പ്രമേയം , ആശയം, അവതരണ ശൈലി കൊണ്ടും “കുഞ്ഞിരാമന്റെ കുപ്പായം” വേറിട്ടു നിൽക്കും എന്ന് നൂറുശതമാനം ഉറപ്പ് – സംവിധായകൻ സിദ്ദിഖ് ചേന്ദമംഗലൂർ. #Interview

0

കാലിക കേരളത്തില്‍ സര്‍വ്വ സാധാരണമാണ് ഇപ്പോള്‍ മതം മാറ്റം. ലൗ ജിഹാദ് എന്ന പേരിലും മറ്റുമാണ് മതം മാറ്റം നടക്കുന്നത്. പ്രണയത്തിന് വേണ്ടിയും വിവാഹത്തിന് വേണ്ടിയുമൊക്കെയാണ് പലപ്പോഴും മതം മാറുന്നത്. എന്നാല്‍ അങ്ങനെ മതം മാറിയവര്‍ സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് നിങ്ങള്‍ക്കറിയാമോ…?

മതം മാറുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന “കുഞ്ഞിരാമന്റെ കുപ്പായം” എന്ന ചിത്രം തിയേറ്ററിലേക്ക്. സിദ്ദിഖ് ചേന്ദമംഗലൂർ സംവിധാനം ചെയ്യുന്ന സിനിമ ജൂണ്‍ 21 ന് തിയേറ്ററിലെത്തും. കുഞ്ഞിരാമന്റെ കുപ്പായത്തെ കുറിച്ച് സംവിധായകന്‍ സിദ്ദിഖ് സംസാരിക്കുന്നു.

 

 

 

  • കുഞ്ഞിരാമന്റെ കുപ്പായം പ്രദർശനത്തിന് എത്തുമ്പോൾ സംവിധായകൻ എന്ന നിലയിൽ ഉള്ള പ്രതീക്ഷകൾ ?

ഒരു നല്ല സിനിമ ചെയ്തു പ്രേക്ഷകന്റെ മുന്നിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. ഇന്ത്യയിൽ ഇത്തരം ഒരു സബ്ജെറ്റ് പലരും മതം മാറ്റത്തെക്കുറിച്ചൊക്കെ ചെറിയ ഉപകഥകളായിട്ടെക്കെ അവതരിപ്പിച്ചിട്ടുണ്ടാകാം. പക്ഷേ മതംമാറിയ ഒരു വ്യക്തിയെക്കുറിച്ച് ജീവിതത്തിലും സമുദായത്തിലും അവരുടെ നിത്യനിമിഷങ്ങളിലും ഉണ്ടാകുന്ന സങ്കർഷങ്ങളെ വരച്ചുകാട്ടിയ ചിത്രം ആരും പറഞ്ഞതായിട്ട് അറിയില്ല. അതു കൊണ്ട് തന്നെ വ്യത്യസ്തമായ പ്രമേയം കൊണ്ടും ആശയം കൊണ്ടും അവതരണ ശൈലി കൊണ്ടും ഈ സിനിമ വേറിട്ടു നിൽക്കും എന്ന് നൂറുശതമാനം ഉറപ്പ് പറയുന്നു.

 

 

 

 

  • സിനിമയടക്കമുള്ള കലാപ്രവർത്തനങ്ങളിൽ മത,രാഷ്ട്രീയ സംഘടനകളുടെ ഇടപെടലുകൾ വ്യാപകമായ കാലമാണിപ്പോൾ അത്തരത്തിലുള്ള ഇടപെടലുകളെ എങ്ങനെയാണ് നോക്കികാണുന്നത് ?

മത, രാഷ്ട്രീയ സംഘടനകൾ അവരുടെ ജോലി ചെയ്യട്ടെ ഞാൻ എന്റെ ജോലി ചെയ്യുന്നു. എന്നോട് പറഞ്ഞിരിക്കുന്നത് ദൈവം എന്നിൽ അർപ്പിച്ചത് എന്താണ്! മതം മാറ്റത്തെക്കുറിച്ച് മതങ്ങൾ നൽകുന്ന സന്ദേശം എന്നാണ്.ഇസ്ലാംമതവും ഹിന്ദുമതവും മതപരിവർത്തനത്തെക്കുറിച്ച് അല്ലെങ്കിൽ മതപ്രബോധനത്തെക്കുറിച്ച് കൃത്യമായിട്ട് അതത് മതങ്ങളുടെ മതഗ്രന്ഥങ്ങളിൽ രേഖപെടുത്തപ്പെട്ടിട്ടുണ്ട് കൃത്യമായിട്ടും അതിൽ നിന്നു തന്നെയാണ് ഈ സിനിമ സംസാരിക്കുന്നത്.

