
ഞാന്‍ പ്രകാശന്റെ പ്രത്യേകതകൾ ഇതെല്ലാം ..
സത്യന് അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്നൊരുക്കുന്ന ഫഹദ് ചിത്രമായ ‘ഞാന്‍ പ്രകാശൻ’ അണിയറയിൽ ഒരുങ്ങുന്നു. ഒരു പാട് പ്രത്യേകതയുള്ള ചിത്രമാണിത്. അതില്‍ ഏറ്റവും പ്രധാനം പതിനാറ് വര്‍ഷത്തിന് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സിനിമ ഒരുക്കുന്നു എന്നതു തന്നെ.
മലയാളികളുടെ ഗൃഹാതുരതകളുടെ ഭാഗമായ സത്യന് അന്തിക്കാട്-ശ്രീനിവാസന് കൂട്ടുകെട്ട് ഒരുക്കിയ എല്ലാസിനിമകളും ഹാസ്യവും ആക്ഷേപഹാസ്യവും ഇഴപിരിഞ്ഞ് കിടക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞ ചിത്രങ്ങളായിരുന്നു. മാറിയ കാലത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ കാലത്തിന്റെ കഥയുമായാണ് ഇപ്പോള്‍ ‘ഞാന്‍ പ്രകാശനി’ലൂടെ ഇരുവരും വീണ്ടും എത്തുന്നത്.
സത്യന് അന്തിക്കാടിന്റെ ചലച്ചിത്രജീവിതത്തില്‍ ആദ്യമായിട്ടാകും പേരിട്ടശേഷം ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്. ഇടത്തരക്കാരന്റെ ജീവിത പരിസരത്തു നിന്നും ശ്രീനിവാസനും സത്യന് അന്തിക്കാടും കണ്ടെടുത്ത കഥകളാണ് കഴിഞ്ഞ കാലങ്ങളില്‍ തിയേറ്ററുകള്‍ നിറഞ്ഞ ചിരിയോടെയും ആര്‍ദ്രമായ കണ്ണുനീരോടെയും ഏറ്റെടുത്തത്. പുതിയ ചിത്രവും അങ്ങനെ തന്നെയാണ് ഒരുക്കുന്നത്. ഒരുമിച്ച് ചേര്‍ന്നപ്പോഴെല്ലാം മലയാളിക്ക് എക്കാലവും ഓര്‍ത്ത് ചിരിക്കാനും ചിന്തിക്കാനും ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സത്യന് അന്തിക്കാടും ശ്രീനിവാസനും പുതിയ തലമുറയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ ഫഹദുമായി ചേരുന്നത് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.
ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തിലെ നാട്ടിന്‍പുറത്തുകാരനായ രസികന്‍ നായകനിലൂടെ ഫഹദിന്റെ ന്യുജനറേഷന്, മെട്രാ നായകന് ഇമേജ് പൊളിച്ചെഴുതിയ സത്യന് അന്തിക്കാട് പ്രകാശനിലൂടെ വീണ്ടും ഫഹദിനെ നമ്മുടെ പരിസരത്തുള്ള സാധാരണക്കാരനായി അവതരിപ്പിക്കുകയാണ്. ഫഹദിന് ഹ്യൂമര്‍ വഴങ്ങുമെന്ന് കൃത്യമായി തെളിയിച്ച ചിത്രമായിരുന്നു ഇന്ത്യന്‍ പ്രണയകഥ. ഞാന്‍ പ്രകാശനും ഹ്യൂമര്‍ സ്വഭാവമുള്ളൊരു ചിത്രമായിരിക്കും.
പ്രകാശനായി ഫഹദ്- ബി.എസ്.സി നേഴ്സിങ്ങ് പാസായ മെയില്‍ നേഴ്സാണ് പ്രകാശന്. പഠിച്ച പണിചെയ്യാന്‍ ബുദ്ധിമുട്ടുള്ള ഒരു ചെറുപ്പക്കാരന്. പ്രകാശന്റെ ചേട്ടന് പ്രദീപന് ഒരു പലചരക്കുകട നടത്തുന്നു. അമ്മയും ചേട്ടന്റെ ഭാര്യയുമാണ് വീട്ടിലുള്ളത്. പ്രകാശന് ഒഴിച്ച് വീട്ടിലുള്ളവരെല്ലാം സ്വന്തമായി ജോലി ചെയ്ത് പണം സമ്പാദിക്കുന്നവരാണ്.
