തലയ്ക്കു മീതെ പറക്കാതെ വിശ്വാസം .

0

വിശ്വാസം റിവ്യൂ: പ്രിയ തെക്കേടത്

 

 

 

തല അജിത്ത് തന്നെയാണ് “വിശ്വാസം” കാണാൻ തിയേറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരുടെ പ്രധാന കാരണം. സ്‌റ്റൈല്‍ മന്നന്റെ പേട്ടയ്‌ക്കൊപ്പമാണ് എന്നത് വലിയ വെല്ലുവിളി തന്നെയാണ്. സംവിധായകൻ ശിവ വിശ്വാസത്തെ ഇത് ഒരു മാസ്സ് ആക്ഷൻ ഫാമിലി ചിത്രമെന്ന ലേബലിലാണ് ഒരുക്കിയിട്ടുള്ളത്. തൂക്കു ദുരൈ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ‘വിശ്വാസം’ മുന്നോട്ട് പോവുന്നത്.

 

 

 

 

 

വീരം, വേതാളം , വിവേകം എന്നീ മാസ്സ് മസാല ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ശിവ ഒരുക്കിയ വിശ്വാസം അദ്ദേഹത്തിന്റെ കഴിഞ്ഞ ചിത്രങ്ങൾ നോക്കുമ്പോൾ സംവിധാനത്തിൽ അൽപം മികവ് പുലർത്തിയിട്ടുണ്ട്. കുടുംബ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത് . ഒരു മാസ് ചിത്രത്തിനു വേണ്ട എല്ലാ ഘടകങ്ങളും ചിത്രത്തിൽ ഉൾപെടുത്തുന്നതിൽ ശിവ വിജയിച്ചിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ആരാധകർക്ക് ആഘോഷിക്കാൻ ഉള്ളതിനൊപ്പം തന്നെ അജിത് എന്ന നടനെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള ശ്രമവും ശിവ ഈ ചിത്രത്തിൽ നടത്തിയിട്ടുണ്ട്. എന്നാൽ ശിവയുടെ മുൻ ചിത്രങ്ങൾ പോലെ തന്നെ നല്ലവനും ശക്തനുമായ നായകൻ , നായകൻറെ നാടും കുടുംബവും , വേറെ ദേശത്തെ വില്ലനും എല്ലാം വിശ്വാസത്തിലുമുണ്ട്.

 

 

 

 

 

 

ഇത് തൂക്കു ദുരൈയുടെ വിശ്വാസത്തിന്റെ കഥ…..

എന്തിനു ഏതിനും മുൻപും പിൻപും നോക്കാതെ എടുത്തുചാടുന്ന കഥാപാത്രമായാണ് തൂക്കു ദുരൈ എന്ന കഥാപത്രത്തിന്റേത്. സംവിധായകൻ ശിവക്ക് തല അജിത്തിനെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ ചിത്രത്തിൽ കഴിഞ്ഞിട്ടുണ്ട്. ദുരൈയുടെ സ്വഭാവം ഈ കഥാപാത്രത്തിന്റെ കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിനെ തുടർന്ന് ദുരൈയെ ഉപേക്ഷിച്ചു ഭാര്യ നിരഞ്ജന മകളുമായി മുംബൈയിലേക്ക്‌ പോകുന്നു. തുടർന്ന് ദുരൈയുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുന്ന മറ്റു ചില കഥാപാത്രങ്ങളുമാണ് ഈ ചിത്രത്തിന്റെ കഥാഗതിയുടെ ഒഴുക്ക്. ഭാര്യയുടെ വേഷത്തിൽ നയൻതാര തിളങ്ങി. ലേഡി സൂപ്പർസ്റ്റാർ എന്ന പേര് അന്വർത്ഥമാക്കുന്ന നയൻ‌താര. ചിത്രത്തിലെ പക്വതയാർന്ന ഭാര്യയുടെ വേഷം ഗംഭീരമായി ചെയ്യാൻ നടിക്ക് സാധിച്ചിട്ടുണ്ട്. മകൾ ശ്വേതയുടെ വേഷത്തിൽ അനിഖ തന്റെ കഥാപാത്രം സുരക്ഷിതമാക്കി.

