സൂപ്പർ താരങ്ങളുടെ ഡിസംബർ . ബോക്സ് ഓഫീസിൽ ആര് വാഴും ആര് വീഴും ??!!

0

ഡിസംബറിൽ മലയാളത്തിലെ വെള്ളിത്തിരയിൽ മണിക്കിലുക്കം കേൾപ്പിക്കുന്നതാരാകും. സംശയമില്ലാതെ തന്നെ ശരാശരി പ്രേക്ഷകർ “ഒടിയൻ” എന്നാകും പറയുക. മലയാളത്തിലെ ഏറ്റവും വില കൂടിയ സിനിമ കാണാൻ ഡിസംബർ 14 വെള്ളിയാഴ്ച വരെ കാത്തിരുന്നാൽ മതി. ഏറെ പ്രതീക്ഷയോടെയാണ് ഒടിയന്റെ റിലീസിനായി സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്നത് . മലയാളത്തിലെ തന്നെ എക്കാലവും സംസാരിക്കപെടുവാൻ ഇരിക്കുന്ന സിനിമ അത് വിജയമായാലും പരാജയമായാലും. ഏറെ നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു നാടോടികഥയെ അടിസ്ഥാനമാക്കി ചിത്രം വരുന്നത്. വള്ളുവനാടിൻ്റെ വാമൊഴികഥകളിലൂടെ പേടിയുടെ ആൾ രൂപമായാഒടിയൻ . വെള്ളിത്തിരയിൽ എങ്ങനെയാകും സൂപ്പർ സ്റ്റാർ മോഹൻ ലാൽ അവതരിപ്പിക്കുക . എന്നാൽ ഒടിയൻ മാത്രമല്ല പ്രതീക്ഷയോടെ റിലീസിനായി ഇവിടെ എത്തുന്നത് അന്യഭാഷകളിൽ നിന്ന് അടക്കം 10 ന് മുകളിൽ ചിത്രങ്ങളാണ്.

 

ഒടിയൻ പരാജയപ്പെട്ടാൽ ?

 

വർഷാന്ത്യ ബോക്സ് ഓഫീസ് കണക്കെടുപ്പിൽ ഇതിൽ നിന്ന് എത്ര ചിത്രങ്ങൾ ഉണ്ടാകുമെന്നത് കണ്ടു തന്നെ അറിയണം. അതിൽ മലയാളത്തിൽ ഇന്ന് റിലീസ് ആകുന്നത് ഷാജു നവോദയ മുഖ്യ വേഷത്തിലെത്തുന്ന “കരിങ്കണ്ണൻ”, ശ്രീനിവാസൻ ചിത്രം “പവിയേട്ടന്റെ മധുരച്ചൂരൽ” എന്നിവയാണ്. ശ്രീനിവാസൻ നായകനാകുന്ന പവിയേട്ടന്റെ മധുരച്ചൂരൽ തിരക്കഥ എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ മടങ്ങി വരവ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം ഒരേ മാസം തന്നെ ശ്രീനിവാസന്റെ രചനയിൽ രണ്ടു ചിത്രങ്ങൾ പുറത്തിറങ്ങുന്നുവെന്ന പ്രത്യേകത കൂടി ഈ ഡിസംബറിന് ഉണ്ട്.

 

 

 

 

ഫഹദ് നായകനാകുന്ന “ഞാൻ പ്രകാശൻ” ആണ് മറ്റൊരു ചിത്രം. പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യനന്തിക്കാടിനൊപ്പം ശ്രീനിവാസൻ ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ടതിന്. എന്നാൽ കഴിഞ്ഞ കാല ശ്രീനിവാസൻ – സത്യൻ അന്തിക്കാട് സിനിമകളുടെ വെറും വാർപ്പ് മാതൃക മാത്രമായി ആണോ ഞാൻ പ്രകാശനെ ഒരുക്കിയിരിക്കുന്നത് എന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത് അങ്ങനെയെങ്കിൽ ഞാൻ പ്രകാശന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നേക്കാം. ഞാൻ പ്രകാശന്റെ രചനയ്ക്കായി ശ്രീനിവാസനും സത്യൻ അന്തിക്കാടും ചേർന്ന് അവരുടെ മുൻകാല ചിത്രങ്ങൾ എല്ലാം മാസങ്ങളോളം ഇരുന്ന് കണ്ടു തീർത്തത് അങ്ങാടിപ്പാട്ടാണ്. ഏറെ നാളുകൾക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ അവർക്ക് വിജയമുണ്ടാക്കിയെ തീരു എന്നതാണവസ്ഥ.കൂടാതെ ശ്രീനിവാസന്റെ പ്രതിഭ വറ്റിയെന്നാരോപിക്കുന്നവർക്ക് മറുപടിയും ഇതിലൂടെ നൽകിയെ തീരു. ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം സൃഷ്ട്ടിച്ച വരത്തനു ശേഷമുള്ള ചിത്രമെന്ന പ്രതീക്ഷയും ഈ ഫഹദ് നായക ചിത്രത്തിനുണ്ട്.

