സീറോ – പേര് പോലെ തന്നെ !

0

 

സീറോ റിവ്യൂ: പ്രിയ തെക്കേടത്

 

 

 

 

 

തുടരെ തുടരെ പരാജയങ്ങൾക്കു ശേഷം ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രമാണ് “സീറോ”. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിൽ കഥയോ കഥാപാത്രങ്ങളോ അല്ല ഒരേഒരു ചോദ്യമാണുള്ളത് ‘ഈ ഷാരൂഖിന് ഇതെന്തു പറ്റി?’. ചെന്നൈ എക്സ്പ്രസ്സിനു ശേഷം പ്രേക്ഷക മനത്തിൽ വിജയകൊടി പാറിക്കാൻ യാഥാർഥ്യത്തിൽ കിംഗ് ഖാന് സാധിച്ചിട്ടില്ല. അതിനു ഒരു തുടർക്കഥയാകുമോ “സീറോ” ? !!

 

 

 

 

പൊക്കമില്ലാത്ത നായകൻ , അയാളെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങൾ അതിൽ കൂടുതലൊന്നും ഷാരൂഖിന്റെ സീറോ സമ്മാനിക്കുന്നില്ല. 2016ൽ ഇറങ്ങിയ “ഫാൻ” എന്ന ഷാരൂഖ് ചിത്രത്തിലെ പോലെ കുള്ളനായി അപകർഷത ബോധം നിറഞ്ഞ നായകനെ തന്നെ ഈ ചിത്രത്തിലും കാണാം. 2011ലെ വിജയചിത്രമായ ‘തനു വെഡ്സ് മനു’വിന്റെ സംവിധായകൻ ആനന്ദ് എൽ ‍.റായ് ഒരുക്കിയ ചിത്രം കൂടിയാണ് സീറോ. ഹിമാൻഷു ശർമയാണ് സീറോയുടെ രചന. 200 കോടി ബഡ്ജറ്റിൽ ഗൗരി ഖാൻ ചിത്രം നിർമിച്ചിരിക്കുന്നു. മനു ആനന്ദാണ് ഛായാഗ്രാഹകൻ. അജയ്- അതുൽ എന്നിവർ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു.

 

 

 

 

കാമ്പില്ലാത്ത തിരക്കഥ തന്നെയാണ് പ്രേക്ഷകനെ ചിത്രം മടുപ്പിക്കുന്നത്. ആദ്യ പകുതിൽ നായകൻറെ പൊക്കക്കുറവും ത്രികോണ പ്രണയവും ചെറിയ തമാശകളും കൊണ്ട് വലിച്ചിഴയ്ക്കുന്ന കാഴ്ചയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. രണ്ടാം പകുതിയിൽ ചിത്രത്തിന്റെ ചിലവ് കൂടുന്നതല്ലാതെ പ്രേക്ഷകന്റെ മനസിൽ തൊടുന്ന നിമിഷങ്ങൾ ഒന്നും സമ്മാനിക്കാൻ സീറോയ്ക്ക് സാധിക്കുന്നില്ല. മാത്രമല്ല ക്ലൈമാക്സ് ലോജിക്കിനെ വെല്ലുവിളിക്കുന്നതുമായി ഒതുങ്ങി തീർന്നു.

 

 

 

 

 

 

പൊക്കം കുറഞ്ഞ ഷാരൂഖ് ഖാൻ ; അതിലേറെ മറ്റൊന്നും അദ്ദേഹത്തിന്റെ അഭിനയ മികവ് അളക്കാനുള്ള കഥാപാത്രമല്ല സീറോയിൽ ബഹ്‌വ സിംഗ്. അനുഷ്‌ക ശര്‍മ്മ, കത്രീന കെയ്ഫ് എന്നിവരാണ് സീറോയിലെ നായികമാർ. വിശ്വവിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിനെ പോലെ തോന്നിക്കുന്ന വേഷപ്പകർച്ചയുമായി അനുഷ്ക ശർമ്മ തന്റെ കഥാപാത്രം മികച്ചതാക്കി. കത്രീന ഒരു മസാല നായികയായി ഒതുങ്ങി. മാധവൻ , സല്‍മാന്‍ ഖാൻ ‍, റാണി മുഖര്‍ജി, കജോള്‍ , ദീപിക പദുക്കോൺ , ആലിയ ഭട്ട്, കരിഷ്മ കപൂർ‍, ജൂഹി ചൗള, ശ്രീദേവി എന്നിവരും ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തുന്നു. ശ്രീദേവിയുടെ അവസാന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണവും സംഗീതവുമാണ് അൽപമെങ്കിലും ആശ്വാസമെന്നു പറയാം. കടുത്ത ഷാരൂഖ് ഖാൻ ആരാധകർക്ക് പോലും അവരുടെ ഹീറോയുടെ “സീറോ” വെറും സീറോ ആയി തോന്നിയേക്കാം.

 

 

 

 

You might also like