നാട്ടിൻ പുറത്തുകാരൻ അഭിനേതാവായ കഥ ; “വേലത്താൻ” വിശേഷങ്ങളുമായി സുരേന്ദ്രൻ മുണ്ടേല.

0

സുരേന്ദ്രൻ മുണ്ടേല എന്ന നാട്ടിൻ പുറത്തുകാരൻ അഭിനേതാവായ കഥ. സെക്രട്ടേറിയേറ്റിൽ ഉദ്യോഗസ്ഥനാണ് ഇപ്പോൾ സുരേന്ദ്രൻ . മികച്ച വേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് അദ്ദേഹം .

 

ആദ്യമായി ഉള്ളിൽ ഒരു നടൻ ഉണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം?

“ഞാൻ പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു നാടകത്തിൽ അഭിനയിക്കുന്നത് സെക്കൻഡ് ഇയർ ബാച്ചിന്റെകൂടെ അഭിനയിക്കാൻ ആളെ കിട്ടാതായപ്പോൾ എനിക്കൊരു അവസരം തന്നു .ആദ്യമായി ഒരു ഒരു സ്കൂൾ വിദ്യാർഥിനിയുടെ വേഷമാണ് സ്റ്റേജിൽ ഞാൻ അവതരിപ്പിച്ചത്.അതുകണ്ട് എന്റെ സുഹൃത്തുക്കളൊക്കെസ്നേഹം കൊണ്ടായിരിക്കാം പറഞ്ഞു കൊള്ളാം നല്ല അഭിനയം .അതെനിക്ക് അഭിനേതാവെന്ന നിലയിൽ വലിയ ആത്മവിശ്വാസമാണ് തന്നത്. സെക്കന്റ് ഈയർ ആയപ്പോൾ എന്റെ നേതൃത്വത്തിലായി നാടകം. അന്ന് അതിന് മികച്ച നടനുള്ള അവാർഡും മികച്ച നാടകത്തിനുള്ള അവാർഡും ലഭിച്ചു”.

 

 

 

സിനിമയിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?

“ഞാൻ മുണ്ടേല എന്ന ഒരു ചെറിയ ഗ്രാമത്തിലാണ് താമസിക്കുന്നത് . അവിടെ എന്റെ കുടുംബക്കാരോ നാട്ടുകാരോ സുഹൃത്തുക്കളോ അങ്ങനെ ആരും തന്നെ സിനിമാ മേഖലയുമായി ബന്ധമുള്ളവരില്ല. എന്റെ ഉള്ളിലെ സിനിമ നടനാകണമെന്നുള്ള മോഹം കൊണ്ട് സിനിമ മേഖലയുമായി ബന്ധമുള്ളവരെ ലൊക്കേഷനുകളിൽ ചെന്നും മറ്റുമായി പരിജയപ്പെടുകയായിരുന്നു. അങ്ങനെ ചില സിനിമകളിൽ മുഖം കാണിക്കുവാനുള്ള അവസരങ്ങൾ ഒത്തു വന്നു. സത്യം പറഞ്ഞാൽ ഇരുപത് വർഷത്തോളമായി ഞാൻ സിനിമയുടെ പുറകെ കൂടിയിട്ട്. ആദ്യമൊക്കെ സിനിമലൊക്കേഷനുകളിലേക്കുള്ള യാത്ര എന്നു പറഞ്ഞാൽ തിരുവനന്തപുരം വരെ മാത്രമായിരുന്നു പിന്നീട് അങ്ങോട്ട് യാത്ര എറണാകുളവും കോഴിക്കോടുമൊക്കെയായി. ആ യാത്രകൾ എല്ലാം തന്നെ സിനിമകളിൽ ചെറിയ ചെറിവേഷങ്ങളിൽ പ്രത്യക്ഷപ്പെടുവാനുള്ള ഭാഗ്യം നൽകി. ചിലതിലെല്ലാം ഡയലോഗ് പോലും ഉണ്ടാവില്ല. എന്നാലും അഭിനയത്തോടുള്ള ഇഷ്ട്ടം കൊണ്ട് വേഷം തേടിയുള്ള യാത്ര തുടരുന്നു. അതു പോലെയുള്ള യാത്ര തന്ന ഭാഗ്യമാണ് “വേലത്താൻ” എന്ന ചിത്രത്തിലേ മികച്ചൊരു വേഷം.