 

 

 

  • കുഞ്ഞിരാമന്റെ കുപ്പായം എന്ന സിനിമയിലേക്ക് എത്തപ്പെട്ടത് എങ്ങനെയാണ് ജീവിതത്തിൽ നേരിട്ടറിയുന്ന എന്തെങ്കിലും സംഭവങ്ങൾ ഈ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ടോ?

ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രവുമായി ഇതിന് ബന്ധമുണ്ട് പക്ഷേ അവരുടെ നാടോ,പേരോ അവരെക്കുറിച്ചുള്ള മറ്റൊരു കാര്യവും വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ സിനിമ ആദ്യമായിട്ട് പറയുന്നത് മറ്റൊരു സുഹൃത്ത് മുഖേനയാണ്. ഇന്ന് അദ്ദേഹത്തിന് എഴുപത്തഞ്ച് വയസ്സിന് മുകളിൽ പ്രായമുണ്ട് . അദ്ദേഹത്തിന്റെ കുടുംബം, അദ്ദേഹം മതം മാറിയതിന് ശേഷം ഭാര്യയും മൂന്ന് മക്കളും ആത്മഹത്യചെയ്ത ചരിത്രമുണ്ടായിരുന്നു. തങ്ങൾക്ക് ജീവിച്ച് പോകണമെങ്കിൽ പ്രകൃതി വിരുദ്ധമായ രൂപത്തിലേക്ക് അവർ പോകേണ്ടി വരുമെന്ന ഒരു വിശ്വാസം എപ്പോഴും അവരെ അലട്ടിയിരുന്നു.അവർക്ക് ആശങ്കകൾ ഉണ്ടായിരുന്നു തങ്ങളുടെ ചാരിദാർത്ഥ്യം പണയം വച്ചു കൊണ്ടുള്ള ഒരു ജീവിതവുമായി മുന്നോട്ട് പോകില്ല എന്ന് പറഞ്ഞ് ആ കുടുംബം അവരുടെ ജീവിതം അവസാനിപ്പിക്കുകയാണ് ചെയ്തത്. ഈ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് കുഞ്ഞിരാമന്റെ കുപ്പായ മെന്ന സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.ഒരു കാരണവശാലും ഈ സിനിമയുടെ പിറവിക്ക് പ്രചോദനമായ ആളുടെ പേരോ സ്ഥലമോ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹം അത് ഇഷ്ട്ടപ്പെടുന്നുമില്ല.

 

 

 

  • അവാർഡുകൾ വാരിക്കൂട്ടിയ ഊമക്കുയിൽ പാടുമ്പോൾ എന്ന സിനിമയിൽ നിന്ന് കുഞ്ഞിരാമന്റെ കുപ്പായമെന്ന ചിത്രത്തിലേക്ക് എത്തുമ്പോൾ സംവിധായകൻ എന്ന നിലയിൽ സംഭവിച്ചിട്ടുള്ള പ്രധാനമാറ്റങ്ങൾ എന്തെക്കെയാണ്?

