ചുരുക്കത്തിൽ ഒരു ഫ്ലോപ്പ് സിനിമ തന്നെയാണ് ‘വട്ടമേശ സമ്മേളനം’ – റിവ്യൂ.

0

വട്ടമേശ സമ്മേളനം റിവ്യൂ: ധ്രുവൻ ദേവർമഠം

 

ജഗ്ഗുഭായി ഖുറാന എന്ന പാതി മലയാളിയും, ബാക്കി പകുതി പഞ്ചാബിയോ തമിഴനോ ആയ ഒരു എക്സ് അധോലോക നായകൻ, ഏതേലും ഒരു നഷ്ടം വരുന്ന ബിസിനസ്സ് ചെയ്ത് പാപ്പരാണെന്ന് കാണിച്ച്, അയാൾ ബാങ്കിൽ നിന്നും എടുത്ത ലോൺ തിരിച്ചടക്കാതെ രക്ഷപ്പെടാനുള്ള പഴുതുകൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നിടത്താണ് “വട്ടമേശ സമ്മേളനം” എന്ന സിനിമ തുടങ്ങുന്നത്. ഇതിനായി അയാൾ ഒരു ജ്യോത്സ്യന്റെ അടുക്കൽ എത്തുകയും, ജ്യോത്സ്യന്‍ അയാളോട് മലയാളത്തിൽ ഒരു സിനിമ നിർമ്മിക്കാൻ ഉപദേശിക്കുകയും, മലയാളത്തില്‍ ഇതുവരെ വിജയിച്ച ചരിത്രം ഇല്ലാത്ത കൂട്ടച്ചിത്രം തന്നെ നിര്‍മിച്ച് കൊള്ളാനും പറയുന്നു. ഇങ്ങനെ നിർമ്മിച്ച അഞ്ച് ചെറു ചിത്രങ്ങൾ അടങ്ങിയ ഒരു കൂട്ടച്ചിത്രം ആണ് ‘വട്ടമേശ സമ്മേളനം’.

 

 

 

ഇമ്മാനുവൽ, അച്ഛാ ദിൻ മുതലായ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ വിജീഷ് എഴുതി സംവിധാനം ചെയ്ത ‘സൂപ്പർഹീറോ’ എന്ന ചെറു ചിത്രം ആണ് ആദ്യത്തേത്. അഞ്ചെണ്ണത്തിൽ ഏറ്റവും മികച്ചത് എന്ന് തോന്നിയതും ഇത് തന്നെ ആണ്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ കുട്ടിക്കാലത്തെ സാഹസികതകൾ കാണിക്കുന്ന ലിറ്റിൽ കൃഷ്ണ എന്ന ഒരു കാർടൂൺ പരമ്പരയിലെ നായകന്റെ വളരെ വലിയ ഒരു ആരാധകന്‍ ആയ മുസ്തഫ എന്ന മുസ്ലിം ബാലന്റെ കഥ ആണ് സൂപ്പർഹീറോ എന്ന ഈ ചെറു ചിത്രത്തിൽ പറയുന്നത്. മനുഷ്യരുടെ ഇടയിലെ വര്‍ഗീയതയുടെയും അന്ധവിശ്വാസത്തിന്റെയും വിത്തുകൾ എങ്ങനെ ഉണ്ടാകുന്നു എന്ന് നര്‍മ്മത്തില്‍ പൊതിഞ്ഞ് പറയുകയാണ് ഈ ചിത്രം.

 

 

 

‘ദൈവം നമ്മോട് കൂടെ’ എന്ന പേരില്‍ വന്ന ഒരു ചെറു ചിത്രം ആണ് വട്ടമേശ സമ്മേളനത്തിൽ രണ്ടാമത് വരുന്നത്. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ഉള്ള ലഹരിയുടെ ആസക്തിയും, ചെറുപ്പക്കാരായ ആണുങ്ങളിൽ പലർക്കും പെണ്ണുങ്ങളോടുള്ള സമീപനവും ഓക്കെ എങ്ങനെ ആണെന്നുള്ള ഈ ചെറു ചിത്രം എടുത്ത വ്യക്തിയുടെ കാഴ്ചപ്പാടാണ് ഈ ചിത്രം. ഹാസ്യം ആണേലും പരിഹാസം ആണേലും, എന്തും അധികം ആയാൽ നന്നല്ല എന്നതിന്റെ ഉദാഹരണം ആണ് ഈ ചിത്രം, വട്ടമേശ സമ്മേളനം എന്ന ചിത്രം മൊത്തത്തില്‍ എടുത്താലും ഈ ഒരു ആധിക്യം പ്രകടമാണ്. വട്ടമേശ സമ്മേളനത്തിൽ ഏറ്റവും മോശം ചിത്രം ആയി തോന്നിയത്‌ ഈ ചിത്രം ആണ്.

