2018ൽ മനസ്സ് നിറച്ച മലയാള സിനിമകൾ…

0

2018 സിനിമയുടെ വിസ്മയ കാഴ്ചയായിരുന്നു നമ്മുടെ തിയേറ്ററുകളിൽ. മലയാള സിനിമാസ്വാദകരെ അധികം നിരാശപെടുത്താത്ത വർഷമായിരുന്നു കഴിഞ്ഞു പോയത്. ഇത്തവണ പ്രകാശനും ഹമീദും അച്യുതനും ഒടിയനും മത്സരിച്ചാണ് വർഷാവസാനത്തിൽ കാഴ്ചയുടെ വിരുന്നൊരുക്കുന്നത്. സൂപ്പർഹിറ്റിലേക്ക് കുതിക്കുന്ന ചിത്രങ്ങളുടെ റിലീസോടെയാണ് ഡിസംബർ അവസാനിക്കുന്നതും. മാസ് ചിത്രങ്ങൾക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളും പ്രേക്ഷകർ വിജയിപ്പിച്ചു. ചില ചിത്രങ്ങൾ മികച്ച പ്രതികരണം നേടിയെങ്കിലും പ്രചരണത്തിലും വിതരണത്തിലും ഉണ്ടായ പാളിച്ചകൾ മൂലം തിയറ്ററുകളിൽ നിന്ന് വേഗത്തിൽ അപ്രത്യക്ഷമായി. എന്നാൽ ചില തമിഴ് ചിത്രങ്ങൾ പോലും കേരളത്തിൽ നിറഞ്ഞ സദസുകളിൽ പ്രദർശനം നടത്തി.

 

 

 

 

പുതുമുഖങ്ങളുടെ “ക്വീൻ” :

ക്വീന്‍ എന്ന പേരില്‍ ഒരു കൂട്ടം പുതിയ താരങ്ങളെ അണി നിരത്തി ഡിജോ ജോസ് ആന്റണിയാണ് സിനിമ സംവിധാനം ചെയ്തത്. പുതുമുഖങ്ങളെ വച്ച് കാലിക പ്രസക്തമായ വിഷയം കൈകാര്യം ചെയ്ത കൊച്ചു സിനിമ. അങ്കമാലി ഡയറീസിനു ശേഷം കുറേയേറെ പുതുമുഖങ്ങളെ അണിനരത്തി വിജയം കൊയ്ത ക്വീൻ ആയിരുന്നു 2018ലെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ്.

 

 

 

 

ക്യാപ്റ്റനായി ജയസൂര്യ:

ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്‍റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ.നവാഗതനായ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ എന്ന ചിത്രത്തിൽ വി.പി. സത്യനായി ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കൈയ്യടിനേടി.

 

 

 

 

നന്മയുടെ “സുഡാനി ഫ്രം നൈജീരിയ” :

ആർട് സിനിമ, കച്ചവട സിനിമ എന്ന തരംതിരിക്കലുകളുടെ അതിരുകളെ മായ്ച്ചു കളഞ്ഞ ചിത്രമായിരുന്നു സക്കരിയ്യ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ. സുഡാനി ഫ്രം നൈജീരിയ- ഒറ്റ ശ്വാസത്തില്‍ പറഞ്ഞാല്‍, നനഞ്ഞ കണ്ണ് തുടയ്ക്കാതെ നിങ്ങള്‍ക്ക് തിയേറ്റര്‍ വിടാന്‍ കഴിയില്ല. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ നവാഗതനായ സക്കറിയ ഒരുക്കിയ ചിത്രം. പൂര്‍ണമായും ഒരു ഫുട്‌ബോള്‍ സിനിമയെന്ന് പറയാന്‍ കഴിയില്ല ചിത്രത്തെ. എന്നാന്‍, ഫുട്‌ബോള്‍ എന്ന ഭാഷയെ അല്ലെങ്കില്‍ മാധ്യമത്തെ അതിമനോഹരമായി ഉപയോഗിച്ച ചിത്രമാണിത്.

 

 

 

 

കുടുംബപ്രേക്ഷകരുടെ സ്നേഹം നേടിയ “അരവിന്ദന്റെ അതിഥികൾ” :

തുടക്കം മുതൽ ഒടുക്കം വരെ സംഗീതസാന്ദ്രമായി ഒരുക്കിയ ചിത്രമായിരുന്നു എം.മോഹനൻ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികൾ. കുടുംബപ്രേക്ഷകരുടെ സ്നേഹം നേടിയെടുത്ത ചിത്രം ബോക്സോഫീസിലും ഹിറ്റായി. അരവിന്ദന്റെ അതിഥികളും ഒരു ലഘുവായ ഫീൽ ഗുഡ് സിനിമയുടെ മൂഡിൽ തന്നെയാണ് കാണികൾക്ക് മുന്നിൽ എത്തുന്നത്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ലവ് 24×7 ലൂടെ ശ്രദ്ധേയായ നിഖിലാ വിമലും ഒക്കെയാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

