മനം തൊടുന്ന “വികൃതി” . റിവ്യൂ വായിക്കാം.

0

 

വികൃതി റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

 

സോഷ്യൽ മീഡിയ കാലത്തെ ചില വികൃതികൾ മനുഷ്യരുടെ ജീവിതം തന്നെ തകർത്തെറിഞ്ഞ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ കൊച്ചി മെട്രോയിൽ വച്ചുണ്ടായ സംഭവത്തെ ആസ്പദമാക്കിയാണ് നവാഗതനായ എംസി ജോസഫ് ഒരുക്കിയ “വികൃതി” എന്ന ചിത്രം. ഈ സിനിമ പ്രദർശനത്തിന് എത്തിയ ദിവസം പോലും സോഷ്യൽ മീഡിയ വഴി മലയാളത്തിന്റെ പ്രിയ നടൻ മധുമരണപ്പെട്ടന്നു പറഞ്ഞതും, സംവിധായകൻ കെ.ജി ജോർജ്ജിനെ ഓർമ്മകൾ നഷ്ട്ടമായതിനെ തുടർന്ന് വൃദ്ധസദനത്തിൽ കൊണ്ടാക്കിയെന്നും മറ്റുമുള്ള ഫേയിക്ക് വാർത്തകൾ പ്രചരിക്കുന്നത് കണ്ടതാണ്.

 

 

 

അത്തരത്തിൽ ഇരയാക്കപ്പെട്ടൊരാളുടെയും ഇരയാക്കിയ ആളുടെയും ജീവിതമാണ് ‘വികൃതി’ എന്ന ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരോട് പറയുന്നത്. സംസാര ശേഷിയില്ലാത്ത എൽദോ എന്ന കഥാപാത്രമായി സുരാജ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്. ഒപ്പം മുഹമ്മദ് സമീർ എന്ന സോഷ്യൽ മീഡിയ രോഗിയായി സൗബിൻ ഷാഹിറും. രണ്ടു പേരും ചേർന്നു സിനിമ സംസാരിക്കുന്ന ഗൗരവമായ വിഷയം കൃത്യമായി തന്നെ പ്രേക്ഷകരുടെ ഉള്ളിലേക്ക് ഈ സാമൂഹിക പ്രശ്നത്തെ കൊണ്ട് ചെന്നെത്തിക്കുന്നുണ്ട്. പുതുമുഖം വിൻസിയാണ് സൗബിന്റെ നായികയായി അഭിനയിച്ചിരിക്കുന്നത്. പാളിച്ചകൾ ഇല്ലാതെ മനോഹരമായി ആ കഥാപാത്രത്തെ ചിത്രത്തിൽ അവർ അവതരിപ്പിച്ചിട്ടുണ്ട്. സുരഭി ലക്ഷ്മിയാണ് ചിത്രത്തിൽ സുരാജിന്റെ നായികയായി എത്തിയിരിക്കുന്നത്. നിറഞ്ഞു നിൽക്കുന്ന പ്രകടനമാണ് ചിത്രത്തിൽ സുരഭി ലക്ഷ്മിയുടെത്. മാമ്മുക്കോയ, ഇർഷാദ്, സുധികോപ്പ , മേഘനാദൻ, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, റിയാസെയറ, മറീന മൈക്കൽ , ബാബുരാജ്, ഭഗത് മാനുവൽ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അവരവരുടെ കഥാപാത്രങ്ങളെ നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

 

 

 

എ.ഡി ശ്രീകുമാർ ,ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ തുടങ്ങിയവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നാഥനില്ലാത്ത പല പോസ്റ്റുകളും ഷെയർ ചെയ്ത് പണികിട്ടുന്നവരുടെ എണ്ണവും കുറവൊന്നുമല്ല. വംശീയ രാഷ്ട്രയ ലൈംഗീക പരമായ അധിക്ഷേപങ്ങൾക്ക് വരെ ഇരയായവരുടെ എണ്ണമെടുത്താൽ തീരുകയുമില്ല. സത്യമെന്തെന്ന് തിരിച്ചറിയാതെ മറുപുറം നോക്കാതെ അപ്ലോഡ് ചെയ്യപ്പെടുന്ന പല സംഭവങ്ങളും ഏറ്റുപിടിച്ചവർക്കൊക്കെ ലഭിച്ചിരിക്കുന്ന ശിക്ഷകളുമൊക്കെ നാം പലവട്ടം വായിച്ചിട്ടുണ്ടെങ്കിലും ഒരിക്കലെങ്കിലും അറിയാതെയെങ്കിലും അത്തരത്തിൽ പണി വാങ്ങിയവരാണ് ഏറെയും അത്തരത്തിലുള്ള കേരളത്തിലെ ജനസമൂഹത്തിനുള്ള പാഠപുസ്തകം കൂടിയാണ് വികൃതിയെന്ന ചിത്രം.

