2019ല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മലയാള സിനിമകൾ !!!

0

 

 

നിരവധി മികച്ച ചിത്രങ്ങൾ സിനിമാ പ്രേമികൾക്ക് സമ്മാനിച്ച് 2018 അവസാനിക്കാൻ പോകുകയാണ്. 2019ൽ ആദ്യപകുതിയിൽ തന്നെ പ്രേക്ഷക മനസ്സ് കീഴടക്കാൻ പ്രിയപ്പെട്ട താരങ്ങളുടെ ചിത്രങ്ങൾ എത്തുകയാണ്. 2018 ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് മലയാളത്തിൽ ഇത്രയധികം മാസ് എന്റർറ്റൈനെർ സിനിമകൾ ഉണ്ടായിട്ടുള്ളത്. പ്രേക്ഷകപ്രീതി നേടിയ സിനിമകൾ കൈയ്യടി അർഹിക്കുന്നത് തന്നെയായിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തന്നെ ചെറിയ സിനിമകളും ഇവിടെ ഏറെ ശ്രദ്ധിക്കപ്പട്ടു. നല്ലതിനെ കണ്ടാല്‍ എപ്പോഴും പ്രോല്‍സാഹിപ്പിക്കാറുളള മലയാളി പ്രേക്ഷകര്‍ അധിക ചിത്രങ്ങളെയും സ്വീകരിച്ചിരുന്നു.

 

 

 

 

 

 

മമ്മൂട്ടിയുടെതായി ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മാമാങ്കം. സജീവ് പിളള സംവിധാനം ചെയ്യുന്ന ചിത്രം ചരിത്ര പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചരിത്ര സിനിമയാണ് മാമാങ്കം. ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം ഇപ്പോൾ ചില വിവാദങ്ങൾ നേരിടുകയാണ്. എന്തുതന്നെയായാലും 2019ൽ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും എന്നുതന്നെയാണ് സൂചനകൾ. അതേസമയം, ബിലാലും അമീറും 2019 വർഷം തന്നെ എത്തുമെന്നും പ്രേക്ഷകർ കരുതുന്നു.

 

 

 

 

 

ഒടിയനു ശേഷം മോഹന്‍ലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ചിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നുതന്നെയാണ്.

 

 

 

 

 

 

പൃഥ്വിരാജ് സുകുമാരന്റെ കാളിയനും 2019ലെ പ്രധാനപ്പെട്ട ചിത്രമാണ്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രം ചരിത്ര പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ആടുജീവിതം പോലെ പൃഥ്വിയുടെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ചിത്രത്തിലുണ്ടാവുക. ബിഗ് ബഡ്ജറ്റിലാണ് ഈ സിനിമ അണിയറ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്നത്. ചിത്രത്തില്‍ കുഞ്ചിറക്കോട്ട് കാളി എന്ന കാളിയനായിട്ടാണ് പൃഥ്വി എത്തുക. ചിത്രത്തിനു വേണ്ടി വലിയ തയ്യാറെടുപ്പുകള്‍ താരത്തിന് എടുക്കേണ്ടി വരുമെന്നാണ് അറിയുന്നത്.

 

 

 

 

 

 

ദുല്‍ഖര്‍ സല്‍മാന്റെതായി മുന്‍പ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു കുറുപ്പ്. ദുല്‍ഖറിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും ചിത്രത്തിലെ കഥാപാത്രമെന്നാണ് അറിയുന്നത്. കുറുപ്പ് എന്ന ചിത്രവും അടുത്ത വര്‍ഷം പ്രേക്ഷകര്‍ കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്.

 

 

 

 

 

 

മമ്മൂട്ടിയുടെതായി പ്രഖ്യാപനം വന്ന ചിത്രമായിരുന്നു കുഞ്ഞാലി മരക്കാര്‍ നാലാമന്‍. സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ പ്രഖ്യാപനവും ആ സമയത്തായിരുന്ന നടന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നെങ്കിലും മറ്റു വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. 2019ല്‍ മമ്മൂക്കയുടെതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമായിരിക്കും കുഞ്ഞാലി മരക്കാര്‍ നാലാമന്‍.

 

 

 

 

 

 

 

 

പോക്കിരിരാജയുടെ രണ്ടാം ഭാഗമായി വരുന്ന ചിത്രമാണ് മധുരരാജ. മമ്മൂക്കയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ അടുത്ത വര്‍ഷമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നറുമായിട്ടാണ് വൈശാഖിന്റെ വരവ്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുടെ ടീസറിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍ ഇനിയുളളത്. അടുത്ത വര്‍ഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ മുന്നില്‍ തന്നെയാണ് മധുരരാജയുടെ സ്ഥാനം.

 

 

 

 

 

പ്രണവ് മോഹന്‍ലാലിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടും 2019ലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസര്‍ നേരത്തെ എല്ലാവരിലും ആവേശമുണ്ടാക്കിയിരുന്നു. അടുത്ത വര്‍ഷമാദ്യം ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്.

 

 

 

 

 

മമ്മൂട്ടിയുടെ ബിലാലിനു വേണ്ടിയും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിഗ്ബിയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അടുത്തിടെയായിരുന്നു പുറത്തുവന്നിരുന്നത്. അമല്‍നീരദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം തന്നെ റിലീസ് ചെയ്യുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇത്തവണയും ഒരു സ്റ്റൈലിഷ് ചിത്രം തന്നെയാകും ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുക.

You might also like