ ഒണ്ടായിട്ടും ഒരു ശരാശരി ഫീൽ ഗുഡ് സിനിമ മാത്രമായി പോയി എന്നത് പ്രേക്ഷകർക്ക് നിരാശയേകും.

ഓരോ യുവ സംവിധായകർ സിനിമകളുമായി എത്തുമ്പോഴും കാഴ്ച്ചക്കാർ അത്ഭുതങ്ങൾ പ്രതീക്ഷിക്കും ഇത് പ്രത്യേകിച്ചും സത്യൻ അന്തിക്കാടിനെ പോലെ ഒരാളുടെ മകന്റെ ചിത്രമാകുമ്പോൾ. ഈ സിനിമയെ ന്യൂജെൻ അന്തിക്കാടൻ നന്മ ചിത്രം എന്ന് വിശേഷിപ്പിക്കാം. ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് അനൂപ് സത്യൻ തന്റെ ആദ്യ സിനിമയുടെ കഥ പറയാനായി തിരഞ്ഞെടുത്തിരിക്കുന്നത്. നഗരത്തിലെ ഒരു ഫ്ലാറ്റിൽ ജീവിക്കുന്ന മധ്യവർത്തികളായവരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം.


അനൂപും അച്ഛനെ പോലെ തന്നെ കുടുംബ ബന്ധങ്ങളുടെ സെയിഫ് സോണിൽ നിന്നു കൊണ്ടുള്ള സിനിമയാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. വളരെ വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടെ മനോഹരമായ തിരിച്ചുവരവാണ് ഈ സിനിമയിലൂടെ സംഭവിച്ചിരിക്കുന്നത്.മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായുള്ള പ്രകടനം പ്രേക്ഷകർക്ക് ഫ്രഷ് ഫീലാണ് നൽകുക. പ്രത്യേകിച്ച് ശോഭനയുമൊത്തുള്ള പ്രണയരംഗങ്ങൾ എല്ലാം തന്നെ. കല്ല്യാണി പ്രിയദർശൻ മലയാളത്തിലേക്കുള്ള തന്റെ ആദ്യവരവും മോശമാക്കിയില്ല ശോഭനയുമൊത്തുള്ള രംഗങ്ങൾ എല്ലാം മോശമല്ലാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഒരു വിഷയത്തിൽ പ്രേക്ഷകനെ ഫോക്കസ് ചെയ്യിക്കുന്നതിൽ വന്ന പാളിച്ചയാണ് ചിത്രത്തിന് പ്രധാന കല്ലുകടിയായി മാറിയത്.

പാട്ടുകളിൽ ചിലതെല്ലാം നിർബന്ധപൂർവ്വം കൂട്ടിച്ചേർത്തതായാണ് ഫീൽ ചെയ്യുന്നത്. രണ്ട് മണിക്കൂറിൽ ചിത്രം നിർത്തിയിരുന്നെങ്കിൽ കുറച്ചുകൂടി പ്രേക്ഷകർക്ക് ഫീൽ ആയെനെ എന്നു തോന്നി. ബോസ് എന്ന മനശാസ്ത്രജ്ഞനായി ജോണി ആന്റണി തകർത്ത് അഭിനയിച്ചിട്ടുണ്ട് ചിത്രത്തിൽ. ഉർവ്വശ്ശി, സിജു വിൽസൺ, ലാലു അലക്സ്, മേജർ രവി, കെ പി എ സി ലളിത, ശ്രീജ രവി തുടങ്ങിയവരും അവരവരുടെ വേഷങ്ങൾ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ മുകേഷ് മുരളീധരനാണ് ഛായാഗ്രാഹകൻ അദ്ദേഹത്തിന്റെ ഛായാഗ്രാഹണ മികവുകൊണ്ടു കൂടിയാണ് ചിത്രം ഒരു തവണ കാഴ്ച്ചയ്ക്കുള്ളതായെങ്കിലും മാറിയെതെന്ന് പറയാം.


ദുൽഖർ സൽമാന് ഈ ചിത്രത്തിൽ കാര്യമായൊന്നും ചെയ്യാൻ ഇല്ലായെന്നു തന്നെ പറയാം ഒരു പക്ഷേ അദ്ദേഹത്തിന്റെ നിർമ്മാണ സംരംഭം ആയതിനാലാവാം ഫ്രോഡ് (ബിബീഷ് പി) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് പ്രേക്ഷകർക്ക് തോന്നിയാലും കുറ്റം പറയാൻ ഒക്കില്ല. വിവിധ പ്രായത്തിലുള്ള ആളുകളുടെ പ്രണയസംങ്കൽപ്പത്തെ അവതരിപ്പിക്കുന്നതിനാണ് സംവിധായകൻ ഈ സിനിമയിലൂടെ ശ്രമിച്ചിരിക്കുന്നത്.

പല വഴികളിലൂടെ സഞ്ചരിച്ച് സിനിമ അവസാനിപ്പിക്കുവാൻ വേണ്ടി സംവിധായകൻ അവസാന സീനുകളിലെത്തുമ്പോൾ കഷ്ട്ടപ്പെടുന്നതായി തോന്നി. ശോഭന-സുരേഷ് ഗോപി-കല്യാണിപ്രിയദർശൻ എന്നിവരുടെ പ്രകടനമികവിൽ ഒറ്റത്തവണ കാഴ്ച്ചയ്ക്കായി ടിക്കറ്റ് എടുക്കാം.

You might also like