 

 

 

പാളിപോകാൻ ഏറെ സാധ്യതയുള്ള സബ്ജറ്റിനെ കൈയ്യടക്കത്തോടെ സംവിധാനം ചെയ്തൊരുക്കിയ മികവു തന്നെയാണ് ചിത്രത്തെ പ്രേക്ഷകർക്ക് ആ സ്വദിക്കുവാനുള്ള രൂപത്തിൽ പരുവപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സിനിമയുമായി അത്രതന്നെ ഇഴുകി നിൽക്കുന്നവയാണ്. ആൽബിയുടെ ഛായാഗ്രാഹണമികവും വികൃതിയുടെ അഴകെറ്റുന്നു.

 

 

 

സുരാജ് അവതരിപ്പിക്കുന്ന എൽദോയുടെ ജീവിതയാത്രയിലൂടെയാണ് ചിത്രത്തിന്റെ ആരംഭം. തുടർന്ന് പ്രവാസിയായ സമീറിന്റെ നാട്ടിലേക്കുള്ള മടങ്ങി വരവിലേക്കാണ് സംവിധായകൻ കാഴ്ച്ചക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നത്. അയാളെ എയർപ്പോട്ടിൽ നിന്ന് കാണിക്കുന്ന രംഗത്ത് തന്നെ ആൾ ഒരു സോഷ്യൽ മീഡിയ അഡിറ്റഡായുള്ള രോഗിയാണെന്നത് നമുക്ക് കാട്ടി തരികയാണ്. വീട്ടിലേക്കുള്ള യാത്രക്കിടയിൽ ബാല്യകാല സുഹൃത്തിനോട് തന്റെ ഫെയിസ് ബുക്ക് പോസ്റ്റുകൾക്ക് ലൈക്ക് നൽകാതതിനെക്കുറിച്ച് പരിഭവിക്കുന്ന സമീറിനെയാണ് നമുക്ക് കാണുവാൻ സാധിക്കുക.

 

 

 

 

അതെ ആവേശം തന്നെയാണ് സമീറിനെ പിന്നീട് വലിയ വിവാദത്തിലേക്കും മാനസ്സികമായി തകർന്നു പോകുന്ന അവസ്ഥയിലേക്കും സ്വന്തം ജീവിതം പിടിവിട്ടു പോകുന്ന അവസ്ഥയിലേക്കും അയാളെ കൊണ്ടു ചെന്നെത്തിക്കുന്നത്. ചെയ്ത് പോയ തെറ്റിന്റെ ആഴം മനസ്സിലാക്കുന്ന സമീറിന് പശ്ചാത്താപം ഉണ്ടെങ്കിലും ഭയവും മനോസംങ്കർഷവും കാരണം കൂട്ടുകാരോടല്ലാതെ മറ്റൊരാളോടും തുറന്നു പറയുവാൻ പോലും കഴിയുന്നില്ല. സമീർ നിമിത്തം അപമാനിക്കപ്പെട്ട എൽദേയുടെ ജീവിതവും ദുരിതപൂർണ്ണമായി തീരുകയാണ് അത് അയാളെ സമൂഹത്തിന് മുന്നിൽ പരിഹാസ കഥാപാത്രമാക്കിമാറ്റുകയും ചെയ്യുന്നു. ജോലിയെ പോലും ബാധിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ട് ചെന്ന് എത്തിക്കുകയും ചെയ്യുന്നുണ്ട്. സത്യം തിരിച്ചറിയുന്നതാകട്ടെ മാധ്യമ പ്രവർത്തകയായ അയൽക്കാരി പെൺകുട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുവഴിയും. എൽദോ കുറ്റക്കാരനല്ലെന്ന് തിരിച്ചറിയപ്പെടുന്നതോടെ കാര്യങ്ങൾ മാറിമറിയുകയാണ്. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെ മുന്നേറി അവസാനിക്കുന്നതാണ് വികൃതിയെന്ന ചിത്രം . തീർച്ചയായും ഇന്നത്തെ ഓരോ മലയാളിയും നിർബന്ധമായും കണ്ടിരിക്കേണ്ടതാണീ കുഞ്ഞുചിത്രം. അത്രമേൽ നമ്മുടെ ദിന ജീവിതം തന്നെയാണ് ചിത്രം കാട്ടിത്തരുന്നത്.

 

 

 

You might also like