 

 

 

ജയസൂര്യ നായകനാകുന്ന “പ്രേതം 2” എന്ന ചിത്രമാണ് അടുത്ത ഡിസംബർ പ്രതീക്ഷ. ആദ്യ വരവിലേതു പോലെ തന്നെ ജയസൂര്യയുടെ ഡോൺ ബോസ്കോയെ പ്രേക്ഷകർ ഏറ്റെടുക്കുമോ എന്ന കാര്യം സംശമാണ്. കാരണം ട്രെയിലർ ഒട്ടും പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നില്ല എന്നത് തന്നെ. കാറ്റുള്ളപ്പോൾ തൂറ്റുക എന്ന നീതിബോധമാണ് ജയസൂര്യയെ നയിക്കുന്നതെന്നാണ് ചിത്രത്തിന്റെ ട്രെയിലർ കണ്ടപ്പോൾ തോന്നിയത്.

 

 

 

 

മലയാളത്തിൽ വളരെകുറഞ്ഞ വിജയവും ചലനങ്ങളുമേ സ്വീക്വലുകൾക്ക് ഉണ്ടായിട്ടുള്ളു. ആയിടത്തേക്കാണ് പ്രേതത്തിന് രണ്ടാം ഭാഗവുമായി ജയസൂര്യ എത്തുന്നത്. നേരത്തെ ചെയ്ത് ഹിറ്റാക്കിയ സ്വീക്വലുകളിലെക്ക് ഈ ചിത്രവും ചേർത്തുവെയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാകും ഇതിലും സംവിധായകനും നായകനും വച്ചു പുലർത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ മണി ചിത്രത്താഴിലെ ഡോക്ടർ സണ്ണിയുടെ ഒരു വികലമാക്കിയ വേർഷൻ പോലെ തോന്നിച്ചു ജയസൂര്യയുടെ ഡോൺബോസ്കോയെ. ഈ ചിത്രം പരാജയമായാൽ താൽക്കാലികമായെങ്കിലും രഞ്ജിത്ത് ശങ്കർ സംവിധാനത്തിൽ അഭിനയിക്കുന്ന സഹസികത ജയസൂര്യ നിർത്തേണ്ടിവരും.

 

 

 

മറ്റൊരു ഡിസംബർ പ്രതീക്ഷ ടൊവിനോ നായകനായെത്തുന്ന “എന്റെ ഉമ്മാന്റെ പേര്” എന്ന ചിത്രമാണ്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം ഉർവ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം. എന്നാൽ ഇങ്ങനെ ഒരു ചിത്രം പ്രദർശനത്തിന് എത്തുന്നു എന്നുള്ളത് എത്ര പേർ അറിഞ്ഞു കാണും എന്നുള്ളത് ചിന്തി നീയമാണ്. തീയറ്ററിൽ എത്തിയട്ട് നല്ല സിനിമയെന്ന് അഭിപ്രായം ഉണ്ടായിട്ടും ഒട്ടും പ്രമോട്ട് ചെയ്യാതതിനാൽ പരാജയപ്പെട്ട “ഗപ്പി” എന്ന ചിത്രത്തിന്റെ അവസ്ഥയാകുമോ ഈ ടൊവിനോ ചിത്രത്തിനും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അങ്ങനെ ആവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുവാനേ സാധിക്കു മാർക്കറ്റിങ്ങിനെക്കുറിച്ച് കൃത്യമായ ബോധവും ബോധ്യവുമില്ലാത്ത നിർമ്മാതാക്കളുടെ ഇടയിൽ. കഴിഞ്ഞ ടൊവിനോ ചിത്രങ്ങളുടെ വിജയം ഈ ചിത്രത്തിന് നേടാനായില്ലെങ്കിൽ വർഷാന്ത്യത്തിലെ കണക്കെടുപ്പിൽ ടൊവിനോയുടെ പട്ടികയിൽ കറുത്ത അടയാളമായി തീരും ഈ ചിത്രം.