 

 

 

 

ഇതായിരുന്നു സിനിമ “ഈ.മ.യൗ” :

2018ൽ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രമായിരുന്നു ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈ.മ.യൗ. പി.എഫ് മാത്യൂസിന്റെ മാജിക്കൽ റിയലിസ്റ്റിക് സ്പർശമുള്ള തിരക്കഥയെ അസാമാന്യ വൈഭവത്തോടെ വെള്ളിത്തിരയിൽ അനുഭവിപ്പിക്കുകയാണ് സംവിധായകൻ. ചെമ്പൻ വിനോദ്, വിനായകൻ, കൈനകരി തങ്കരാജ്, ദിലീഷ് പോത്തൻ, പോളി കണ്ണമ്മാലി എന്നിവരുടെ അഭിനയ മികവും ചിത്രത്തിന്റെ മാറ്റു കൂട്ടി. കഴിഞ്ഞ വർഷം ഏറ്റവും അധികം പുരസ്കാരങ്ങൾ തേടിയെത്തിയതും ഈ ചിത്രത്തെയായിരുന്നു.

 

 

 

 

മുഖം മാറി ജയസൂര്യ “ഞാൻ മേരിക്കുട്ടി” :

ജയസൂര്യ എന്ന നടൻ ഒരിക്കൽക്കൂടി മലയാളികളെ വിസ്മയിപ്പിച്ച ചിത്രമായിരുന്നു രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടി. ട്രാൻസ്ജെൻഡറായ മേരിക്കുട്ടിയുടെ ജീവിതം വികലമായ അനുകരണത്തിലേക്ക് വഴുതിപ്പോകാതെ അതിമനോഹരമായി ജയസൂര്യ അവതരിപ്പിച്ചു. തിയറ്ററുകളിൽ പ്രേക്ഷകർ എഴുന്നേറ്റു നിന്നു കയ്യടിച്ച ചിത്രം കൂടിയായിരുന്നു ഞാൻ മേരിക്കുട്ടി.

 

 

 

 

മാസ്സ് ഫാമിലി മമ്മൂട്ടി ചിത്രം “അബ്രഹാമിന്റെ സന്തതികൾ” :

മെഗാസ്റ്റാർ മമ്മൂട്ടിയുടെ 2018ലെ മെഗാ ഹിറ്റ് ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടിയിലെ നടനെ പരിഗണിച്ച മാസ് ചിത്രം. നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. 2018ൽ തിയേറ്ററുകളിൽ 100 ദിവസം പ്രദർശിപ്പിച്ച ചുരുക്കം ചിത്രങ്ങളിൽ ഒന്ന് .

 

 

 

 

 

അർദ്ധരാത്രിയിൽ കിട്ടിയ സ്വാതന്ത്ര്യം :

ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ പ്രേക്ഷകർക്ക് പുതുമ നിറഞ്ഞ ഒരു ദൃശ്യം സമ്മാനിച്ചു. ആന്റണി വർഗീസ് എന്ന നടന്റെ ഇരിപ്പിടം ഉറപ്പിച്ച ചിത്രം. വിനായകൻ , ചെമ്പൻ വിനോദ് എന്നിവരുടെ അഭിനയവും ശ്രദ്ധേയം.

 

 

 

 

 

 

വീണ്ടും നസ്രിയ എത്തി “കൂടെ”യിലൂടെ :

പ്രേക്ഷകർ കാത്തിരുന്ന അഞ്ജലി മേനോൻ ചിത്രമായിരുന്നു കൂടെ. വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നസ്രിയയുടെ ഗംഭീര തിരിച്ചു വരവു കൂടിയായിരുന്നു ചിത്രത്തിലെ ജെനി. പൃഥ്വിരാജിന്റെയും പാർവതിയുടെയും 2018ലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം.

 

 

 

 

 

പേടിപ്പിച്ചും ചിരിപ്പിച്ചും “കിനാവള്ളി” :

ബേസ്‌ഡ് ഓൺ എ ഫേക് സ്റ്റോറി എന്ന ടാഗ്‌ലൈനിൽ എത്തിയ കിനാവള്ളി പുതുമുഖങ്ങളെ അണിനിരത്തി സുഗീത് സംവിധാനം ചെയ്ത ഹൊറർ ചിത്രമാണ്. സ്ഥിരം ഹൊറർ മൂഡുള്ള ചിത്രമാണെങ്കിലും അവതരണത്തിലെ പുതുമ കിനാവള്ളിയെ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചു. ശ്യാം ശീതൾ വിഷ്ണു രാമചന്ദ്രൻ എന്നിവർ തിരക്കഥ രചിച്ച ചിത്രം ഈ വർഷത്തെ സർപ്രൈസ് ഹിറ്റായിരുന്നു.