ഓരോ സിനിമയും ഓരോ പാഠങ്ങളാണ്. ആദ്യ സിനിമയായ ഊമക്കുയിൽ പാടുമ്പോൾ ചെയ്യുന്ന സമയത്ത് സിനമ എന്ന ഒരുവൻ ലോകത്തേക്ക് കടന്നു ചെല്ലുമ്പോൾ ഉള്ള ഒരാധിയുണ്ടായിരുന്നു.അതിൽ നിന്ന് അഞ്ചുവർഷത്തെ ഇടവേള ഒരു സ്ക്രിപ്റ്റ് വർക്കിന് വേണ്ടി മാത്രം മാറ്റിവച്ചു എന്നുള്ളതാണ്. ഞാൻ ചെയ്ത ഏറ്റവും വലിയ വിഢിത്തം എന്നത് അത് തന്നെയാണ് എന്നുള്ളതാണ് സിനിമ അറിയുന്ന എന്നെ അറിയുന്ന ആളുകൾ പറയുന്നത്. ഒരു സ്ക്രിപ്റ്റ് വർക്കിന് വേണ്ടി മൂന്നുവർഷത്തോളം അതിനു വേണ്ടിയുള്ള ചർച്ചകളും. ഒരു മാസത്തിൽ ഒരു സീൻ പോലും എഴുതീർക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. ചിലമാസങ്ങളിൽ അഞ്ചും പത്തും സീനുകൾ എഴുതി തീർത്തതുണ്ട്. അന്വേഷണങ്ങൾ ഉണ്ട്.പഠനങ്ങൾ ഉണ്ട് അങ്ങനെ ഒത്തിരിക്കാര്യങ്ങൾ പൂർത്തികരിച്ചതിന് ശേഷമാണ് ഈ സിനിമ പൂർത്തീകരിച്ചത്. അപ്പോൾ ഇതിനിടയിലുള്ള പാഠം കാലത്തിനിടയിൽ ഉള്ള മാറ്റങ്ങൾ തന്നെയാണ്. ഊമക്കുയിൽ ചെയ്യുമ്പോൾ കേരളത്തിൽ ഇറങ്ങിയ രണ്ടാമത്തെ ഡിജിറ്റൽ സിനിമയാണ്.ചാപ്പാകുരിശാണ് ആദ്യ സിനിമ എന്നു വിചാരിക്കുന്നു എന്റെ ഓർമ ശരിയാണെങ്കിൽ. അപ്പോൾ ആ സമയത്ത് വളരെയധികം ആകാംക്ഷയോടെയാണ് ആളുകൾ ഡിജിറ്റൽ സിനിമയെ നോക്കിക്കണ്ടത്. ആഡിജിറ്റൽ യുഗം ഇന്ന് പൂർണ്ണമായിരിക്കുകയാണ്.അപ്പോൾ ഉണ്ടാകുന്ന ടെക്നീഷ്യൻമാരുടെ അറിവുകൾ അവരുടെ അപ്ഡേഷൻസ് എല്ലാം നമ്മൾ ഈ ക്രൂവിൽ നോക്കി കാണേണ്ടതുണ്ട്. നേരത്തെ ക്യാനൽവച്ച് ഷൂട്ട് ചെയ്യുകയും ആരിത്രീ ഒക്കെ ഉപയോഗിച്ച ആളുകൾ ഉണ്ടാകും അപ്പോൾ അവരൊക്കെ എങ്ങനെയാണ് പുതിയ ഡിജിറ്റൽ ക്യാമറയിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെ എങ്ങനെയാണ് ഉൾക്കൊള്ളുന്നത് എന്നതുണ്ട്.ഡിജിറ്റലിൽ നേരിട്ട് ഔട്ട് ഇറക്കുന്ന സിസ്റ്റം തുടങ്ങി പുതിയ കാലത്തിന്റെ എല്ലാമാറ്റങ്ങളെയും ഉൾക്കൊണ്ടു കൊണ്ടാണ് കുഞ്ഞിരാമന്റെ കുപ്പായമെന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഊമക്കുയിൽപാടുമ്പോൾ എന്ന സിനിമയിൽ നിന്ന് കുഞ്ഞിരാമന്റെ കുപ്പായത്തിലേക്ക് എത്തുമ്പോൾ ട്രീറ്റ്മെന്റിൽ തന്നെ ഒരു പാട് വ്യത്യാസം കാണാൻ സാധിക്കും. തികച്ചും വാണിജ്യ പരമായ സിനിമ തന്നെയാണ് കുഞ്ഞിരാമന്റെ കുപ്പായമെന്ന ചിത്രം.

 

 

 

  • വൻ മുതൽ മുടക്കോടെ വരുന്ന ചിത്രങ്ങൾക്കിടയിൽ നിന്ന് കലാമൂല്യമുള്ള സിനിമകൾക്ക് തീയറ്ററുകൾ ലഭ്യമാകാതെ പോകുന്ന അവസ്ഥയുണ്ടോ? പൊതുവേ പറഞ്ഞു കേൾക്കുന്ന പരാതിയാണിത് തങ്കൾക്ക് എന്താണ് അക്കാര്യത്തിൽ പറയാനുള്ളത്?

അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു, ആകാലംമാറപ്പെട്ടുകഴിഞ്ഞു. പ്രേക്ഷകർ അലേർട്ടായി, സോഷ്യൽ മീഡിയയുടെ കടന്നുകയറ്റം നല്ലതും ചീത്തയും വേർതിരിക്കുന്നത് പ്രേക്ഷകരാണ്. പണം എത്ര മുടക്കി എന്നതിന്റെ പേരിൽ സിനിമ കാണാൻ പോകുന്ന കാലഘട്ടം അവസാനിച്ചു. സിനിമ നല്ലതാണെങ്കിൽ ഒറ്റ ദിവസം കൊണ്ട് തന്നെ ജനം അത് സ്വീകരിക്കും അത് അവരുടെ കൈകളിലേക്ക് അതവരുടെ വിരൽ തുമ്പിലേക്ക് സിനിമയെക്കുറിച്ചുള്ള റിവ്യുകളും മറ്റഭിപ്രായങ്ങളും എത്തുന്നൊരു കാലഘട്ടമാണ്.മുടക്കിയ പണത്തിന്റെ അളവ് കോലിലല്ല അവിടെ സിനിമ വിലയിരുത്തപ്പെടുന്നത്. അഞ്ഞൂറ്കോടി മുതൽ മുടക്കിയ സിനിമയാണ് അതുകൊണ്ട് എന്തായാലും കാണണം എന്നു പറയുന്നതും. ആ സിനിമ തുടക്കം മുതൽ അവസാനം വരെ ആകാംക്ഷയിലേക്കും നല്ല ഒരു കഥയിലേക്കുമാണ് പോകുന്നത് എന്ന് പറയുന്നതും തമ്മിൽ ആനയും അണ്ണാൻകൊട്ടനും തമ്മിലുള്ള വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ ഉള്ള സാഹചര്യത്തിൽ തീയറ്ററുകൾ ലഭിക്കാതിരിക്കുന്ന സാഹചര്യം എന്റെ അനുഭവത്തിൽ ഇല്ല. ഊമക്കുയിലിന്റെ സമയത്ത് ഉണ്ടായിരുന്നു അത് ഏഴോ, എട്ടോ തീയറ്ററുകളിൽ മാത്രമായിരുന്നു അന്ന് റിലീസ് ചെയ്തത്. അതു കൊണ്ട് കലാമൂല്യമുള്ള സിനിമകൾ അംഗീകരിക്കുന്നത് യുവാക്കളാണ്. ടീനേജ് പ്രായത്തിലുള്ള ആളുകളാണ് ഇത്തരം സിനിമകളെ പ്രമോട്ട് ചെയ്യുന്നത് തന്നെ.

 

 

 

  • ഇതു വരെ ചെയ്ത സിനിമകളിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണ് കുഞ്ഞിരാമന്റെ കുപ്പായം?

ഇതുവരെചെയ്ത സിനിമകൾ എന്നു പറയുന്നത് രണ്ട് സിനിമകൾ ആണ് ഞാൻ സ്വതന്ത്രമായിട്ട് ചെയ്തത് അത് രണ്ടും രണ്ട് തലങ്ങളാണ് സംസാരിക്കുന്നത്.രണ്ടും രണ്ട് സബ്ജെറ്റാണ് രണ്ടും രണ്ട് ക്യാറ്റഗറിയാണ്. ഊമക്കുയിലിൽ നിന്നും എത്രയോ മടങ്ങ് മുകളിലാണ് കുഞ്ഞിരാമന്റെ കുപ്പായം. കാരണം ഓരോസിനിയും ഓരോ ട്രീറ്റ് മെന്റിലൂടെയാണ് കടന്നു പോകുന്നത്.ഈ സിനിമ ചെയ്തത് മറ്റൊരു രൂപത്തിലുള്ള ട്രീറ്റ്മെന്റായിട്ടാണ്.

 

 

 

  • ഈ ചിത്രത്തിലെ കാസ്റ്റിങ്ങിനെക്കുറിച്ച് വ്യക്തമാക്കാമോ?