 

 

 

 

 

 

വൈകാരികതയും….ആക്ഷനും…

ശരിക്കും പറഞ്ഞാൽ വിശ്വാസം വൈകാരികതയും ആക്ഷനും നിറഞ്ഞ കോമ്പിനേഷനാണ് . വൈകാരികമായ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ തൊടാനും അത് പോലെ തന്നെ ചിത്രത്തിലെ കഥാസന്ദർഭങ്ങൾക്കു വിശ്വസനീയത പകരാനും ശിവ എന്ന സംവിധായകനും രചയിതാവിനും കഴിഞ്ഞിട്ടുണ്ട്. കിടിലൻ ആക്ഷൻ രംഗങ്ങളും , ആരാധകർക്ക് ആഘോഷിക്കാനുള്ള പഞ്ച് ഡയലോഗുകളും ഉൾപ്പെടുത്തിയതിലൂടെ മാസ്സ് ആയി തന്നെ ഈ കുടുംബ കഥ പറയാൻ ശിവക്ക് കഴിഞ്ഞു. തുടക്കം മുതൽ ഒടുക്കം വരെ ആരാധർക്ക് ആഘോഷിക്കാവുന്ന ഒരു പക്കാ അജിത് ഷോ ആയിട്ടാണ് ശിവ അവതരിപ്പിച്ചിരിക്കുന്നത് എന്ന് നിസംശയം പറയാൻ സാധിക്കും. എന്നാൽ ഒരു ഫാമിലി മാസ് ആക്ഷൻ ചിത്രം എന്ന പോലെ മുന്നോട്ട് കൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അനാവശ്യമായ ഒരു ആക്ഷൻ രംഗങ്ങളും ചത്രത്തിൽ കുത്തികയറ്റാൻ ശ്രമം നടന്നിട്ടില്ലെന്ന് എന്നത് വിശ്വാസത്തിന്റെ മറ്റൊരു വിജയമായി കാണാം. എന്നാൽ ഗാനങ്ങളും ആദ്യ പകുതിയിലെ ചില രംഗങ്ങളും പ്രേക്ഷകനെ അൽപം ബോറടിപ്പിക്കും. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ എത്തുമ്പോൾ നായകൻറെ അച്ഛൻ എന്ന വികാരത്തെ സംവിധായകൻ മാസ് രൂപേണ പകർത്തിയിട്ടുണ്ട്.

 

 

 

 

 

 

അരങ്ങിലും അണിയറയിലും…

അജിത് കഴിഞ്ഞാൽ ജഗപതി ബാബു അവതരിപ്പിച്ച ഗൗതം വീർ എന്ന വില്ലൻ കഥാപാത്രമാണ്. ജഗപതി ബാബു തന്നെ പല ചിത്രങ്ങളിൽ അവതരിപ്പിച്ച വില്ലൻ മുഖങ്ങളുടെ ഒരു കോപ്പി എന്നല്ലാതെ പുതുമ ഒന്നും തന്നെ ആ കഥാപാത്രത്തിന് അവകാശപ്പെടാനില്ല. ഇവരോടൊപ്പം റോബോ ശങ്കർ, വിവേക്, തമ്പി രാമയ്യ, യോഗി ബാബു, കലൈറാണി , ബോസ് വെങ്കട്, സുജാത ശിവകുമാർ, രമേശ് തിലക്, നാരായൺ ലക്കി, നമോ നാരായണൻ, ഭരത് റെഡ്‌ഡി, സാക്ഷി അഗർവാൾ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. വിവേകിന്റെ കോമഡി നമ്പറുകൾ കയ്യടി വാങ്ങി. വെട്രി ദ്യശ്യങ്ങളെ ക്യാമെറയിൽ മനോഹരമായി പകർത്തിയിട്ടുണ്ട് . ഡി ഇമ്മന്റെ സംഗീതം സിനിമയോട് ചേർന്ന് നിന്നു .റൂബൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. മികച്ച ഒഴുക്കിൽ തന്നെ ഈ ചിത്രം മുന്നോട്ടു പോയതിന്റെ ക്രെഡിറ്റ് റൂബന് കൂടി അവകാശപെട്ടതാണ്.

 

 

 

 

 

 

മലയാളത്തിൽ മോഹൻലാൽ – ഷാജി കൈലാസ് കൂട്ടുകെട്ടിൽ പിറക്കുന്ന മാസ് ചിത്രങ്ങളെ പോലെ നായകനെ പുകഴ്ത്തുന്ന സിനിമകളായി മാത്രം ഒതുങ്ങുന്നു തമിഴകത്തെ അജിത് – ശിവ കൂട്ടുകെട്ടും. മറ്റൊരു “വി” ചിത്രവുമായി ശിവ വരുമോ ? കാത്തിരിക്കാം . എന്തായാലും നിങ്ങൾ ഒരു അജിത് ഫാൻ ആണോ ? ധൈര്യമായി വിശ്വാസത്തിനെ വിശ്വസിച്ചു ടിക്കറ്റ് എടുക്കാം .

 

 

 

 

You might also like