 

 

 

ഭ്രാന്തൻ എന്ന് അര്‍ത്ഥം വരുന്ന ‘മേനിയാക്’ ആണ് മൂന്നാമത് വരുന്ന ചെറു ചിത്രം. ഹോമ്ലി മീൽസ് എന്ന ചിത്രം എഴുതി, നായകൻ ആയി അഭിനയിക്കുകയും, ബെന്‍ എന്ന ചിത്രം എഴുതി സംവിധാനം ചെയ്യുകയും ചെയ്ത വിപിന്‍ ആറ്റ്ലീ എഴുതി, നായകന്‍ ആയിട്ട് അഭിനയിച്ച ചെറു ചിത്രം ആണ് മേനിയാക്. താന്‍ ചെറുപ്പത്തില്‍ അനുഭവിച്ച, ബാക്കിയുള്ളവർക്ക് വളരെ ചെറുത് എന്ന് തോന്നുന്ന പല അനുഭവങ്ങൾ കാരണം, ഇപ്പോഴും ബാക്കിയുള്ളവർക്ക് മനസ്സിലാകാതെ മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ നര്‍മ്മത്തിന്റെ അകമ്പടിയോടെ പറയുകയാണ്‌ ഈ ചിത്രം. സൂപ്പർഹീറോ എന്ന ചിത്രം കഴിഞ്ഞാല്‍ ഏറ്റവും മികച്ചത് എന്ന് തോന്നിയതും ഇതാണ്.

 

 

പാഷാണം ഷാജി എന്ന് പരക്കെ അറിയപ്പെടുന്ന സാജു നവോദയ സംവിധാനം ചെയ്ത ‘കറിവേപ്പില’ ആണ്‌ നാലാമത് വരുന്ന ചെറു ചിത്രം. ഹാസ്യ നടന്‍ നോബി, നോബി എന്ന കഥാപാത്രം ആയി തന്നെ ആണ് ഇതിൽ വരുന്നത്. മറ്റുള്ളവരുടെ മുന്‍പില്‍ സെലിബ്രിറ്റി ആണെങ്കിലും, വീട്ടില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു ഹാസ്യ കലാകാരന്‍ ആണ് ഈ ചെറു ചിത്രത്തിലെ പ്രധാന കഥാപാത്രം. ഈ കലാകാരന്‍ കുറച്ച് മണിക്കൂറുകൾക്കിടയിൽ കടന്ന് പോകുന്ന നിര്‍ഭാഗ്യകരമായ ചില സന്ദര്‍ഭങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ഈ ചെറു ചിത്രത്തിൽ. സൂപ്പർഹീറോ, മേനിയാക്, എന്നീ ചെറു ചിത്രങ്ങൾ കഴിഞ്ഞാല്‍ മികച്ചത് എന്ന് തോന്നിയ ചിത്രം.

 

 

 

മേനിയാക് എഴുതുകയും നായകന്‍ ആയി അഭിനയിക്കുകയും ചെയ്ത വിപിന്‍ ആറ്റ്ലീ തന്നെ എഴുതി സംവിധാനം ചെയ്ത ‘പർർർർ..’. എന്ന ചെറു ചിത്രം ആണ് അഞ്ചാമത് വരുന്ന ചെറു ചിത്രം. വെള്ളം പാഴാക്കാതെ ഉപയോഗിക്കുക എന്ന സന്ദേശം ആണ്, ഒരു ബഹുനില കെട്ടിടത്തിലെ വെള്ളം ഒരു ദിവസം പെട്ടെന്ന് തീരുമ്പോള്‍ അവിടെ വസിക്കുന്ന ആളുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഹാസ്യത്തിന്റെ അകമ്പടിയോടെ കാണിച്ച്, പറയാന്‍ ശ്രമിക്കുന്നത്. നല്ല തീം ആയിട്ടും, എടുത്ത് വന്നപ്പോൾ എവിടെയൊക്കെയോ ചില പാളിച്ചകള്‍ സംഭവിച്ചു എങ്കിലും മോശം ആക്കാതെ എടുത്തിട്ടുണ്ട്.

 

 

 

ഈ അഞ്ച് ചിത്രങ്ങൾ എടുക്കുന്നതിന്റെ ഇടയില്‍ ഇതിന്റെ പിന്നണിയിൽ നടക്കുന്നത് എന്ന രീതിയില്‍ കുറെ സംഭവങ്ങൾ ആക്ഷേപ ഹാസ്യ രൂപേണ ഇതിൽ കാണിക്കുന്നുണ്ട്. ആദ്യം ഒക്കെ അത് ആസ്വാദ്യകരമായി തോന്നിയെങ്കിലും പിന്നീട് സെൽഫ് ടൂളുകളും പരിഹാസവും എല്ലാം അധികം ആകുമ്പോള്‍ അത് വളരെ അരോചകം ആകുകയും ചെയ്യുന്നുണ്ട്. മൂവി 43 എന്ന ഇംഗ്ലീഷ് കൂട്ട ചിത്രവും ചില ഭാഗങ്ങളില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സാധാ സിനിമ പ്രേക്ഷകര്‍ക്ക് ഇത് കണ്ടിരിക്കാൻ നല്ല ബുദ്ധിമുട്ട്‌ ആയിരിക്കും. ഓഫ്ബീറ്റ് സിനിമ പ്രേക്ഷകർക്ക് ഈ വട്ടമേശ സമ്മേളനം എന്ന കൂട്ട ചിത്രം ഒരു തവണ കണ്ടിരിക്കാൻ ഉള്ളതുണ്ട്.

You might also like