
ഇക്കൊല്ലം മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ ഏറ്റവുമധികം തിളങ്ങി നില്ക്കുന്ന യുവതാരം ടൊവിനോ തോമസ് ആണ്. മോഹന്‍ലാല്‍ ചിത്രം ‘ലൂസിഫറാണ്’ ടൊവിനോ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് ഈ വര്‍ഷം ആദ്യമെത്തിയത്. പിന്നാലെ പാര്‍വ്വതിയ്ക്കൊപ്പം അഭിനയിച്ച ‘ഉയരെ’ എത്തി. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ ‘വൈറസില്‍’ കോഴിക്കോട് കളക്ടറായിട്ടും ടൊവിനോ അഭിനയിച്ചു.
മൂന്ന് സിനിമകളില്‍ അതിഥി വേഷത്തിന് സമാനമായ കഥാപാത്രമായിരുന്നു കിട്ടിയിരുന്നതെങ്കില്‍ നാലാമതെത്തിയ ചിത്രത്തില്‍ നായകന് ടൊവിനോ ആയിരുന്നു. ‘ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടൂ’ ആണ് ജൂണില്‍ റിലീസിനെത്തിയ ടൊവിനോയുടെ സിനിമ. ഇപ്പോഴിതാ അഞ്ചാമത്തെ സിനിമ തിയറ്ററുകളിലേക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുകയാണ്.
“ലൂക്ക” എന്ന ചിത്രമാണ് ജുണ് 28ന് തിയറ്ററുകളിലേക്ക് എത്തുന്നത്. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂക്ക. അഹാന കൃഷ്ണയാണ് നായിക. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടും ട്രെയിലറുമെല്ലാം ഒരുപോലെ തരംഗമായിരുന്നു. ഒരു റോമാന്റിക് എന്റര്ടെയിനറാണെന്ന സൂചന നല്കി കൊണ്ടാണ് ലൂക്ക എത്തുന്നത്. ടൊവിനോ വേറിട്ട ഗെറ്റപ്പുകളില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഈ വര്‍ഷം റിലീസിനെത്തിയ ടൊവിനോയുടെ എല്ലാ സിനിമകളും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നതില്‍ ലൂക്കയെ കുറിച്ചുള്ള ആകാംഷയും വര്‍ദ്ധിച്ചിരിക്കുകയാണ്. നിധിന് ജോര്‍ജ്, രാജേഷ് ശര്‍മ്മ, വിനീത കോശി, ഷാലു റഹീം എന്നിവരാണ് മറ്റ് താരങ്ങള്‍. സംവിധായകന് അരുണ്‍ ബോസും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.