

സോഷ്യൽ മീഡിയയിൽ ചതിക്കപ്പെട്ട യുവാവിന്റെ കഥയുമായി യുവേർസ് ഷെയിംഫുളി എന്ന തമിഴ് ഹ്രസ്വചിത്രം വൈലാവുന്നു. ഒന്നിന്റെയും സത്യവസ്ഥ അറിയാതെ ഷെയർ ചെയ്തുവിടുന്ന ഇന്നത്തെ തലമുറയെ രൂക്ഷമായി വിമർശിക്കുകയാണ് ഈ ഷോർട് ഫിലിമിലൂടെ. സമൂഹമാധ്യമങ്ങൾ മൂര്‍ച്ചയേറിയ ഇരുതലവാൾ ആണെന്ന് പ്രേക്ഷകർക്ക് കാണിച്ചുതരുകയാണ് യുവേർസ് ഷെയിംഫുളി എന്ന തമിഴ് ഹ്രസ്വചിത്രം.ലൈവിൽ വന്ന് തന്റെ വസ്ത്രങ്ങൾ ഊരിയെറിയുന്ന തുടക്കം തന്നെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നു. പെണ്ണിനെ രൂക്ഷമായി വിളിക്കുകയും , ചീത്ത വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്യുന്നതൊക്കെ ഷോർട് ഫിലിമിൽ പറയുന്നുണ്ട്.
യാത്രക്കാരിയായി എത്തുന്ന പെൺകുട്ടിയുടെ വ്യാജപരാതിയെ തുടർന്ന് ജീവിതം നഷ്ടമാകുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രേക്ഷകർക്ക് ചിന്തിക്കാൻ കഴിയാത്ത കഥാഗതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. സൗന്ദര്യ ബാല നന്ദകുമാർ ആണ് പ്രധാനവേഷത്തിൽ എത്തുന്നത്. വിഘ്നേശ് കാർത്തിക്, മാധവി പി.കെ. എന്നിവരാണ് മറ്റുതാരങ്ങള്‍. വിഘ്നേശ് കാർത്തിക് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും.

സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജവാർത്തകളിലൂടെ ജീവിതം നഷ്ടപ്പെടുന്ന സാധാരണക്കാർക്ക് വേണ്ടിയാണ് ഈ ചിത്രം സമർപ്പിക്കുന്നത്. ഇന്നും ഇത്തരം സംഭവങ്ങള്‍ തുടർകഥ ആകുമ്പോൾ യുവേർസ് ഷെയിംഫുളി എന്ന ഹ്രസ്വചിത്രത്തിനു കാലിക പ്രസക്തിയേറുന്നു. സ്വന്തം തെറ്റുകൾ മറച്ചു പിടിച്ചു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും അതിൽ അറിഞ്ഞോ അറിയാതെയോ പെട്ടുപോകുന്ന സോഷ്യൽമീഡിയയിലെ പ്രചാരകൻമാരും അതിന് ഇരയാകുന്ന യുവത്വത്തിന്റെ വിഷമകരമായ അവസ്ഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.