 

 

 

 

 

മണി എന്ന വികാരം “ചാലക്കുടിക്കാരൻ ചങ്ങാതി” :

കലാഭവൻ മണിയുടെ ജീവിതകഥ ആസ്പദമാക്കി വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി പ്രേക്ഷക-നിരൂപക ശ്രദ്ധ നേടിയ ചിത്രമാണ്. മണിയുടെ വേഷത്തിലെത്തിയ പുതുമുഖ നായകൻ
സെന്തിൽ കയ്യടി നേടി.

 

 

 

 

 

ടോവിനോ തോമസിന്റെ “തീവണ്ടി” :

ടൊവീനോ തോമസ് എന്ന യുവനടൻ ഒരിക്കൽ കൂടി പ്രേക്ഷകരെ കയ്യിലെടുത്ത ചിത്രമായിരുന്നു നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി. മായാനദിയെ പോലെ ചുംബന രംഗം കൊണ്ടു തീവണ്ടിയും ചർച്ചകളിൽ സജീവമായി. നിരൂപക പ്രശംസയും ബോക്സോഫീസ് വിജയവും ഒരുപോലെ തീവണ്ടിയെ തേടിയെത്തി. 2018നെ അടയാളപ്പെടുത്തിയ ഗാനങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിലെ ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം.

 

 

 

 

 

അമൽ നീരദിന്റെ വരത്തനായി ഫഹദ് :

സ്വാഭാവിക അഭിനയം കൊണ്ട് ഫഹദ് ഫാസിൽ പ്രേക്ഷകരെ ഞെട്ടിച്ച സിനിമയായിരുന്നു അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന ക്ലൈമാക്സ് രംഗങ്ങൾ പ്രേക്ഷകരുടെ കയ്യടി നേടി. നായികയായ ഐശ്വര്യ ലക്ഷ്മിയും നെഗറ്റീവ് റോളിലെത്തിയ ഷറഫുദ്ദീൻ, ദിലീഷ് പോത്തൻ, വിജിലേഷ് എന്നിവരും വരത്തൻ ഒരു മികച്ച കാഴ്ചാനുഭവമാക്കി മാറ്റി.

 

 

 

 

 

മോഹൻലാൽ നിവിനും കൈകോർത്ത “കായംകുളം കൊച്ചുണ്ണി” :

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി 2018ലെ മാസ് ചിത്രങ്ങളിലൊന്നായരുന്നു. ഇത്തിക്കര പക്കിയായി മോഹൻലാൽ നടത്തിയ ഉശിരൻ പ്രകടനം ആരാധകർ ആഘോഷമാക്കി. 2018ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി.

 

 

 

 

 

പച്ച മനുഷ്യന്റെ കഥ “ജോസഫ്” :

അധികം ബഹളങ്ങളില്ലാതെ വന്നു അപ്രതീക്ഷിത വിജയം കൊയ്ത സിനിമയായിരുന്നു ജോജു ജോസഫിനെ നായകനാക്കി എം.പത്മകുമാർ സംവിധാനം ജോസഫ്. പതിവു കുറ്റാന്വേഷണ ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾ പ്രേക്ഷകരെ അനുഭവിപ്പിച്ച സിനിമയായിരുന്നു ഇത്. ജോജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ ജോസഫ്. ചിത്രത്തിലെ എല്ലാ പാട്ടുകളും പ്രേക്ഷകർ ഏറ്റെടുത്തു.

 

 

 

 

 

 

ഇത് ഒരു പാവം “ഒടിയൻ” :

പ്രേക്ഷകർ കാത്തിരുന്ന മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയൻ ഡിസംബറിൽ പ്രദർശനത്തിനെത്തി. വിവാദങ്ങളും വിമർശനങ്ങളും സജീവമായെങ്കിലും കുടുംബപ്രേക്ഷകർ ചിത്രം ഏറ്റെടുത്തു. 2018ലെ ബോക്സ് ഓഫീസ് ഹിറ്റുകളിൽ മുന്നിരയിലുണ്ട് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ.

 

 

 

 

 

ഫഹദ് വീണ്ടും അത്ഭുതപ്പെടുത്തി “ഞാൻ പ്രകാശൻ” :

സത്യൻ അന്തിക്കാട്–ശ്രീനിവാസൻ–ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ‘ഞാൻ പ്രകാശൻ’ പ്രേക്ഷകരെ രസിപ്പിച്ചും ചിരിപ്പിച്ചും പ്രദർശനം തുടരുകയാണ്. ഒരു ശരാശരി മലയാളിയുടെ എല്ലാ സ്വഭാവങ്ങളും ഒത്തുചേർന്ന പ്രകാശനായി ഫഹദ് മികച്ച പ്രകടനം കാഴ്ച വച്ചു. സ്വാഭാവികാഭിനയത്തിന്റെ മാജിക് തന്റെ കയ്യിൽ ഭദ്രമാണെന്ന് ഫഹദ് ഒരിക്കൽക്കൂടി തെളിയിച്ച ചിത്രമായി ഞാൻ പ്രകാശൻ.

 

 

 

 

You might also like