 

 

 

വെളിപാടിന്റെ പുസ്തകത്തിന് ശേഷം മങ്ങിപ്പോയ തന്റെ പ്രതിഭയെ തിരിച്ചു കൊണ്ടുവരുവാനുള്ള എല്ലാ പൊടികൈകളും ചേർത്താകും കുഞ്ചാക്കോ ബോബനെ നായകനാക്കി ലാൽജോസ് “തട്ടിന്‍പുറത്ത് അച്ചുതന്‍” എന്ന ചിത്രം ഒരുക്കുക എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. പക്ഷേ വിജയ ഫോർമുലകൾ ചേർത്തുള്ള സ്ഥിരം കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പ്രതീതിയാണ് ചിത്രത്തിന്റെ ആദ്യ വിഷ്വലുകൾ നൽകുന്ന സൂചന. അങ്ങനെയാകുമ്പോൾ തീയറ്ററിൽ അമിത പ്രതീക്ഷകൾ ഒന്നുമില്ലാതെ ചെല്ലുന്നതാകും നല്ലത്. കഴിഞ്ഞ കുറെക്കാലമായി സ്ഥിരം ശൈലിയിൽ നിന്ന് വിട്ടുമാറാത്ത ചാക്കോച്ചൻ ഇതിലും അതെ അവസ്ഥയിലൂടെ തന്നെയാണ് പോകുന്നതെങ്കിൽ തിരക്കഥയുടെ പിൻബലത്തിലെ രക്ഷപ്പെടുവാൻ സാധ്യതയുള്ളു എന്ന് ചുരുക്കം.

 

 

ഇത്തവണ മമ്മൂട്ടി, ദുൽഖർ, ദിലീപ്, പ്രിത്വിരാജ് എന്നീ സൂപ്പർ താരങ്ങൾ ക്രിസ്തുമസ് മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഓണക്കാലം പ്രളയത്തിൽ മുങ്ങി പോയത് വലിയ തിരിച്ചടിയായിരുന്നു.അത് ഒട്ടെറെ നിർമ്മാതാക്കളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തു. കൃത്യ സമയത്ത് ചെറു ചിത്രങ്ങൾ തീയറ്ററിൽ എത്തിക്കുവാൻ നിർമ്മാതാക്കളുടെ സംഘടനയും മുൻകൈ എടുക്കേണ്ടതാണ് അത്തരത്തിൽ ചെറു നിർമ്മാതാക്കളെ സഹായിച്ചില്ലെങ്കിൽ ഈ സംഘടന സംവിധാനം കൊണ്ട് എന്ത് നേട്ടമാണ് ചെറു ചിത്ര നിർമ്മാതാക്കൾക്ക് എന്ന ചോദ്യം പ്രസക്തമാണ്.

 

 

 

തമിഴ് നാട്ടിലെ പോലെ മാസത്തിൽ ഒരാഴ്ച്ച ചെറു ചിത്രങ്ങൾക്ക് വേണ്ടി മാറ്റിവെയ്ക്കാൻ കഴിഞ്ഞാൽ സിനിമ വ്യവസായത്തിന് അത് ഗുണകരമാകും.ഇത് പറയുവാൻ കാരണം ഈ വാരാന്ത്യത്തിലും ശുഷ്ക്കമായ തീയറ്ററുകളിൽ വന്നു പോകുന്ന ചെറു ചിത്രങ്ങൾ ഉണ്ടെന്നതു തന്നെ. ധനുഷ് – ടോവിനോ ചിത്രം “മാരി 2” , വിജയ് സേതുപതിയുടെ “സീതാകത്തി”, ജയം രവിയുടെ “അടങ്ക മാറു”, ഷാരൂക്ക് ഖാന്റെ “സീറോ”, യാഷിന്റെ “കെ ജി എഫ്” എന്നിവയാണ് ഈ ഡിസംബറിൽ കേരളത്തിൽ റിലീസിന് ഒരുങ്ങുന്ന അന്യ ഭാഷ ചിത്രങ്ങൾ.

 

 

 

ഈ ക്രിസ്തുമസിന് മലയാള സിനിമകൾക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചില്ലെങ്കിൽ മലയാളത്തിലേക്ക് എത്തുന്ന അന്യഭാഷചിത്രങ്ങൾ വീണ്ടും വിപണി കൊണ്ടു പോകും എന്നതിൽ തർക്കമില്ല. അപ്പോൾ ഈ ഡിസംബറിൽ ആരു വീഴും ആരു വാഴും എന്ന കാഴ്ച്ചയ്ക്കായി കാത്തിരിക്കാം…

 

 

You might also like