പത്തു വർഷങ്ങളും , ഭൂമിയിലെ മനോഹര സ്വകാര്യവും .. ദീപക് പറമ്പോൽ പറയുന്നു ..

0

സിനിമയിലെ പത്തു വർഷങ്ങൾ. ദീപക് പറമ്പോൽ തന്റെ ഏറ്റവും പുതിയ ചിത്രമായ ഭൂമിയിലെ മനോഹര സ്വകാര്യമെന്ന തന്റെ പുതിയ സിനിമയെക്കുറിച്ച് MToday ഓൺലൈനുമായി സംസാരിച്ചപ്പോൾ..

നായകവേഷത്തിൽ വീണ്ടും എത്തുകയാണ് “ഭൂമിയിലെ മനോഹര സ്വകാര്യം” ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ?
“ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമ ഇന്റർകാസ്റ്റ് ലൗ സ്‌റ്റോറി പറയുന്ന ചിത്രമാണ്.ഒരു ഇന്റൻസ് ഇന്റർകാസ്റ്റ് ലൗ സ്‌റ്റോറി എന്നു വേണമെങ്കിൽ പറയാം. അപ്പോ ആ സിനിമ സംസാരിക്കുന്നത് വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ്.ഈ സിനിമ എഴുതിയ ശാന്തേട്ടൻ ഒരു പാട് നാടകങ്ങൾ എഴുതിയിട്ടുള്ള ആളാണ്. ചിത്രത്തിന്റെ സംവിധായകൻ ഷൈജുവേട്ടനും ശാന്തേട്ടനും തമ്മിൽ ഒരു പാട് വർഷങ്ങളായുള്ള പരിചയമാണ്. ആ സൗഹൃദത്തിൽ നിന്നാണ് ഭൂമിയിലെ മനോഹര സ്വകാര്യമെന്ന ഈ സിനിമ ഉണ്ടാകുന്നത് തന്നെ. ആദ്യമായിട്ടാണ് ശാന്തേട്ടൻസിനിമയുടെ രചന നിർവ്വഹിക്കുന്നത് അതും ആ തിരക്കഥ അത്രയും സ്പെഷ്യൽ ആയതു കൊണ്ടാണ് അത്രയും കാത്തിരുന്ന് ചെയ്യ്തത് എന്ന് ഞാൻ കേട്ടിട്ടുണ്ട്.

അപ്പോൾ അത് പറയുന്ന വിഷയം അത്രയും സീരിയസ് ആയിട്ടുള്ളതാണ്. ഓർമ്മയിൽ ഒരു ശിശിരം എന്ന ചിത്രം റിലീസ് ആയ സമയത്താണ് ഞാൻ ഈ സിനിമയുടെ കഥ കേൾക്കുന്നത്. കഥ കേൾക്കുന്നതിന് മുൻപ് പെട്ടെന്ന് വീണ്ടും നായകനായി അഭിനയിക്കണോ എന്ന കൺഫ്യൂഷനിലായിരുന്നു ഞാൻ. എന്നാൽ സിനിമയുടെ കഥ കേട്ടു കഴിഞ്ഞപ്പോൾ ഈ സിനിമ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അത്രയ്ക്ക് മനോഹരമായതും പ്രാധാന്യവുമുള്ള വിഷയം പറയുന്ന സബ്ജെറ്റ് ആയതു കൊണ്ട് സിനിമ ചെയ്യാൻതീരുമാനിക്കുകയായിരുന്നു.”

