മലയാള സിനിമയില്‍ ചരിത്രം കുറിക്കാന്‍ “മാമാങ്കം”, ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തിറങ്ങും..

0

ചരിത്രത്തിനൊപ്പം മമ്മൂട്ടി കൈകോർത്തപ്പോഴെല്ലാം വെള്ളിത്തിരയിൽ വിസ്മയവിജയങ്ങൾ മാത്രമാണ് തെളിഞ്ഞത്. ഒരു വടക്കൻ വീരഗാഥയും പഴശ്ശിരാജയും അടക്കമുള്ള ചിത്രങ്ങളെല്ലാം അടയാളപ്പെടുത്തിയ വിജയത്തിന്റെ അടുത്ത പതിപ്പായി വരുകയാണോ ‘മാമാങ്കം’…? അതിന്റെ ഉത്തരമറിയാൻ ഇനിയും കാത്തിരിക്കണമെങ്കിലും മാമാങ്കത്തിനുവേണ്ടി ഒരുക്കിയ കൂറ്റൻ സെറ്റ് മലയാളസിനിമയിലെ പുതിയ ചരിത്രമാകുമെന്നതിൽ സംശയമില്ല. അണിയറയിലെ അദ്‌ഭുതങ്ങൾ പുറത്തറിയാതിരിക്കാൻ അതീവരഹസ്യമായി ചിത്രീകരിച്ചുകൊണ്ടിരുന്ന മാമാങ്കത്തിന്റെ സെറ്റിലേക്ക് അല്പനേരത്തേക്ക് ക്ഷണം കിട്ടിയപ്പോൾ കണ്ട കാഴ്ചകളെല്ലാം അതിന് അടിവരയിടുന്നതായിരുന്നു. കൂടാതെ ആരാധകർക്ക് സന്തോഷിക്കാൻ ഒരു വാർത്ത കൂടി; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈ ആഴ്ച പുറത്തുവിടുമെന്നാണ് കിട്ടിയ വാർത്ത.

 

 

മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനുവേണ്ടി എറണാകുളത്തെ മരടിലും നെട്ടൂരിലുമായി നിർമിച്ചിട്ടുള്ളത്. സെറ്റ് കാണാൻചെല്ലുമ്പോൾ നാല്പതടിയിലേറെ ഉയരത്തിലുള്ള കൂറ്റൻ കവാടമാണ് വിസ്മയമായി ആദ്യം മുന്നിൽ തെളിയുന്നത്. കവാടം കടന്ന് അകത്തെത്തിയപ്പോൾ മുന്നിൽ തെളിഞ്ഞതെല്ലാം അതിനെക്കാൾ വലിയ അദ്‌ഭുതങ്ങൾ. മരടിൽ എട്ടേക്കർ സ്ഥലത്ത് നിർമിച്ച ഭീമാകാരമായ മാളികയിൽവെച്ചാണ് ചിത്രത്തിലെ നിർണായക രംഗങ്ങളും ഗാനരംഗവും ചിത്രീകരിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികളാണ് നാലുമാസംകൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിർമിച്ചത്. ഇതിന്റെ നിർമാണച്ചെലവ് മാത്രം അഞ്ചുകോടി കടന്നു. മാമാങ്കത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കർ ഭൂമിയിലാണ്.

 

 

 

മോഹന്‍ദാസ് ആണ് മാമാങ്കത്തിന്റെ കലാസംവിധായകന്‍.പത്തുകോടിയിലേറെ രൂപ ചെലവിട്ടാണ് ഇവിടെ പടുകൂറ്റൻ സെറ്റ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തിലേറെ തൊഴിലാളികൾ മൂന്നുമാസംകൊണ്ട് നിർമിച്ച കൂറ്റൻ സെറ്റ് ഇന്ത്യൻ സിനിമാചരിത്രത്തിലെതന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

 

 

 

