
നന്മ നിറഞ്ഞ ഒഴുക്ക് കുറഞ്ഞ “വെള്ളം” : റിവ്യു വായിക്കാം.
318 ദിവസത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലെത്തിയ ആദ്യ മലയാള ചിത്രം എന്ന ലേബലിലും
നന്മ നിറഞ്ഞ ഒഴുക്ക് കുറഞ്ഞ “വെള്ളം” : റിവ്യു വായിക്കാം.
വെള്ളം റിവ്യൂ: ജനദേവൻ
318 ദിവസങ്ങൾക്ക് ശേഷം മലയാളം സിനിമ വീണ്ടും തിയേറ്ററുകളിലേക്ക്. ക്യാപ്റ്റന് ശേഷം ജയസൂര്യ- പ്രജേഷ് സെൻ ടീം ഒന്നിക്കുന്ന “വെള്ളം”. ട്രെയ്ലർ സൂചിപ്പിച്ച പോലെ ഒഴുക്ക് കുറഞ്ഞ വെള്ളത്തിന്റെ അവസ്ഥയാണ് ചിത്രത്തിൽ നിന്നും പ്രേക്ഷകന് ലഭിക്കുന്നത്.
ഒരു യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് വെള്ളം എന്ന സിനിമ ഒരുങ്ങിയിരിക്കുന്നത്. ജീവിതത്തിൽ ഒരു ലക്ഷ്യബോധമില്ലാതെ മുഴുസമയവും മദ്യപ്പിച്ചു നടക്കുന്ന മുരളി എന്നൊരു നാട്ടുപ്പുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് “വെള്ളം”.
കുടിയന്മാരുടെ കഥപറയുന്ന സിനിമകൾ മലയാളത്തിൽ ഏറെ വന്നിട്ടുണ്ടെങ്കിലും വെള്ളത്തിന് അതിൽ നിന്നെല്ലാമുള്ള വ്യത്യസ്തത റിയലിസ്റ്റിക് എന്ന ഘടകമാണ്. ഒരു മുഴുകുടിയന്റെ ശരീരഭാഷയും ശൈലിയുമൊക്കെ ഹൃദയസ്പർശിയായ അവതരിപ്പിക്കാൻ ജയസൂര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജയസൂര്യയുടെ കരിയർ ബെസ്റ്റ് പ്രകടനം എന്ന സ്ഥിരം വാചകമൊന്നും പറയാനില്ലെങ്കിലും അദ്ദേഹം മികച്ച രീതിയിൽ തന്നെ നായകവേഷം ചെയ്തിട്ടുണ്ട്.
സംയുക്ത മേനോന്റെ ഇതുവരെയുള്ള കരിയറിലെ തീർത്തും വ്യത്യസ്തമായ വേഷം തന്നെയാണ് വെള്ളത്തിലെ സുനിത. സിദ്ദിഖ്, ശ്രീലക്ഷ്മി, ജോണി ആന്റണി, പ്രിയങ്ക, ബൈജു, ഇന്ദ്രൻസ്, നിർമൽ പാലാഴി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂർ, വെട്ടുകിളി പ്രകാശ്, സിനിൽ സൈനുദ്ദീൻ,അധീഷ് ദാമോദർ തുടങ്ങി താരങ്ങളും ചിത്രത്തിൽ മിന്നി മറയുന്നുണ്ട്.
ജയസൂര്യയുടെ മികച്ച പ്രകടനത്തിൽ ഒഴുക്കുന്ന വെള്ളത്തിന്റെ മതിപ്പ് കുറയ്ക്കുന്നത് സംവിധായകൻ പ്രജേഷ് സെനിന്റെ തന്നെ തിരക്കഥയാണ്. തുടക്കവും ഒടുക്കവും നല്ലതായെങ്കിലും പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്തുവാൻ വെള്ളത്തിന് സാധിക്കുന്നില്ല എന്നതും സാരം. റോബി വർഗ്ഗീസിന്റെ ഛായാഗ്രഹണം, ബിജിബാലിന്റെ സംഗീതം, ബിജിത് ബാലയുടെ എഡിറ്റിങ് എന്നീ സാങ്കേതിക തലങ്ങൾ ശരാശരിക്ക് മേൽ നിന്നു.
1985ൽ ഹരിഹരന്റെ സംവിധാനത്തിൽ നടൻ ദേവൻ നിർമ്മിച്ചു പ്രേം നസീർ , മധു , കെ ആർ വിജയ , ശ്രീവിദ്യ തുടങ്ങിവർ മുഖ്യ വേഷത്തിലെത്തിയ ‘വെള്ളം’ എന്ന സിനിമയുമായി ഈ വെള്ളത്തിനു സാമ്യത ഒന്നുമില്ലെങ്കിലും അന്നത്തെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് അവസ്ഥ പുതിയ വെള്ളത്തിന് വരാതിരിക്കട്ടെ. 318 ദിവസത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലെത്തിയ ആദ്യ മലയാള ചിത്രം എന്ന ലേബലിലും ജയസൂര്യയുടെ മികച്ച പ്രകടനത്തിലും ഒറ്റതവണ ഈ “വെള്ളം” കുടിക്കാം.