
വൈ എസ് ആറായി മമ്മൂട്ടിയുടെ പരകായപ്രവേശം ; ചങ്കുറപ്പിന്റെ യാത്ര.
യാത്ര റിവ്യൂ: പ്രിയ തെക്കേടത്
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ആന്ധ്രയിലെ എക്കാലത്തെയും മികച്ച ജനനായകരിലൊരാളായ വൈ എസ് രാജശേഖര റെഡ്ഡിയിലേക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടി നടത്തിയ പരകായപ്രവേശമാണ് “യാത്ര”. വൈ എസ്ആറിന്റെ പദയാത്രയുമായെത്തിയ മമ്മൂട്ടിയുടെ യാത്രയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അഭിനയത്തിന്റെ പല ഭാവങ്ങളും പേറുന്ന മൂര്‍ത്തിയെ കണ്ട് സിനിമാലോകം ഒരിക്കല്‍ക്കൂടി സ്തബ്ധിച്ച് നില്ക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് യാത്രയിലും സംഭവിച്ചത്.
ഒരു ജീവചരിത്രം സിനിമയാകുമ്പോള്‍ കണ്ടുവരുന്ന ശൈലിയില്‍നിന്ന് ‘യാത്ര’ ഇവിടെ വഴിമാറി നടക്കുന്നു. രാഷ്ട്രീയത്തിലെ അതികായന്റെ രൂപം മാത്രമല്ല മറിച്ച്, അദ്ദേഹത്തിന്റെ ശരീരഭാഷയെ, രാഷ്ട്രീയത്തെ സസൂക്ഷ്മം പുനരാവിഷ്കരിക്കുകയായിരുന്നു മമ്മൂട്ടി എന്ന നടനിലൂടെ….
ആന്ധ്രാരാഷ്ട്രീയത്തില്‍ വൈഎസ്ആര്‍ തുടങ്ങിവച്ച പദയാത്രയെ അതേ തലയെടുപ്പോടെ മമ്മൂട്ടി സിനിമയിലും ഒപ്പിയെടുത്തപ്പോള്‍ വൈഎസ്ആര്‍ ആരാണെന്ന് അറിയാത്ത മലയാളികള്‍ക്ക് പോലും രോമാഞ്ചം തോന്നിപ്പോയെങ്കില്‍ അവിടെ ഭാഷയെ കവച്ചു വക്കുന്ന അഭിനയ പ്രകടനമാണ് മമ്മൂട്ടി പകര്‍ന്നാടിയത്.
‘അയാള്‍ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കിലും എനിക്ക് കേള്‍ക്കാം ഡോക്ടറെ..’ എന്ന് മമ്മൂട്ടി വൈഎസ്ആറായി പറയുന്നത് ആന്ധ്ര ജനതയുടെ ഹൃദയത്തിലാണ് കൊള്ളുന്നത്. അവിടെ അവര്‍ മലയാളത്തിന്റെ മഹാനടനെയല്ല മറിച്ച്, തങ്ങളുടെ രാജണ്ണയെത്തന്നെയാണ് കാണുന്നത്. തെലുങ്കന്റെ നാട്ടില്‍ വൈഎസ്ആറിന്റെ ഐതിഹാസിക യാത്രയാണ് സിനിമയെങ്കിലും മലയാളികള്‍ക്ക് അഭിമാനമായ മമ്മൂട്ടി എന്ന മഹാനടനൊപ്പമോ അയാള്‍ക്ക് മുകളിലോ സിനിമയിലും ജീവിതത്തിലും വെള്ളിത്തിരയിലും മറ്റൊന്നുമില്ലെന്ന് ചിത്രം അടിവരയിടുന്നു.