മലയാളത്തിലെ മൂന്ന് നാല് അഭിനേതാക്കളുമായിട്ട് അതായത് മുഖ്യധാര സിനിമയിലെ നായകൻമാരുമായി ഈ കഥ സംസാരിച്ചിരുന്നു.സിനിമയെല്ലാം അവർക്ക് ഇഷ്ട്ടപ്പെട്ടു പക്ഷേ സിനിമയിലെ ചില രംഗങ്ങളിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചുള്ള ചർച്ച അതെനിക്ക് ഇഷ്ട്ടപ്പെട്ടില്ല ഞാൻ എഴുതിയ എന്റെ സിനിമ ഞാനും ഹരിപ്രസാദ് വടകരയും എഴുതിയത് എന്റെ സിനിമയാണ് അത് രണ്ടരവർഷത്തെ വിയർപ്പിന്റെ സുഖം തന്നിട്ടുണ്ട്. ആ സിനിമ അവിടെ വെട്ടണം ഇവിടെ മാറ്റണം ഇവിടെ കാസ്റ്റിങ്ങ് ഇതാവണം എന്നു പറയുന്ന ഒരു സ്ഥിരം ശൈലിയിൽ നിന്ന് മാറണം അല്ലെങ്കിൽ ഞാൻ ഉദ്ദേശിക്കുന്ന സിനിമ പുറത്ത് വരില്ല അതുകൊണ്ട് തന്നെ ഈ സിനിമയിൽ അത്തരത്തിൽ നന്നായി ചെയ്യുന്ന ഒരാളെയായിരുന്നു വേണ്ടത്. യുഗപുരുഷൻ എന്ന ചിത്രം പത്തു തവണയാണ് കണ്ടത്.അഭിനയസാധ്യതയിൽ അഭിനയശൈലിയും എല്ലാം ഒത്തിണങ്ങിയ ഒരു കഥാപാത്രമായിരുന്നു തലൈവാസൽ വിജയ് ആ സിനിമയിൽ ചെയ്തത്.മുന്നൂറിന് മുകളിൽ സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച തലയ് വാസൽ വിജയിയോട് തിരക്കഥ വായിച്ച് കഴിഞ്ഞതിന് ശേഷം ഞാൻ അങ്ങോട്ട് ചോദിച്ചൊരു ചോദ്യം താങ്കൾക്ക് എന്തെങ്കിലും നിർദ്ദേശമുണ്ടെങ്കിൽ ഈ സിനിമ താങ്കൾക്ക് അഭിനയിക്കാൻ കഴിയില്ല. ഞാൻ പറഞ്ഞിരിക്കുന്ന സിനിമ ഇങ്ങനെ തന്നെ ഇതെരീതിയിൽ ഷൂട്ട് ചെയ്യും ഇതിന് തയ്യാറുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ഒക്കെ പറഞ്ഞത്. അതു കൊണ്ട് തന്നെ ഞങ്ങൾ എഴുതിയ സിനിമ അതിൽ ഒരുമാറ്റവും വരുത്താതെ ആ സിനിമ അപ്പടി തന്നെ ഷൂട്ട് ചെയ്യപ്പെട്ടു എന്നത് തന്നെയാണ് കുഞ്ഞിരാമന്റെകുപ്പായം കാണാൻ പോകുന്ന വിജയം.

 

 

 

  • സിനിമ തീയറ്ററിൽ എത്തുമ്പോൾ പ്രേക്ഷകരോട് പറയാനുള്ളത്?

കുഞ്ഞിരാമന്റെ കുപ്പായം കാണുമ്പോൾ നിങ്ങൾ ഓരോരുത്തരും ഇതിലെ കഥാപാത്രങ്ങളാവാം. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളായി നിങ്ങൾ തന്നെ മാറും. നിങ്ങൾ ഒരു സിനിമ കാണുന്ന ശൈലിയിൽ കുഞ്ഞിരാമന്റെ കുപ്പായം കാണില്ല. നിങ്ങൾ നിങ്ങളുടെ വീട്ടിൽ നടക്കുന്ന അല്ലെങ്കിൽ സുഹൃത്തിന്റെയേ അയൽവാസിയുടെയോ വീട്ടിൽ നടക്കുന്ന നിങ്ങളുടെ നാട്ടിൽ നടക്കുന്ന ഒരു സംഭവത്തിലേക്കുള്ളയാത്രയാണ് കുഞ്ഞിരാമന്റെ കുപ്പായമെന്ന സിനിമ കാണുമ്പോൾ അനുഭവിക്കുവാനാവുക.സിനിമയിലെ ഓരോരുത്തരും നിങ്ങളായിതന്നെ മാറും അങ്ങനെയാണ് അതിന്റെ ട്രീറ്റ്മെന്റ്. ഒരു കാര്യം വ്യക്തമായി പറയാം സിനിമ തുടങ്ങുന്നത് സിനിമയ്ക്ക് ശേഷമാണ്.

You might also like