 

സിനിമയിൽ എത്തിയിട്ട് പത്ത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ അഭിനേതാവ് എന്ന നിലയിൽ സ്വയം വിലയിരുത്തുന്നത് എങ്ങനെയാണ് ?
‘മലർവാടി ആർട്സ് ക്ലബ്’ മുതൽ ‘ഭൂമിയിലെ മനോഹര സ്വകാര്യം’ വരെ ഞാൻ സിനിമയിൽ എത്തിയിട്ട് പത്ത് വർഷങ്ങൾ പൂർത്തിയാകുന്നു. അപ്പോൾ മലർവാടിയിൽ ഒന്നരമിനുറ്റ് മാത്രമുള്ള സീനിലാണ് ഞാൻ അഭിനയിച്ചത്. ഇത്രയും വർഷത്തിന് ഇടയിൽ സിനിമയിൽ ഹീറോ ആയി അഭിനയിക്കാൻ കഴിഞ്ഞു. ഞാൻ എന്നെ വിലയിരുത്തുന്നത് വളരെ പതുക്കെയാണെങ്കിലും മുകളിലേക്ക് പോകുന്ന ഗ്രാഫ് തന്നെയാണ്.കാരണം അത്രയും ചെറിയ റോളിൽനിന്ന് നായകനായി എത്തുക എന്നതിന് പത്തുവർഷം സമയമെടുത്തു. പക്ഷേ എന്നാലും അത് കരിയർബെയിസ് നോക്കുകയാണെങ്കിൽ ഗ്രോത്ത് തന്നെയാണ്. മലർവാടി മാത്രം ഉണ്ടായതു കൊണ്ട് എനിക്ക് സിനിമയിൽ ഈ സ്ഥാനത്ത് എത്തിനിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ വിനീത് ഏട്ടൻ എനിക്ക് ആ കഥാപാത്രത്തെ തന്നതു കൊണ്ട് മാത്രമാണ് എനിക്ക് ഇന്ന് ഈ സിനിമയിൽ അടക്കം നായകനായി അഭിനയിക്കാൻ കഴിഞ്ഞതു തന്നെ.”

 

സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു?
“സിനിമയിൽ എത്തിയില്ലായിരുന്നുവെങ്കിലും ഞാൻ സിനിമയിൽ എത്തുമായിരുന്നു. കാരണം എനിക്ക് അത്രയും ഇഷ്ട്ടവും ആഗ്രഹവുമായിരുന്നു.വിനീത് ഏട്ടനെ പരിചയപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ ഇപ്പോഴും ഞാൻ തിരിച്ചറിയാൻ പറ്റാത്ത വേഷങ്ങൾ ചെയ്തു കൊണ്ട് ഞാൻ സിനിമയിൽ തന്നെ ഉണ്ടാകുമായിരുന്നു. കാരണം അത്രയ്ക്ക് ഇഷ്ട്ടമാണ് സിനിമ. അത് അല്ലെങ്കിൽ ചിലപ്പോൾ അതിനൊപ്പം തന്നെ ഏതെങ്കിലും സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി കൂടി ചെയ്യുന്നുണ്ടാവും അത്ര മാത്രം.”

 