അദ്ധ്യാപകനായിരുന്ന അച്യുതന് മാഷാണ് പ്രകാശന്റെ അച്ഛന്. അദ്ദേഹം ജീവിച്ചിരിപ്പില്ല. അച്യുതന് മാഷിന്റെ കാലത്തേ വീട്ടിലൊരു ഗേ്ളാബ് ഉണ്ടായിരുന്നു. ഇത് കയ്യിലെടുത്തു പിടിച്ച് വിദേശരാജ്യങ്ങളെ നോക്കി ആവേശപ്പെടലാണ് പ്രകാശന്റെ പ്രധാനതൊഴില്‍. എങ്ങനെയെങ്കിലും വിദേശത്ത് പോയി ജോലി ചെയ്യണമെന്നാണ് പ്രകാശന്റെ ആഗ്രഹം. വിദേശത്തുപോയി തെണ്ടി ജീവിച്ചാലും അതിലൊരു അന്തസ്സുണ്ടെന്നാണ് ആള് പറയുന്നത്.
നാട്ടിലുള്ളതിനെയെല്ലാം പുച്ഛത്തോടെ കാണുന്ന, വിദേശത്തുപോയി ജീവിക്കണമെന്നാഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ഞാന്‍ പ്രകാശന് എന്ന സിനിമ. സ്വന്തം പേരിനോടു പോലും പുച്ഛമാണയാള്ക്ക്. ഇതുകാരണം പ്രകാശന് എന്ന പേര് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് പി.ആര്.ആകാശ് എന്നാക്കാന്‍ പോലും അയാള്‍ക്കു മടിയില്ലായിരുന്നു. അഭിനയ ജീവിതത്തിലെ മികച്ചൊരു വേഷമാകും പ്രകാശനെന്നാണ് ഫഹദിന്റെ പ്രതീക്ഷ.
ശ്രീനിവാസന്റെ ഗോപാല്‍ജി – ഏറെക്കാലത്തിന് ശേഷം ശ്രീനിവാസന് മുഴുനീള ഹ്യൂമര്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് ഞാന്‍ പ്രകാശന്. പ്രകാശന്റെ അച്ഛന്റെ ശിഷ്യന്റെ വേഷമാണ് ശ്രീനിവാസന്. പേര്: ഗോപാല്‍ജി. ടൗണില്‍ ബിസിനസ്സ് ചെയ്യുന്നയാളാണ് ഗോപാല്‍ജി. വിദേശത്ത് പോകാനുള്ള മോഹവുമായി പ്രകാശന് എത്തുന്നത് ഗോപാല്‍ജിയുടെ അടുത്താണ്. ഫഹദിന്റെ കഥാപാത്രത്തിനോളം പ്രാധാന്യമുള്ളൊരു കഥാപാത്രമാണിത്.
മോഹന്‍ലാല്‍-ശ്രീനിവാസന് കോമ്പിനേഷന്പോലെ ഹ്യൂമറിന്റെ ചരടില്‍കോര്‍ത്ത അഭിനയ മൂഹൂര്‍ത്തങ്ങളിലൂടെ ഫഹദ്-ശ്രീനിവാസന് കോമ്പിനേഷനായിരിക്കും ഞാന്‍ പ്രകാശന്റെ ഹൈലൈറ്റ്. തലമുറ വ്യത്യാസമുണ്ടെങ്കിലും ഫഹദ്-ശ്രീനിവാസന് കോമ്പിനേഷന്‍ ആളുകളെ രസിപ്പിക്കുമെന്ന ഉറച്ച വിശ്വാസമാണ് സംവിധായകന് സത്യന് അന്തിക്കാട് പങ്കുവച്ചത്. നിഖിലാ വിമലാണ് നായിക. സലോമിയെന്നാണ് കഥാപാത്രത്തിന്റെ പേര്. നിഖിലയെക്കൂടാതെ രണ്ടുപുതുമുഖങ്ങളും നായികാ പ്രാധാന്യമുള്ള വേഷങ്ങളിലെത്തും. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ഞാന്‍ പ്രകാശന് നിര്‍മ്മിക്കുന്നത്. എസ്. കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.