പടരുന്ന “വൈറസ്” : റിവ്യൂ വായിക്കാം…..

0

വൈറസ് റിവ്യൂ: പ്രിയ തെക്കേടത്

 

 

 

ഓരോ മിനുട്ടും ശ്വാസം അടക്കിപ്പിടിച്ച് ഭീതിയിലാഴ്ത്തി ആഷിഖ് അബു ചിത്രം “വൈറസ്”. കഴിഞ്ഞ വർഷം കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ മഹാമാരിയുടെ നേർക്കാഴ്ച തന്നെയാണ് ചിത്രം. അത് ഒരു പോരാട്ടമായിരുന്നു , ആ പോരാട്ടത്തിൽ ആരൊക്കെയാണ് ഉണ്ടായതെന്ന് കൃത്യമായി പറഞ്ഞു വച്ചിരിക്കുകയാണ് സംവിധായകൻ. സംഭവിച്ചതെന്ത് എന്നതിനെ കുറിച്ച് വ്യക്തമായ ബോദ്ധ്യമുള്ള ആബാലവൃദ്ധം ജനങ്ങൾക്ക് മുന്നിൽ ഇത്തരമൊരു കഥയെ ത്രില്ലിംഗായി അവതരിപ്പിക്കുകയെന്നത് ഏതൊരു സംവിധായകനും കടുത്ത വെല്ലുവിളി ആയിരിക്കും.

 

ആ വെല്ലുവിളി ഏറ്റെടുത്താണ് ആഷിക് അബു തന്റെ സിനിമയെ വാർത്തെടുത്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഇതൊരു സർവൈവൽ ത്രില്ലറാണ്. ഇത്തരത്തിൽ മലയാളത്തിൽ മുൻപൊരിക്കലും ചിത്രം ഉണ്ടായിട്ടില്ല. ഈ മുൾട്ടിസ്റ്റാർ സിനിമയിൽ എല്ലാവരും ഒരുമിച്ച് മത്സരിക്കുന്നത് കാണാൻ സാധിക്കും.

 

 

 

കാഷ്യുലിറ്റിയിൽ തുടങ്ങുന്ന ചിത്രം മുന്നോട്ട് പോകുന്നത് ഗംഭീര ബി ജി എംലൂടെയാണ് . പേടിപ്പെടുത്തുന്ന ഓരോ നിമിഷവു . പേരാമ്പ്രയിലെ ഒരു കുടുംബത്തിൽ നിന്നാരംഭിക്കുന്ന രോഗബാധ ചില ഡോക്ടർമാരിൽ സന്ദേഹം ജനിപ്പിക്കുന്നു. പക്ഷേ രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും അത് പലരിലേക്കും പടർന്നിരുന്നു. രോഗത്തിന്റെ സംഹാരശേഷിയേക്കാൾ അതുണ്ടാക്കിയ ഭീതി സമൂഹത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്ന് ചിത്രം വിവരിക്കുന്നു. രോഗത്തിന്റെ ആവിർഭാവവും മരണവും പ്രതിരോധവും ആദ്യ പകുതി സജീവമാക്കുമ്പോൾ രണ്ടാം പകുതി രോഗത്തിന്റെ ഉറവിടം തേടി നടത്തുന്ന അന്വേഷണമാണ്. അതിനോട് ബന്ധപ്പെട്ടു കിടക്കുന്ന നിഗൂഢതകളും ചിത്രത്തിന് ത്രില്ലർ സ്വഭാവം നൽകുന്നു.

 

 

 

 

ഒരുവശത്തു രോഗം പത്തിമടക്കുന്നതിന് സമാന്തരമായി, നിപ്പയുടെ ഉറവിടം തേടിയുള്ള യാത്ര കൊണ്ടെത്തിക്കുന്ന തിരിച്ചറിവുകളിലാണ് ചിത്രം ഉപസംഹരിക്കുന്നത്. നിപ്പയെ പ്രതിരോധിക്കുന്ന പോരാട്ടത്തിൽ സ്വന്തം ജീവൻ ത്യജിച്ച ലിനി എന്ന നഴ്സ് ചിത്രത്തിൽ അഖിലയായി തന്റെ ജീവിതം ഒരിക്കൽ കൂടി പറയാനെത്തുന്നു എന്നതും എടുത്തുപറയേണ്ട കാര്യമാണ്.

 

 

 

ആഷിക് അബുവിന്‍റെ സംവിധാനത്തിൽ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേർന്ന് നിർമിക്കുന്ന വൈറസ് ഈ അതിജീവനത്തിന്‍റെ കഥയാണ് പറയുന്നത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ് ജേതാവ് മുഹസിൻ പെരാരി ഷറഫു, സുഹാസ് എന്നിവർക്കൊപ്പം ചേർന്നാണ് വൈറസിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

 

 

രേവതി ,രാജീവ് രവി ,മുഹ്സിൻ പരാരി, സമീറ സനീഷ് ,സുഷിൻ ശ്യാം , പാർവതി തുടങ്ങി ദേശീയ-സംസ്ഥാന അവാർഡ് ജേതാക്കളുടെ നീണ്ട നിര തന്നെ ചിത്രത്തിന്‍റെ മുന്നണിയിലും പിന്നണിയിലുമുണ്ട്. പാർവതി, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, രേവതി എന്നിവർക്കാണ് കൂടുതൽ സ്ക്രീൻ സ്പേസ് ലഭിച്ചിട്ടുള്ളത്. സൗബിൻ ഷാഹിറും മികച്ച പ്രകടനമാണ് നടത്തുന്നത്. റ ഹ്മാൻ, ഇന്ദ്രജിത്ത്, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ഷറഫുദ്ദീൻ, ആസിഫ് അലി, സുധീഷ്, ബേസിൽ ജോസഫ്, സെന്തിൽ കൃഷ്ണ, ദിലീഷ് പോത്തൻ, സജിത മഠത്തിൽ, ലിയോണ ലിഷോയ് എന്നുവേണ്ട ചെറുതും വലുതുമായി വലിയൊരു താരനിര തന്നെ വന്നുപോകുന്നുണ്ട് സിനിമയിൽ.

 

 

You might also like