സിനിമകൾക്കുണ്ടാകുന്ന ജയപരാജയങ്ങളെ എങ്ങനെയാണ് നോക്കികാണുന്നത്?
“ഏത് സിനിമയായാലും തീയറ്ററിൽ ഇറങ്ങുന്നതിന് മുൻപേ ഭയങ്കര പ്രതീക്ഷതന്നെയായിരിക്കും നമുക്ക് സിനിമയെക്കുറിച്ച്.പക്ഷേ സിനിമ റിലീസ് ആയതിന് ശേഷം ആസിനിമ തീയറ്ററിൽ ഒരു പാട് ആളുകൾ കണ്ടിട്ടില്ല എന്നു പറയുമ്പോൾ പ്രത്യേകിച്ച് നായകനായി അഭിനയിക്കുന്ന സിനിമകൾ അങ്ങനെയായാൽ ഒരുപാട് വിഷമം തോന്നിയിട്ടുണ്ട്. അല്ലാത്ത സിനിമകൾക്കും സംഭവിച്ചിട്ടുണ്ട്. പക്ഷേ അത്രയും ദിവസം നമ്മൾ എഫേട്ട് എടുത്തിട്ട് നായകനായി അഭിനയിക്കുമ്പോഴാണ് നമ്മൾ ഒരു സിനിമയ്ക്ക് വേണ്ടി ദിവസവും സമയവും സ്പെന്റ് ചെയ്യുന്നത്. മാത്രമല്ല അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്തു കൂടി അതിനൊപ്പമായിരിക്കും. അപ്പോ അതിറങ്ങി തീയറ്ററിൽ വേണ്ടത്ര വിജയം ഉണ്ടായിട്ടില്ലെന്ന് പറയുമ്പോൾ ഭയങ്കര നിരാശയായിരിക്കും. ഓർമ്മയിൽ ഒരു ശിശിരത്തിന് അങ്ങനെ സംഭവിച്ചപ്പോൾ ശരിക്കും നല്ല നിരാശയിലായിരുന്നു. അതിന് ശേഷം നായകനായി ചെയ്യണോ എന്ന് ചിന്തിച്ച സമയമായിരുന്നു . പക്ഷേ സിനിമ അത്രയ്ക്ക് ആഗ്രഹമായതുകൊണ്ടും സിനിമയല്ലാതെ വേറൊരു ജോലി അറിയാതതുകൊണ്ടും സിനിമ ചെയ്തു കൊണ്ടെയിരിക്കുന്നു. എല്ലാവർക്കും ഇഷ്ട്ടമാകുന്ന നല്ല സിനിമകൾ ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തോടു കൂടി തന്നെ.”

 

ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ചിത്രീകരണ ഓർമ്മകൾ?
“ഭൂമിയിമനോഹര സ്വകാര്യം എന്ന സിനിമയുടെ ചിത്രീകരണ ഓർമ്മകളെക്കുറിച്ച് പറയുകയാണെങ്കിൽ ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കോഴിക്കോടാണ് സിനിമയുടെ ഏറിയ പങ്കും ചിത്രികരിച്ചിരിക്കുന്നത്.പിന്നെ കുറച്ചു ഭാഗം കന്യാകുമാരിയിൽ ചിത്രീകരിച്ചിട്ടുണ്ട്. എന്റെ സ്വദേശം കണ്ണൂരാണ് ;കോഴിക്കോട് എനിക്ക് ഒരു പാട് സുഹൃത്തുക്കൾ ഉണ്ട്. എനിക്ക് അവിടെ അറിയുന്ന ഒരു പാട് കടകൾ ഒക്കെയുണ്ട്. നാട്ടിൽ നിൽക്കുന്ന ഫീല് തന്നെയായിരുന്നു അവിടെ ഷൂട്ട് നടക്കുമ്പോൾ. പിന്നെ ഈ സിനിമയിൽ വർക്ക് ചെയ്ത എല്ലാവരും വളരെ ഫ്രണ്ട്ലിയായിരുന്നു. അതു കൊണ്ട് തന്നെ വളരെ കംഫേട്ടബിൾ ആയി തന്നെ ചെയ്യാൻ പറ്റിഎന്ന് എല്ലാവരും ചെയ്യുന്നത് പോലെ തന്നെ എന്നു പറയാം. അല്ലാതെ എടുത്തു പറയാനുള്ള ഓർമ്മകൾ ഒന്നുമില്ല..”

 

ഭൂമിയിലെ മനോഹര സ്വകാര്യത്തിന് ശേഷം വരാനിരിക്കുന്ന പുതിയ ചിത്രങ്ങൾ?
“വരാനിരിക്കുന്ന റിലീസ് ചിത്രം ഷെയിൻ നിഗം നായകനായെത്തുന്ന ഉല്ലാസമാണ്. പിന്നെ ഉള്ളതൊക്കെ ചിത്രീകരണം ആരംഭിക്കാൻ പോകുന്നതെയുള്ളു..”

 

 

 

You might also like