വൈഎസ്ആറിന്റെ രാഷ്ട്രീയജീവിതത്തിലെ വഴിത്തിരിവായ പദയാത്രയിലാണ് സിനിമ കേന്ദ്രീകരിക്കുന്നത്. മറ്റ് സിനിമകളില്‍ കണ്ടുവരുന്ന പോലെ സിനിമയ്ക്കുവേണ്ടി പ്രണയമോ ഹാസ്യമോ രാഷ്ട്രീയ സംഘടന രംഗങ്ങളോ ഒന്നും യാത്രയിലില്ല. പദയാത്രയ്ക്ക് അവസാനം തിരഞ്ഞെടുപ്പില്‍ വൈ.എസ്.ആറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതുവരെയാണ് മമ്മൂട്ടി എന്ന നടനിലൂടെ ചിത്രം സഞ്ചരിക്കുന്നത്. അവസാനത്തെ അഞ്ചു മിനിറ്റ് വൈ.എസ്.ആറിന്റെ തന്നെ ഒറിജിനല്‍ ദൃശ്യങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. തിരശീലയില്‍ മമ്മൂട്ടിയെ കാണുമ്പോള്‍ വൈ എസ് ആര് റെഡ്ഢിയെ അവിസ്മരണീയമാക്കാന്‍ മമ്മൂട്ടിക്കല്ലാതെ മറ്റൊരാള്‍ക്കും കഴിയില്ലെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ച് പറയും.
ലോകസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ യാത്ര എന്ന ചിത്രം പലര്‍ക്കും ഒരു പുനര്‍ ചിന്തനത്തിന് അവസരം നല്‍കുന്നുണ്ട്. സ്ഥാനാര്‍ഥികളെ ഡല്‍ഹിയില്‍നിന്നു കെട്ടിയിറക്കുന്ന കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് രാഷ്ട്രീയത്തെ കണക്കറ്റു വിമര്‍ശിക്കുന്ന ചിത്രം കോണ്‍ഗ്രസിന് ചെറിയ രീതിയിലെങ്കിലും തലവേദനയാകും.
റാവു രമേശ്, സച്ചിന് ഖേദ്ക്കര്‍, ജഗപതി ബാബു, നാസര്‍, സുഹാസിനി, ആശ്രിത തുടങ്ങിയ വന്‍ താരനിര മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെങ്കിലും യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതും മമ്മൂട്ടിയിലൂടെയാണ്. തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മലയാളത്തിൽ ചിത്രം ഡബ്ബ് ചെയ്തു എത്തിയപ്പോൾ ചെറിയ പോരായ്മ ഗാനങ്ങളിലും ചില ഡയലോഗുകളിലും പ്രേക്ഷകന് അനുഭവപ്പെടും; എന്നാലും മമ്മൂട്ടിയുടെ അഭിനയപാടവവും മഹി വി രാഘവന്റെ സംവിധാന മികവും ചിത്രത്തെ വേറെ തലത്തിൽ എത്തിക്കുന്നു. പേരന്പ് പോലെയൊരു ചിത്രം മലയാളക്കരയിൽ വിജയം നേടിയപ്പോഴും യാത്രയുടെ കേരള വിതരണം കരസ്ഥമാക്കിയ ബാനറിന്റെ പോരായ്മയും എടുത്തു പറയേണ്ടവയാണ്.
ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ‘കെ’ എന്ന.ചുരുക്കപ്പേരിലറിയപ്പെടുന്ന കൃഷ്ണകുമാര്‍ ആണ്. ‘യാത്ര’യുടെ ഛായാഗ്രഹണം സത്യന് സൂര്യനും ചിത്രസംയോജനം ശ്രീകര്‍ പ്രസാദും നിര്‍വഹിച്ചിരിക്കുന്നു.
ആന്ധ്രക്കാരന്റെ ഉള്ളറിഞ്ഞ ജനകീയ നേതാവിനെ, ആ ഭാഷ പോലും കൃത്യമായി അറിയാത്ത ഒരാള്‍ അവതരിപ്പിക്കുക എന്ന വലിയ വെല്ലുവിളി മമ്മൂട്ടി അനായാസം അതു ചെയ്തിരിക്കുന്നു. മമ്മൂട്ടി എന്ന നടന്റെ മാസ് പ്രകടനം കാണാനുള്ള യാത്രക്കായി പ്രേക്ഷകന് നിസംശയം ടിക്കറ്റെടുക്കാം…..