 

 

 

നടൻ എന്ന നിലയിൽ ഇതുവരെയുള്ള നേട്ടങ്ങൾ?

“നടൻ എന്ന നിലയിൽ വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അതായത് അവാർഡുകൾ പോലെയുള്ള അംഗീകാരങ്ങളെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. പിന്നെ നേട്ടങ്ങളായി കാണുന്നത് ചില ചിത്രങ്ങളിൽ അഭിനയിക്കുവാൻ സാധിച്ചു എന്നുള്ളതാണ് . മണിയൻപിള്ള രാജു നിർമ്മിച്ച് അദ്ദേഹത്തിന്റെ മകൻ നായകനായി ആദ്യമായി അഭിനയിച്ച ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രം മഞ്ജുവാര്യർ പ്രധാന വേഷത്തിൽ എത്തിയ കരിങ്കുന്നം സിക്സസ്, ധ്യാൻ ശ്രീനിവാസൻ നായകനായ ഒരേമുഖം, വിനീത് ശ്രീനിവാസന്റെ എബി, ബ്രിട്ടീഷ് ബംഗ്ലാവ്, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളിലെ ചെറുതാണെങ്കിലും അഭിനയിക്കാൻ കഴിഞ്ഞ ചെറിയ വേഷങ്ങളാണ് സിനിമയിൽ എന്റെ നേട്ടം എന്നു പറയുന്നത് .

 

 

 

“വേലത്താൻ” എന്ന സിനിമയെക്കുറിച്ച് അതിലെ കഥാപത്രത്തെക്കുറിച്ച് ?

“കരുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വേലത്താൻ’. ഞാൻ അതിൽ ബുദ്ധിമാന്ദ്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വേലു എന്നാണ് കഥാപാത്രത്തിന്റെ പേര് . എന്റെ അഭിനയ ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ച വേഷമാണ് വേലത്താനിലേത്. എല്ലാവർക്കും ചിത്രം ഇഷ്ട്ടമാകും എന്നു തന്നെയാണ് വിശ്വാസം .ലൂസി എന്ന അഭിനേത്രിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം ജനുവരി മൂന്നിന് പ്രേക്ഷകരിലേക്ക് എത്തുകയാണ് ഏവരും ചിത്രം തീയറ്ററുകളിൽ പോയി തന്നെ കാണമെന്ന് അഭ്യർത്ഥിക്കുകയാണ്.

 

 

അഭിനേതാവ് എന്ന നിലയിൽ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള പിന്തുണ ?

“അഭിനേതാവ് എന്ന നിലയിൽ കുടുംബത്തിൽ നിന്നും യാതൊരു വിധത്തിലുള്ള പിന്തുണയും കിട്ടുന്നില്ല. വീട്ടുകാർക്ക് ആർക്കും തന്നെ സിനിമയുമായി ഞാൻ പോകുന്നതിൽ താൽപര്യമില്ല. അവരെല്ലാം തന്നെ വളരെ സാധാരണക്കാരാണ് എന്നത് തന്നെയാണ് കാരണം. പിന്നെ സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രോത്സാഹിപ്പിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. അവരാണ് നടൻ എന്ന നിലയിൽ എനിക്കുള്ള ശക്തി .

 

 

വേലത്താന് ശേഷം വരാനിരിക്കുന്ന ചിത്രങ്ങൾ?

ജനുവരി 31-ന് റിലീസിന് എത്തുന്ന കുഞ്ഞൻമാരുടെ കഥ പറയുന്ന “പോർക്കളം” എന്ന ചിത്രം. അതിൽ ഒരു വില്ലൻ വേഷമാണ് ചെയ്തിരിക്കുന്നത്. പിന്നെ മമ്മൂക്ക നായകനാകുന്ന “വൺ” എന്ന ചിത്രം എന്നിവയാണ് വേലത്താന് ശേഷം റിലീസിന് എത്താനുള്ളത്.

 

 

You might also like