മാമാങ്കത്തിന്റെ സെറ്റുകൾ നിർമിക്കാനായി പത്ത്‌ ടൺ സ്റ്റീലും രണ്ടായിരം ക്യുബിക് മീറ്റർ തടിയും ഇതിനകം ഉപയോഗിച്ചിട്ടുണ്ട്. 300 വർഷം മുൻപത്തെ കാലഘട്ടം പുനഃസൃഷ്ടിക്കുന്നതിനായി മുള, പനയോല, പുല്ല്, കയർ തുടങ്ങിയവയും ടൺകണക്കിന് ഉപയോഗിച്ചിട്ടുണ്ട്. 40 ദിവസം നീണ്ടുനിൽക്കുന്ന അവസാനപാദ ചിത്രീകരണം പൂർണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലാണ്. ഇതിനായി മാത്രം പ്രതിദിനം 2000 ലിറ്റർ വിളക്കെണ്ണയാണ് ഉപയോഗിക്കുന്നത്. നെട്ടൂരിലെ അവസാനഘട്ട ചിത്രീകരണത്തിൽ 3000 ആളുകൾവരെ പങ്കെടുക്കുന്ന രംഗങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. ഡസൻകണക്കിന് ആനകളും കുതിരകളും അവസാനഘട്ട ചിത്രീകരണത്തിൽ പങ്കെടുക്കും. കണ്ണൂർ, അതിരപ്പിള്ളി, വാഗമൺ, ഒറ്റപ്പാലം വരിക്കാശ്ശേരിമന, കളമശ്ശേരി വനമേഖല എന്നിവിടങ്ങളിലെ ചിത്രീകരണം കഴിഞ്ഞാണ് നെട്ടൂരിൽ അവസാന ഷെഡ്യൂൾ തുടങ്ങിയിരിക്കുന്നത്.

 

 

 

ദേശാഭിമാനത്തിനുവേണ്ടി ജീവൻവെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്ന ചിത്രത്തിൽ അന്നത്തെ കാലഘട്ടം കൃത്യമായി പുനഃസൃഷ്ടിച്ചിട്ടുണ്ട്. കവാടം കടന്നെത്തുമ്പോൾ മുന്നിൽ തെളിഞ്ഞ ചിത്രങ്ങളെല്ലാം അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാമാങ്ക ചന്തയും നിലപാടുതറയും പടനിലവും ഉൾപ്പെട്ടതാണ് സെറ്റ്. ആയുധങ്ങൾ വിൽക്കുന്ന ശാലകളും മൺപാത്രശാലകളും വസ്ത്രശാലകളും ഒക്കെ അടങ്ങിയ വ്യാപാരലോകം എത്ര ഭംഗിയായാണ് ഒരുക്കിയിരിക്കുന്നത്. ഭാരതപ്പുഴയുടെ തീരത്ത്‌ നടന്നിരുന്ന മാമാങ്കമഹോത്സവത്തിൽ അറബി, യവന, ചീന, ആഫ്രിക്കൻ വ്യാപാരികൾവരെ കച്ചവടത്തിനെത്തിയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

 

 

 

മാമാങ്കമഹോത്സവത്തിന്റെ അധ്യക്ഷപദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. അതിൽ അസൂയപൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാരഭൃഷ്ടനാക്കി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്കമഹോത്സവം വള്ളുവനാട്ടിലെ ചാവേറുകളുടെ ചോരപുരണ്ട ഇതിഹാസമായിമാറിയത്. ഈ ചരിത്രത്തോട് നീതിപുലർത്തുന്ന അന്തരീക്ഷത്തിൽതന്നെയാണ് കൂറ്റൻ സെറ്റ് ഒരുക്കിയിരിക്കുന്നത്.

 

 

 

കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസിവ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമിക്കുന്നത്. മലയാളത്തിനുപുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. എം. പത്മകുമാർ സംവിധാനംചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

 

 

 

 

 

 

You might also like