പ്രേക്ഷക മനം തൊട്ട് “ഇക്രു” ; വിഡിയോ കാണാം.

0

സിനിമ പ്രേമിയായ ഒരു കൂട്ടം ചെറുപ്പക്കാരുടെ ഒരു കൊച്ചു ചിത്രമെന്ന് ‘ഇക്രു’വിനെ വിശേഷിപ്പിക്കാമെങ്കിലും അവതരണത്തിലൂടെയും പെർഫെക്ഷനിലൂടെയും തഴക്കം വന്ന ഒരു സംവിധായകന്റെ മികവ് കാണിച്ചിരിക്കുകയാണ് സംവിധായകൻ സനു വർഗീസ്.

 

അമ്പിളി മാമനെ പിടിച്ചു തരാമെന്ന് പറഞ്ഞ് ചോറു കഴിപ്പിക്കുന്ന ഒരു ബാല്യം അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. അമ്പിളി മാമനെ പിടിക്കുക എന്നത് അസാധ്യമെന്ന് തിരിച്ചറിയുന്ന പ്രായത്തിലൂടെ കടന്നുപോകുന്നവരും പക്ഷെ അതെ പഴമൊഴി പുതു തലമുറയോടും ആവർത്തിക്കാറുണ്ട്. അതുപോലെ എല്ലാ പ്രതിസന്ധികളിലും ദൈവം കൂട്ടിനുണ്ടാവുമെന്ന് പറഞ്ഞ് പഠിപ്പിക്കാത്ത ഒരു ബാല്യവും നമുക്കുണ്ടാവില്ല.. അതിമനോഹരമായ ബാല്യത്തിന്റെ നിഷ്കളങ്കതയിലേക്ക് ഒരിക്കൽ കൂടി പ്രേക്ഷകനെ കൂട്ടികൊണ്ടുപോകുകയാണ് ഇക്രുവെന്ന ഈ ഹ്രസ്വ ചിത്രം.

 

തൊട്ടപ്പൻ, ലോനപ്പന്റെ മാമ്മോദീസ, ഫ്രഞ്ച് വിപ്ലവം തുടങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ മാസ്റ്റർ ഡാവിഞ്ചി സതീഷ് ഇക്രുവായി ചിത്രത്തിൽ ജീവിക്കുകയായിരുന്നു. ഇക്രുവിന്റെ പ്രകടനം പ്രേക്ഷകന്റെ കണ്ണുനിറയ്ക്കുമെന്നതിലും സംശയമില്ല. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ രമേഷ്, ജിത്തു ജോൺസൺ എന്നിവരുടെ പ്രകടനവും ചിത്രത്തിന് കരുത്തുപകർന്നു. മികച്ച ഏതൊരു ചിത്രത്തിന് പിന്നിലും കരുത്തുള്ള ഒരു തിരക്കഥ ഉണ്ടാവണം.

 

ഇക്രുവിന് തിരക്കഥയൊരുക്കി കരുത്ത് പകർന്നതും ചിത്രത്തിൽ ഉടനീളം നിറഞ്ഞു നിന്ന ജിത്തു ജോൺസൺ തന്നെയാണ്. ഇക്രുവിന്റെ മൂഡിന് അനോയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കി ഗോഡ്‌വിൻ ജിയോ സാബു തെളിയിച്ചത് മലയാള സിനിമയ്ക്ക് ഒരു പുതുമുഖത്തെയാണ്. മികച്ച ഛായാഗ്രഹണത്തിലൂടെ അൻവിൻ വർഗീസും, ശബ്‍ദലേഖനത്തിലൂടെ വിഘ്നേഷ് എസും, മിഥുൻ രാജ്, അഞ്ജു കൃഷ്ണൻ എന്നിവരും ഇക്രുവിനെ മികച്ചതാക്കുന്നതിൽ മുന്നിട്ട് നിന്നവരാണ്. ചിത്രസംയോജനത്തിലൂടെ ഇക്രുവിനെ പൂർണതയിൽ എത്തിച്ചത് സംവിധായകൻ സനു വർഗീസ് തന്നെ എന്നതും ഏറെ ശ്രദ്ധേയം.

You might also like